ആര്‍ബിഐ വായ്പാ നിരക്ക് വെട്ടിക്കുറച്ചു

Web Desk
Posted on August 07, 2019, 1:48 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആര്‍ബിഐ വായ്പാ നിരക്ക് 35 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ നാലാംതവണയാണ് വായ്പാ നിരക്കില്‍ കുറവ് വരുത്തുന്നത്. ഫെബ്രുവരി മാസത്തിന് ശേഷം മൂന്ന് തവണ വായ്പാ നിരക്കില്‍ 25 ബെയ്‌സിസ് പോയിന്റ് വീതം ആര്‍ബിഐ വെട്ടികുറച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഉപഭോക്തൃ കമ്പോളത്തില്‍ അനുകൂല ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ പതിനൊന്ന് മാസമായി ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വായ്കളുടെ തോത് ഗണ്യമായി കുറഞ്ഞു. മോട്ടാര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും ഗണ്യമായ കുറവാണുണ്ടായത്. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വായ്പാ വിരതണത്തിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ മാസം തങ്ങളുടെ വില്‍പ്പനയില്‍ 36 ശതമാനം കുറവാണ് ഉണ്ടായതെന്ന് രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായി മാരുതി സുസുക്കി വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ പാദത്തില്‍ 29.8 ശതമാനം കുറവുണ്ടായെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ വ്യക്തമാക്കി.

2018–19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായി പരിമിതപ്പെട്ടിരുന്നു, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദിനംപ്രതി തകരുന്നുവെന്ന സുചനയാണ് ഇതൊക്കെ നല്‍കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.