ആർസിഇപി കരാർ — സമ്പദ്ഘടനയെ ഞെരുക്കത്തിലാക്കും

Web Desk
Posted on November 01, 2019, 10:39 pm

ആസിയൻ കരാറിന് ശേഷം അതിബൃഹത്തായ സ്വതന്ത്രവ്യാപാര കരാറായ മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി കരാർ) രൂപപ്പെടുത്താനുള്ള ചർച്ചകൾ ബാങ്കോങ്കിൽ പുരോഗമിക്കുകയാണ്. ചൈനയടക്കം 15 രാജ്യങ്ങളുമായി ഉണ്ടാക്കാൻ പോകുന്ന ആർസിഇപി കരാറുമായി ഇന്ത്യ മുന്നോട്ട് പോകണമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്താകമാനമുള്ള കർഷക പ്രസ്ഥാനങ്ങളും, വ്യാപാര സംഘടനകളും വൻ എതിർപ്പാണ് ഈ കരാറിനെതിരെ ഉയർത്തുന്നത്. ഇന്ത്യ ഇതുവരെ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ ഒന്നും തന്നെ രാജ്യ താൽപര്യത്തിന് ഗുണകരമായില്ല എന്നും ഇവയെല്ലാം തന്നെ വിരുദ്ധമായി വർത്തിച്ചവയാണെന്നുമാണ് ഈ കരാറിന് എതിരെ ഉയർന്ന് വരുന്ന വാദങ്ങൾ. ആർസിഇപി കരാറിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഒത്ത് തീർപ്പുകൾ ഉണ്ടാക്കാൻ നമ്മൾ കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നും എന്നാൽ അത് കരാർ വേണ്ടെന്ന് വെക്കാനുള്ള കാരണമാകുന്നില്ലെന്നുമാണ് കേ­ന്ദ്രസർക്കാരിന്റെ നിലപാട്. സമ്പദ് വ്യവസ്ഥ തുറന്ന് നൽകുന്ന വേളയിൽ മത്സരക്ഷമമാകുന്നതിന് ഒരു അടിസ്ഥാനമുണ്ടാക്കേണ്ടി വരും എന്ന കാര്യം ഒരു വസ്തുതയാണെന്നും അത് തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ സമ്പദ്ഘടനയെ സഹായിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നത്. ആസിയൻ കരാർ തുടങ്ങി നാം പങ്കാളികളായ സ്വതന്ത്രവ്യാപാര കരാറുകളെല്ലാംതന്നെ നമ്മുടെ കാർഷിക‑വ്യാപാര മേഖലയ്ക്ക് വൻ തകർച്ചയാണ് സംഭാവന ചെയ്തത്.

ഇതിന്റെ പശ്ചാത്തലത്തിൽ ഈ ബ്രഹത്തായ കരാറും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിയ്ക്കും എന്ന ആശങ്കയാണ് കാർഷിക‑വ്യാപാര മേഖലയിലെ സംഘടനകൾ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് പുറമേ ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവയും 10 ആസിയൻ രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു സംയോജിത വിപണി രൂപീകരിക്കാനാണ് ആർസിഇപി കരാർ ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട കരാർ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാര കരാർ ആയിരിക്കും. ലോക ജനസംഖ്യയുടെ 45 ശതമാനം, ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 25 ശതമാനം, ആഗോള വ്യാപാരത്തിന്റെ 26 ശതമാനം തുടങ്ങി വളരെ വലിയ വ്യാപ്തിയുള്ള വിഷയങ്ങളാണ് ആർസിഇപി കരാറിന്റെ പരിധിയിൽ വരുന്നത്. ഇറക്കുമതി ചുങ്കവുമായി ബന്ധപ്പെട്ട വലിയ മാറ്റങ്ങൾക്കാണ് ഈ കരാർ വഴിവെക്കുക. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകവുമാണ് എന്നതാണ് ഈ കരാറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സാമ്പത്തിക — സാങ്കേതിക സഹകരണം, ബൗ­­ദ്ധിക സ്വത്തകവകാശം, തർക്കപരിഹാരം, വിദേശനിക്ഷേപം, തിരുവരഹിത ഇറക്കുമതി എന്നിവയാണ് ഈ കരാറിലെ മുഖ്യഘടകങ്ങൾ. ഇറക്കുമതിതിരുവയുമായി ബന്ധപ്പെട്ട ഉപാധികൾ് നമ്മുടെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. ആഗോള മാനുഫാക്ച്ചറിങ്ങ് വിതരണ ശ്യംഖലയിൽ ഉൾകൊള്ളാൻ ഈ കരാറിൽ ഇന്ത്യ ഭാഗമാകണമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

അടുത്ത അഞ്ചു വർഷത്തിനുള്ള നമ്മുടെ രാജ്യത്തെ മാനുഫാക്ച്ചറിങ്ങ് സെക്ടറിന്റെ പങ്ക് ജിഡിപിയുടെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഈ കാലയളവിൽ ജിഡിപി ഇരട്ടിയാക്കണം എന്ന് മാത്രവുമല്ല കയറ്റുമതി സാദ്ധ്യതകൾ വൻതോതിൽ വർദ്ധിപ്പിക്കേണ്ടതും ഉണ്ട്. ഇതിനായി ആഗോള മാനുഫാക്ചിറിങ്ങ് ശൃംഖലയിൽ നമ്മുടെ രാജ്യം അംഗമായെ മതിയാകൂ. ചൈനയിലെ മാനുഫാക്ചറിങ്ങ് ചെലവ് വർദ്ധിച്ച് വരികയാണ്. അത് കൊണ്ടുതന്നെ പ്രധാന മാനുഫാക്ച്ചറിങ്ങ് യൂണിറ്റുകൾ എല്ലാംതന്നെ മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് പുനഃസ്ഥാപിയ്ക്കപ്പെടുകയാണ്. ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആർസിഇപിയെ അനുകൂലിക്കുന്നവരുടെ വാദം. ആർസിഇപി കരാറിൽ ഇന്ത്യ പങ്കാളിയാകുന്നതിനെതിരെ ഓട്ടോമൊബൈൽ, സ്റ്റീൽ, കോപ്പർ, ടെക്സ്റ്റൈൽ, ഡയറി തുടങ്ങിയ വ്യവസായ മേഖലകളിൽ നിന്നും വൻ പ്രതിഷേധം ഉയരുകയാണ്, പ്രത്യേകിച്ച് ഇറക്കുമതി ടെക്സ്റ്റൈൽ മേഖലകളിൽ നിന്നും. ഇറക്കുമതി രംഗത്ത് ഈ കരാർ വൻ മത്സരം ഉണ്ടാക്കുമെന്നും ഇത് ആഭ്യന്തര വ്യവസായത്തെ ദോഷമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം. നമ്മുടെ രാജ്യം ഇന്നത്തെ സാഹചര്യത്തിൽ വലിയ വ്യാപാര കമ്മിയാണ് നേരിടുന്നത്. ചൈനയുമായുള്ള വ്യാപാരം പരിശോധിച്ചാൽ 95.54 ബില്യൺ ഡോളറിന്റെ കച്ചവടമാണ് 2018 ൽ നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്നതാണിത്.

എന്നാൽ ചൈനയുമായി ഇന്ത്യയ്ക്കു ഉണ്ടാകേണ്ടതായ വ്യാപാരത്തിലെ കുറവ് ഈ വർഷത്തിൽ 57.86 ബില്ല്യൺ ഡോളർ ആണ്. ഇതു ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മിയുടെ മൂന്നിൽ ഒന്നാണിത്. കൂടാതെ ആർസിഇപി രാഷ്ട്രങ്ങളുമായുള്ള വ്യാപാരം പരിശോധിച്ചാൽ നിലവിൽ ഉണ്ടാകുന്ന വ്യാപാര കമ്മി 105 ബില്ല്യൺ ഡോളർ ആയിരിക്കുമെന്ന് ഏകദേശം കണക്കാക്കിയിരിക്കുന്നത്. സ്വതന്ത്ര വ്യാപാര കരാറുകൾ മുഖേന 2018‑ൽ മാത്രം ഇന്ത്യക്ക് ഉണ്ടായ റവന്യൂ നഷ്ടം 5.3 ട്രില്യൺ ഡോളറാണ്. ആസിയാൻ രാജ്യങ്ങളായ ജപ്പാൻ, സൗത്ത് കൊറിയ നമ്മുടെ രാജ്യത്തേക്ക് നടത്താനിരിയ്ക്കുന്ന വൻതോതിലുള്ള കയറ്റുമതി നമ്മുടെ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ദോഷകരമായ വിധത്തിൽ ബാധിക്കാനിടവരുത്തും എന്നതാണ് ഈ രംഗത്തെ വ്യാപാര കേ­ന്ദ്രങ്ങൾ ആശങ്കപ്പെടുന്നത്. തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ, രത്നങ്ങളും കുടകളും, ധാതുവിഭാഗങ്ങളുമാണ് നാം കയറ്റുമതി നടത്തുന്നത്. ചൈന കയറ്റുമതി നടത്തുന്നത് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ഓർഗാനിക് കെമിക്കൽസ്, വളം എന്നിവയാണ്. കോളണികാലം മുതൽ നാം അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുമ്പോൾ ചൈന സംസ്കരണം ചെയ്തും, പണി തീർന്നതുമായ ഉൽപന്നങ്ങളാണ് ഇവിടെയ്ക്ക് കയറ്റുമതി നടത്തുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ പോലും വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോമൊബൈൽ ഭാഗങ്ങളും, ഔഷധങ്ങളും പലവിധ കാരണങ്ങൾ പറഞ്ഞ് ചെനയിൽ വിൽപ്പന നിഷേധിക്കുകയാണ്. ചൈനയും ആസ്ട്രേലിയയും കരാർ ഉണ്ടാക്കുമ്പോൾ ഇറക്കുമതി ചുങ്കം വെട്ടികുറയ്ക്കാൻ വൻ സമ്മർദ്ദം ചെലുത്തിവരികയാണ്.

