ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരങ്ങളെ കാണാന്‍ വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. 30ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഐപിഎല്ലില്‍ ബംഗളൂരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധകരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. 35,000 പേരെ ഉള്‍ക്കൊള്ളുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് രണ്ട് ലക്ഷത്തിലേറെപ്പേരായിരുന്നു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
വിധാന സൗധയിലെ സ്വീകരണത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കാണ് തുറന്ന ബസിൽ ആർസിബി ടീം പരേഡ് നടത്താൻ പദ്ധതിയിട്ടിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പരേഡ് അനുവദിക്കില്ല എന്നായിരുന്നു ബംഗളൂരു പൊലീസ് ആദ്യം നിലപാട് സ്വീകരിച്ചത്. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർദത്തെ തുടർന്ന് പൊലീസ് വിക്ടറി പരേഡിന് അനുമതി നൽകി. ഇതോടെ വിധാന സൗധയിലേക്കും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും ആരാധകർ ഒഴുകിയെത്തി. പൊലീസിന്റെ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചപ്പോഴേക്കും വലിയ തിക്കും തിരക്കും ഉണ്ടാവുകയും ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കുകയുമായിരുന്നു. പ്രധാന ഗേറ്റുകളായ 12, 13, ക്ലബ്ബ് ഹൗസ് പ്രവേശന കവാടമായ 10 എന്നീ ഗേറ്റുകളിലെല്ലാം ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരുമായ ആരാധകർ തിങ്ങിനിറഞ്ഞു. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷാ സന്നാഹം ഉണ്ടായിരുന്നില്ല. ദുരന്തം നടന്ന സ്ഥലത്തേക്ക് ആൾതിരക്കിനെ തുടർന്ന് ആംബുലൻസുകൾക്ക് എത്താൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനവും വൈകാനിടയാക്കി.
അതിനിടെ ആര്‍സിബി ആരാധകര്‍ ബെലഗാവിയിലും ശിവമോഗയിലും സംഘടിപ്പിച്ച വിജയാഘോഷത്തിനിടെ രണ്ടുപേര്‍ മരിച്ചു. ബെലഗാവിയിലെ റാലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് മരിച്ചത്. ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അഭിനന്ദന്‍ (21) എന്ന യുവാവും മരിച്ചു. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പൊലീസ് ലാത്തി വീശിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.