Web Desk

മുംബൈ

July 25, 2021, 12:36 pm

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി വരുന്നു: പരീക്ഷണം ഉടൻ

Janayugom Online

പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം ഉടൻ ഉണ്ടാകുമെന്ന് റിസർവ് ബാങ്ക്. ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ഒരു വെബിനറിൽ സംസാരിക്കവെ ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ വ്യക്തമാക്കി. ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെർച്വൽ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമീപഭാവിയിൽ ഡിജിറ്റൽ കറൻസി ആരംഭിക്കാൻ കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൊത്ത, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കും. എന്നാൽ, ഇത് നടപ്പിലാക്കുന്നതിന് കാലതാമസമുണ്ട്. ആർബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് എന്നിവ പോലുള്ള സുപ്രധാന നിയമങ്ങളിൽ ഭേദഗതി ആവശ്യമായി വരും.

ഡിജിറ്റൽ കറൻസി മാർക്കറ്റിൽ കൊണ്ടുവരുമ്പോളുള്ള അപകടസാധ്യതകളും നേട്ടങ്ങളും സംബന്ധിച്ച് പഠനങ്ങളും ആവശ്യമാണ്. ഡിജിറ്റൽ കറൻസി നിലവിലുളള കറൻസി നോട്ടുകളിൽ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Eng­lish sum­ma­ry: RBI to into­duce Dig­i­tal currency
You may also like this video: