Friday
19 Jul 2019

കിട്ടാക്കടങ്ങളുടെ ഗ്രാഫ് മുകളിലേയ്ക്ക് തന്നെ

By: Web Desk | Thursday 17 August 2017 8:30 PM IST


മുംബൈ: രാജ്യത്തിന്റെ കിട്ടാക്കടങ്ങളുടെ കണക്ക് മുകളിലേയ്ക്ക് തന്നെ. 38 ബാങ്കുകളുടെ കിട്ടാക്കടം 8.5 ലക്ഷം കോടിയെന്ന് പുതിയ റിപ്പോര്‍ട്ട്. മൊത്തം ബാങ്ക് വായ്പകളുടെ 11 ശതമാനവും കിട്ടാക്കടം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമാണ് ഇതില്‍ മുഖ്യം. 90 ശതമാനവും കിട്ടാക്കടമായിട്ടുള്ളത് പൊതുമേഖല ബാങ്കുകള്‍ നല്‍കിയ വായ്പകള്‍. പൊതുമേഖല ബാങ്കുകളുടെ അധീനതയിലാണ് രാജ്യത്തെ ബാങ്കിങ് മേഖലയുടെ 70 ശതമാനവും.
സാമ്പത്തികഗതി പ്രതീക്ഷിക്കപ്പെടുന്നതുപോലെ ഉയരുന്നില്ലെങ്കില്‍ കിട്ടാക്കടങ്ങളുടെ വന്‍ കുരുക്കില്‍ രാജ്യത്തെ സാമ്പത്തിക മേഖല അകപ്പെടുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ്. 20 ലക്ഷം കോടിയിലേയ്ക്ക് കിട്ടാക്കടം ഉയര്‍ന്നേക്കുമെന്നാണ് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയുടെ പക്ഷം.
മോഡി സര്‍ക്കാര്‍ കിട്ടാക്കടതോത് കുറയ്ക്കുന്നതിന് എന്‍പിഎ ഓര്‍ഡിനന്‍സും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കിങ് കോഡുമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേന്ദ്രബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്ന ഇത്തരം നടപടികള്‍ പക്ഷെ നിഷ്ഫലമാകുകയാണ്. ഇതിന്റെ ശക്തമായ സൂചനയാണ് കുതിച്ചുയരുന്ന കിട്ടാക്കടങ്ങളുടെ കണക്ക്.

Related News