പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശനിരക്കായ റിപോ നാല് ശതമാനമായി തുടരും. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുള്ള പലിശനിരക്കായ റിവേഴ്സ് റിപോ 3.35 ശതമാനമായും തുടരും.
സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്ന് ആർബിഐ വിലയിരുത്തുന്നു. ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എംപിസി അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തതെന്ന് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
തുടര്‍ച്ചയായി നാലാം തവണയാണ് ധനനയസമിതി പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപോ നിരക്കില്‍ മാറ്റം വരുത്തിയത്. അന്ന് റിപോ നിരക്ക് 115 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചിരുന്നു.
അടുത്ത സാമ്പത്തികവര്‍ഷം 10.5 ശതമാനം ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്ക് പ്രവചിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തി. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ചിത്രം പതിയെ മെച്ചപ്പെട്ടുവരികയാണെന്നും വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ENGLISH SUMMARY: RBI loan review meeting: No change in interest rates
YOU MAY ALSO LIKE THIS VIDEO