Web Desk

ന്യൂഡൽഹി:

March 22, 2020, 10:35 pm

കോവിഡ്: പ്രതിസന്ധിയിൽ ആർബിഐയും

Janayugom Online

കൊറോണ ഭീതിയുടെ ഭാഗമായി ഉണ്ടായ രൂപയുടെ മൂല്യച്യതി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നു. ആർബിഐയുടെ കരുതൽ ധനശേഖരം കുത്തനെ ഇടിഞ്ഞതാണ് ഇതിനുള്ള പ്രധാനകാരണം. മാർച്ച് 13ലെ കണക്കുകൾ പ്രകാരം വിദേശ കരുതൽ ശേഖരം 5.35 ബില്യൺ ഡോളർ കുറഞ്ഞ് 481.9 ബില്യൺ ഡോളറായി. 2017 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ ഗണ്യമായി പിൻവലിച്ചതോടെയാണ് കരുതൽ ധനശേഖരത്തിൽ നിന്നും കൂടുതൽ തുക ആർബിഐയ്ക്ക് ചെലവഴിക്കേണ്ടതായി വന്നത്.

കഴിഞ്ഞ 20 ദിവസത്തിനിടെ 10 ബില്യൺ ഡോളറിന്റെ വിദേശ പോർട്ട് ഫോളിയോ നിക്ഷേപങ്ങളാണ് പിൻവലിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടുത്തയാഴ്ച 30,000 കോടി രൂപയുടെ പണലഭ്യത പൊതു വിപണി ഇടപെടലുകളിലൂടെ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ 15,000 കോടി രൂപ വീതമുള്ള രണ്ട് ഘട്ടങ്ങളിലായി 30,000 കോടി രൂപയ്ക്ക് പൊതു വിപണി ഇടപെടല്‍ (ഒഎംഒ) പ്രകാരം സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ആർബിഐ അറിയിച്ചിരുന്നു. മാര്‍ച്ച് 24 നും മാര്‍ച്ച് 30 നും ലേലം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ മാര്‍ക്കറ്റ് സെഗ്മെന്റുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ആർബിഐയുടെ ശ്രമം. കൊറോണ ആശങ്കകൾക്കിടയിലും അടിയന്തര പലിശ നിരക്ക് കുറയ്ക്കൽ ഇല്ലെന്നും വായ്പാനയ കമ്മിറ്റിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കഴിഞ്ഞയാഴ്ച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ലക്ഷം കോടി രൂപയുടെ എൽ‌ടി‌ആർ‌ഒകൾ ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അടുത്ത ധനനയ അവലോകനയോഗം ഏപ്രിൽ മൂന്നിനാണ് നടക്കുക.

ENGLISH SUMMARY: RBI on cri­sis due to corona

YOU MAY ALSO LIKE THIS VIDEO