പ്രത്യേകിച്ച് ടെക്സ്റ്റെൽ മേഖലയിൽ. പൊതുവിൽ ഈ കരാറിൽ 74–80 ശതമാനം കച്ചവട സാധനങ്ങളുടെ ഇറക്കുമതി ചുങ്കത്തിൽ കുറവു വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും ഉള്ള ആശയക്കാരാണ് അംഗ രാഷ്ട്രങ്ങളെല്ലാം തന്നെ. ഇവരെല്ലാം തന്നെ പ്രതീക്ഷിക്കുന്ന ഇറക്കുമതി ചുങ്കത്തിലെ ഇളവ് മൂന്ന് ട്രില്യൺ ഡോളറിന്റേതാണ്. ഇറക്കുമതി നിക്ഷേപ കുറയുന്നതും ഇന്ത്യയുടെ ഉദ്പാദന മേഖലയെ ദോഷകരമായി ബാധിക്കും എന്ന് മാത്രവുമല്ല. ആഭ്യന്തര ഉൽപ്പാദനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടാതെ ടെക്സ്റ്റൈൽ, തുണിത്തരങ്ങൾ തുടങ്ങിയ പ്രധാനവ്യവസായ മേഖലയ്ക്ക് വലിയതോതിലുള്ള ഇറക്കുമതി മത്സരം നേരിടേണ്ടി വരുമെന്നും ഇതെല്ലാം ശരിവക്കുന്നതാണ് സ്വാതന്ത്രവ്യാപാര കരാറുമായി ബന്ധപ്പെട്ട നമ്മുടെ മുൻ അനുഭവങ്ങൾ. സ്വാതന്ത്യ്രവ്യാപാര കരാറുമായി മുന്നോട്ട് പോകുമ്പോൾ നമ്മുടെ വ്യാപാരകമ്മി ഗണ്യമായ തോതിൽ വർദ്ധിക്കുമെന്നതാണ് മുൻ വർഷങ്ങളിലെ അനുഭവങ്ങൾ. വൻ തോതിലുള്ള ഇറക്കുമതി നമ്മുടെ ഉൽപ്പന്നങ്ങളുടെ വിലയില്ലാതാകും എന്നതാണ് യാഥാർത്ഥ്യം. ആസിയൻ രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാര കമ്മി വർദ്ധിക്കുന്നതിനാൽ ഈ വ്യാപാര കരാർ പുന: പരിശോധിക്കണമെന്ന് അംഗരാഷ്ട്രങ്ങളോട് ഇന്ത്യ അടുത്തിടെ ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യ‑ആസിയൻ സ്വതന്ത്രകരാർ ഉണ്ടായതിന് ശേഷം ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മിയിൽ നാലിരട്ടി വർദ്ധനവ് ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ആർസിഇപി കരാറിന് അനുകൂലമായുള്ളവർ വാദിക്കുന്നത് യന്ത്രങ്ങളും, യന്ത്രഭാഗങ്ങളും ചെ­റിയവിലക്ക് ഇറക്കുമതി നടത്തുമ്പോൾ പ്രാദേശിക വ്യവസായങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അത് കൂടുതൽ മത്സരക്ഷമമാകുമെന്നും ആണ്.

