Web Desk

മുംബൈ

October 08, 2021, 10:42 pm

ആർബിഐ വായ്പാനയം റിപോ, റിവേഴ്‌സ് റിപോ നിരക്കിൽ മാറ്റമില്ല; ഐഎംപിഎസ് പരിധി ഉയര്‍ത്തി

Janayugom Online

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപോ നിരക്കിലും റിവേഴ്‌സ് റിപോ നിരക്കിലും മാറ്റമില്ല.റിപോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപോ 3.35 ശതമാനവുമാണ്. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. എട്ടാം തവണയാണ് വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്. കോവിഡ് സാഹചര്യത്തില്‍ മന്ദഗതിയിലായ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമാണ് നിരക്കില്‍ മാറ്റം വരുത്താതിരുന്നത്. കൂടാതെ പണപ്പെരുപ്പവും കാരണമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാൽ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പക്ക് ചുമത്തുന്ന പലിശയാണ് റിപോ. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനത്തിന് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ. ഇമീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്)ഇടപാടുകളുടെ പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തി. രാജ്യത്ത് ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. നിലവില്‍ രണ്ടുലക്ഷം രൂപയായിരുന്നു പരിധി. ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും.

പണപ്പെരുപ്പ നിരക്ക് 5.3 ശതമാനം

2022 സാമ്പത്തിക വര്‍ഷത്തിലെ ഉപഭോക്തൃ വില സൂചികാ (സിപിഐ) പണപ്പെരുപ്പ നിരക്കിന്റെ അനുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 5.3 ശതമാനമായി കുറച്ചു. ഓഗസ്റ്റില്‍ 5.7 ശതമാനമായി കണക്കാക്കിയിരുന്ന നിരക്കാണ് കുറച്ചത്. ത്രൈമാസാടിസ്ഥാനത്തില്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ സിപിഐ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. മൂന്ന്, നാല് പാദങ്ങളിലിത് യഥാക്രമം 4.5, 5.8 ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ സിപിഐ പണപ്പെരുപ്പ നിരക്ക് 5.2 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്.

ENGLISH SUMMARY:RBI lend­ing repo and reverse repo rates unchanged; IMPS lim­it raised
You may also like this video