Web Desk

ന്യൂഡല്‍ഹി

April 07, 2021, 10:43 am

പലിശനിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

Janayugom Online

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ റിപ്പോ — റിവേഴ്സ് റിപ്പോ നിരക്കിൽ ആർബിഐ മാറ്റംവരുത്തിയിട്ടില്ല. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. കോവിഡ് കേസുകൾ കൂടുന്നത് ആഭ്യന്തര ഉല്പാദനം കണക്കാക്കുന്നതിൽ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തികവർഷം രാജ്യം 10. 5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

നാല് ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. 3.35 ശതമാനമുള്ള റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരും. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയിട്ടുള്ളത്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോല്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്.

കോവിഡ് കാല പ്രതിസന്ധി ജിഡിപിയിൽ വലിയ തോതിലുള്ള ഇടിവിന് കാരണമായി. പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്നും വായ്പാനയ അവലോകന സമിതി വിലയിരുത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

രാജ്യത്തെ പുതിയ കോവിഡ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്നും പല സംസ്ഥാനങ്ങളും വീണ്ടും അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കുന്നത് സാമ്പത്തിക രം​ഗത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമായേക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

 

ആർടിജിഎസ്, എൻഇഎഫ്‌ടി: ബാങ്കിതര സ്ഥാപനങ്ങൾക്ക് അനുമതി

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്‌ടി) എന്നിവവഴി പണംകൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി. നിലവിൽ ബാങ്കുകൾക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്.

ഇതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റു വാലറ്റുകളിലേയ്ക്കോ പണം കൈമാറാൻകഴിയും.

പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റൽ വാലറ്റിൽനിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണംകൈമാറാനും ഇതോടെ കഴിയും.

പേയ്‌മെ‌ന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലൻസ് പരിധി രണ്ടുലക്ഷമായും ആർബിഐ ഉയർത്തി. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു.

 

eng­lish summary;RBI leaves ripo rate unchanged at 4%
you may also like this video;