കൂടാതെ അംഗരാഷ്ട്രങ്ങൾ നമ്മുടെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കത്തിൽ വരുത്തുന്ന കുറവ് നമ്മുടെ ഉൽപ്പന്നങ്ങൾക്ക് ആ രാജ്യങ്ങളിൽ വലിയ വിപണി തുറന്ന് കിട്ടും എന്നുള്ളതാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷയ്ക്ക് വിപരീതമായ അനുഭവങ്ങളാണ് മുൻ കാലങ്ങളിൽ നമുക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. 2017,2018 വർഷങ്ങളിലൊഴികെ ഈ മേഖലയുടെ വളർച്ച പൂജ്യവും, അതിന് താഴെയും ആയിരുവെന്നതാണ് വസ്തുത. ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ ഇന്നത്തെ അവസ്ഥ വിവിധങ്ങളായ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലാണ്. ഇന്ത്യൻ കാർഷിക മേഖലയിലെ കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും, കൃഷിനാശവും കാലാവസ്ഥയിലെ പ്രതികൂലാവസ്ഥമൂലവും ഇന്ത്യൻ കർഷകർ വൻതിരിച്ചടികൾ നേരിട്ടു വരികയാണ്. രാജ്യത്താകമാനം കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളാണ്. ശ്രീലങ്കയിൽ നിന്നും ഏലവും കുരുമുളകും, വിയറ്റനാമിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും റബ്ബറും, ഫിലിപൈൻസിൽ നിന്നും, ഇന്തോനേഷ്യയിൽ നിന്നും നാളികേരവും കുറഞ്ഞ വിലയിൽ ഇറക്കുമതി നടത്തുമ്പോൾ നമ്മൾ ഉൽപ്പാദിപ്പിക്കുന്ന ഇത്തരം കാർഷികോൽപ്പന്നങ്ങൾ വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാകും. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായ ഇന്ത്യയിലെ ക്ഷീരമേഖലയുടെ ആസ്തി 10, 000 കോടി ഡോളറാണ്.

രാജ്യത്തെ മൊത്ത പാലുൽപ്പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത് സാധാരണ കർഷകരാണ്. ആർസിഇപി യാഥാർത്ഥ്യമാകുന്നതോടെ ന്യൂസിലാന്റ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്കും പാൽ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്താനാകും. ഇതോടെ ഇവിടത്തെ സാധാരണ ക്ഷീരകർഷകർ തുടച്ച് നീക്കപ്പെടുകയും ഇത് വഴി 600 ദശലക്ഷം കുടുംബങ്ങളുടെ ജീവനോപാധിയാണ് നഷ്ടപ്പെടുന്നതിലേക്കാണ് എത്തിചേരുക. ഇ കോമേഴ്സും അതിന്റെ വസ്തുതവിവരങ്ങളും അതാത് രാജ്യങ്ങൾ തന്നെ സൂക്ഷിക്കണമെന്നും, ഒരു ഇനത്തിന്റെ ഇറക്കുമതി ക്രമാതിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കാനുള്ള ഓട്ടോ ട്രിഗർ സംവിധാനം ഏർപ്പെടുത്തണമെന്നും, തീരുവ നിർണ്ണയത്തിന്റെ അടിസ്ഥാന വർഷം 2019 ആക്കണമെന്നും, ഒരു രാജ്യത്തിലെ ഒരു ഇനത്തിനുള്ള കുറഞ്ഞ തീരുവ നിരക്ക് തന്നെ മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്ന നിബന്ധന പാടില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ നിശ്ചിത ശതമാനം മൂല്യവർദ്ധനവ് വരുത്തിയിരിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് മന്ത്രിതല ചർച്ചകളിൽ ഇന്ത്യ മുന്നോട്ട് വെക്കുന്ന ഉപാധികൾ. കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കത്തിൽ ആർസിഇപി കരാർ ഉണ്ടാക്കുന്ന വൻകുറവ് ഈ കാർഷിക മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നു മാത്രവുമല്ല കാർഷിക ഉപജീവനമാർഗ്ഗങ്ങളുടെ തകർച്ചക്ക് കാരണമാകും. കാർഷിക‑ഉൽപ്പാദന മേഖലകൾ ശക്തവും കാര്യക്ഷമമാകാത്തിടത്തോളം കാലം സ്വതന്ത്രവ്യാപാര കരാറുകളിലെ നമ്മുടെ രാജ്യത്തിന്റെ പങ്കാളിത്തം സമ്പദ് വ്യവസ്ഥക്ക് പ്രതികൂലമാകും.

നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മുമ്പ് ഉണ്ടാക്കിയിട്ടുള്ള രാജ്യാന്തര സ്വതന്ത്ര കരാറുകൾ മുഖേന ഉണ്ടായ ദുരനുഭവങ്ങൾ ഇപ്പോൾ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആർസിഇപി കരാർമൂലം കൃഷി, വിവിധ വ്യവസായ മേഖലകൾ എന്നിവയുണ്ടാകുന്ന ആഘാതം തൊഴിൽനഷ്ടത്തിനും, സമ്പത്ത് ഘടനയുടെ തകർച്ചക്കും ഇടയാക്കും. ഇക്കാര്യത്തിൽ കോർപ്പറേറ്റ് താലപര്യങ്ങൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കേന്ദ്രസർക്കാരിന് കഴിയണം. രാജ്യതാൽപര്യങ്ങൾ സംരക്ഷിച്ച് കൊണ്ട്മാത്രമെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കരാറുമായി സഹവർത്തിയ്ക്കാവൂ.