മോഡിയെ പ്രീതിപ്പെടുത്താന്‍ ആര്‍ബിഐ; ബാങ്കുകളും ഇടപാടുകാരും വെട്ടിലായി

Web Desk
Posted on May 02, 2019, 10:46 pm

ബേബി ആലുവ
കൊച്ചി: അധികാരത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ തിരിച്ചുവരവിനു സഹായകമാകും വിധം ബാങ്ക് വായ്പകളുടെ പലിശഭാരം കുറയ്ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം അടുത്ത കാലത്തൊന്നും പ്രാബല്യത്തില്‍ വരില്ലെന്നു സാമ്പത്തിക വിദഗ്ധര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയായിരുന്നു ആര്‍ബിഐയുടെ പക്ഷപാതപരമായ തീരുമാനം.
വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിക്കൊണ്ടുള്ള തീരുമാനമെടുത്തത് ആര്‍ബിഐയുടെ പണ നയ സമിതി (എംപിസി) യാണ്. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മാത്രം മുമ്പെടുത്ത ഈ തീരുമാനം നരേന്ദ്രമോഡി സര്‍ക്കാരിനു പരവതാനി വിരിക്കാന്‍ കരുതിക്കൂട്ടിയുള്ളതായിരുന്നു. പക്ഷേ, പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലിശ ഭാരം കുറയുമെന്നു വിശ്വസിച്ച ഇടപാടുകാര്‍,പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ വെട്ടിലായി. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയില്‍ നിരക്കില്‍ ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പത്തില്‍ താഴെ ബാങ്കുകള്‍ മാത്രമാണ് വായ്പാ നിരക്ക് കുറച്ചത്. ഇപ്പോഴത്തെ ഇളവ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി 0.15 ശതമാനം പോലുമുണ്ടാകാനിടയില്ലെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ആര്‍ബിഐയുടെ ഇളവ് പ്രഖ്യാപനം ഭൂരിപക്ഷം ബാങ്കുകളും അറിഞ്ഞതായി ഭാവിക്കാതിരുന്നിട്ടും, നടപ്പാക്കിയ ബാങ്കുകള്‍ ഇളവിന്റെ തോത് അവര്‍ക്കു തോന്നുംപടി നിജപ്പെടുത്തിയിട്ടും അതിനെതിരെ ഒരു നടപടിയുമില്ലാതിരുന്നത് പ്രഖ്യാപനത്തിലും നടത്തിപ്പിലുമുണ്ടാകുന്ന ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ഇളവ് അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കാത്തതിന്റെ കാരണം നിരക്കു നിര്‍ണയത്തിനു ബാങ്കുകള്‍ സ്വീകരിക്കുന്ന മാനദണ്ഡമാണെന്നു പഴി പറഞ്ഞ് കൈ കഴുകുകയാണ് ആര്‍ബിഐയുടെ രീതി. വായ്പ ആവശ്യത്തിന് ഉപയോഗിക്കാവുന്ന തുകയിന്മേലുള്ള ‘മാര്‍ജിനല്‍ കോസ്റ്റ്’ എന്നു വിളിക്കുന്ന അധികച്ചെലവിനെ അടിസ്ഥാനമാക്കിയാണ് പൊതുവെ പലിശ നിര്‍ണയിക്കുന്നത്. ഈ രീതി യുക്തിസഹജമല്ലെന്ന് പൊതുവെ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഹ്രസ്വകാലവായ്പാ നിരക്കോ ട്രഷറി ബില്‍ നിരക്കോ പോലുള്ള ബാഹ്യ മാനദണ്ഡങ്ങളായിരിക്കണം പലിശ നിര്‍ണയത്തിന് അടിസ്ഥാനമെന്ന് കഴിഞ്ഞ ഡിസംബറില്‍ ബാങ്കുകളോടു നിര്‍ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ഈ നിബന്ധന നടപ്പാകുമെന്നായിരുന്നു ആര്‍ബിഐ അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നിനു മുമ്പ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു പുറപ്പെടുവിക്കുമെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കു ആര്‍ബിഐയുടെ മറുപടി. നടപടികള്‍ നീട്ടാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ഈ അയഞ്ഞ നിലപാട് സഹായകമായി. ഇനി ഏതെങ്കിലും ബാങ്കുകള്‍ പലിശ നിരക്കു കുറയ്ക്കാന്‍ സന്നദ്ധമായാല്‍ത്തന്നെ, പഴയതുപോലെ പരമാവധി സൗജന്യം 0.15 ശതമാനം മാത്രമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിനു മുമ്പായിത്തന്നെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയ്ക്കുക എന്ന തന്ത്രം നടപ്പാക്കുകയും ചെയ്യും.
ഇതിനൊക്കെപ്പുറമെ, ഏടാകൂടങ്ങള്‍ വേറെയുമുണ്ടെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ പക്ഷം. എംപിസി തീരുമാനപ്രകാരം ഹ്രസ്വകാല വായ്പയുടെ ഇളവിനൊപ്പം തന്നെ വായ്പാ നിരക്കു കുറയ്ക്കാന്‍ ഏതെങ്കിലും ബാങ്ക് സന്നദ്ധമായാലും അതിന്റെ ആനുകൂല്യം പുതിയ അപേക്ഷകര്‍ക്കു മാത്രമേ ഉടനടി ലഭിക്കുകയുള്ളു. അല്ലാത്തവര്‍ അവരുടെ വായ്പയുടെ പലിശ പുനര്‍നിര്‍ണയം ചെയ്യുന്ന തീയതി (റീസെറ്റ് ഡേറ്റ്) വരെ കാത്തിരിക്കണം. റീസെറ്റ് ഡേറ്റ് സാധാരണയായി സംഭവിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഉദാഹരണത്തിന് 2019 ജനുവരിയിലാണ് റീസെറ്റ് ഡേറ്റ് എങ്കില്‍ നിരക്കില്‍ ഇളവു ലഭിക്കാന്‍ 2020 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി നടന്ന പലിശഭാരം കുറയ്ക്കല്‍ പ്രഖ്യാപനത്തെ നരേന്ദ്രമോഡി സര്‍ക്കാരിനുള്ള റിസര്‍വ് ബാങ്കിന്റെ പരസ്യ വോട്ടായാണ് ബാങ്കിങ് മേഖലയില്‍ വിലയിരുത്തപ്പെടുന്നത്.