സഹകരണ ബാങ്കുകളുടെ നിയന്ത്രണം ആർബിഐക്ക്

ഓർഡിനൻസിന് അംഗീകാരം ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധം ബാങ്കുകളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗം
സ്വന്തം ലേഖകൻ

ന്യൂഡൽഹി

Posted on June 24, 2020, 10:49 pm

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കി (ആർബിഐ) ന് കീഴിലാക്കുന്നു. ഇതിനായുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. അർബൻ സഹകരണ സംഘങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ള സഹകരണ ബാങ്കുകൾ എന്നിവയാണ് ആർബിഐയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നത്. ആർബിഐയുടെ നിയന്ത്രണത്തിന് കീഴിലും ചട്ടങ്ങൾക്ക് അനുസൃതമായും മാത്രമേ ഇനി മുതൽ പ്രവർത്തിക്കാനാകൂ.

പൊതുമേഖലാ ബാങ്കുകൾക്കൊപ്പം ഇനിമുതൽ 1482 അർബൻ സഹകരണ ബാങ്കുകളും വിവിധ സംസ്ഥാനങ്ങൾ പരിധിയായി പ്രവർത്തിക്കുന്ന 58 സഹകരണ ബാങ്കുകളും ആർബിഐയുടെ അധികാര പരിധിയിലാകുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി പ്രകാശ്ജാവഡേക്കർ അറിയിച്ചു. രാഷ്ട്രപതി ഒപ്പിട്ട് ഓർഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ ഈ ബാങ്കുകൾ ആർബിഐക്ക് കീഴിലാകുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1482 ബാങ്കുകളിലായി 8.6 കോടി നിക്ഷേപകരാണുള്ളത്. 4.84ലക്ഷംകോടി രൂപ നിക്ഷേപമായുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള ചില ബാങ്കുകളിൽ മുൻ വർഷങ്ങളിൽ കണ്ടെത്തിയ തട്ടിപ്പുകളെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഇത് രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിനെ ഉപയോഗിച്ച് കയ്യടക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇത്തരം സഹകരണ ബാങ്കുകൾ ഇപ്പോൾ റിസർവ് ബാങ്കിന്റെ അനുമതിയോടെ സംസ്ഥാന സഹകരണ രജിസ്ട്രാർമാരുടെ അധികാര പരിധിയിലാണ്.

പുതിയ ഓർഡിനൻസ് നടപ്പിൽ വരുമ്പോൾ പൂർണ്ണാധികാരം റിസർവ് ബാങ്കിലൂടെ കേന്ദ്രത്തിന്റെ കയ്യിലെത്തും. ഫലത്തിൽ ഇത് ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റവുമാകും. കൂടാതെ സഹകരണ ബാങ്കുകളിൽ നിക്ഷേപമായുള്ള 4.84 ലക്ഷം കോടി രൂപയിൽ നിന്നുള്ള ഒരു വിഹിതം നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ആർബിഐയുടെ കരുതൽ
ധനശേഖരത്തിലെത്തുകയും ഇത് കേന്ദ്രസർക്കാരിന് ലഭ്യമാക്കാൻ സാധിക്കുകയും ചെയ്യും. പുതിയ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ സിഇഒമാർ ഉൾപ്പെടെയുള്ള ഉന്നതസ്ഥാനങ്ങളിലെ നിയമനത്തിനും ആർബിഐയുടെ മുൻകൂർ അനുമതിയും അംഗീകാരവും ആവശ്യമായി വരും.

ENGLISH SUMMARY:RBI to reg­u­late co-oper­a­tive banks
You may also like this video