മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്തെെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുമ്പോള്‍ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക.
റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും 20 വാഹനങ്ങൾ വാങ്ങിയത്. അമ്പത് വാഹനങ്ങൾ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളിൽ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും ക്യാമറ, റഡാർ, ഡിസ്‍പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ കൂട്ടിച്ചേർക്കും. ഡിസ്‍പ്ലേയിൽ ആറു ഭാഷകളിൽ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനയ്ക്കായി എംവിഡി ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസപ്പെടുത്തേണ്ട ആവശ്യവുമില്ല.
അഞ്ചുദിവസത്തിനകം ഒരു ഫയലിൽ തീരുമാനമെടുക്കാതെ വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്റേണൽ വിജിലൻസ് സ്ക്വോഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകളിലൂടെ ആറുമാസത്തിനുളളിൽ 11.50 ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറും കെഎസ്ആർടിസി സിഎംഡിയുായ പ്രമോജ് ശങ്കർ പി എസ്, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.