Wednesday
13 Nov 2019

ആര്‍സിഇപി കരാര്‍ ക്ഷീര കര്‍ഷകന്‍റെ നട്ടെല്ലൊടിക്കും: കൃഷിമന്ത്രി

By: Web Desk | Tuesday 6 August 2019 8:07 PM IST


V S Sunilkumar

തൃശൂര്‍: ആര്‍സിഇപി കരാര്‍ ക്ഷീരകര്‍ഷകന്‍റെ നട്ടെല്ലൊടിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. ക്ഷീര കര്‍ഷകരെ മുഴുവന്‍ പട്ടിണിയിലാക്കുന്ന ആര്‍സിഇപി കരാറുമായി കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടു പോവുകയാണ്. പാല്‍ വിപണന മേഖലയില്‍ സര്‍ക്കാരിനും സഹകരണ മേഖലക്കും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന നിലവിലെ അവസ്ഥക്ക് ആര്‍സിഇപി എന്ന സ്വതന്ത്ര വ്യാപാര കരാര്‍ തടസ്സമാകും.

കുറഞ്ഞ ഉല്പാദനചെലവും കൂടുതല്‍ ഉത്പാദന ക്ഷമതയുമുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന ഉല്പന്നങ്ങളുമായി ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് മത്സരിക്കാനാകില്ല. മറ്റ് ദേശങ്ങളിലെ പാലിനും അനുബന്ധ ഉല്‍പങ്ങള്‍ക്കും തുറന്ന വിപണിയായി നമ്മുടെ രാജ്യം മാറും. നാട്ടിലെ പാലുല്പന്നങ്ങള്‍ക്കു വേണ്ട മതിപ്പില്ലാതെയാകും. ഉത്പാദന ചെലവ് കൂടുതലുള്ള കേരളത്തിലെ കര്‍ഷകരെ കരാര്‍ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ക്ഷീരകര്‍ഷക മേഖലയെ പ്രധാനമായും മുന്നില്‍ക്കണ്ട് കരാറിന്റെ വ്യവസ്ഥകള്‍ക്ക് ഇരയാകേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷകരെ സംരക്ഷിക്കുന്ന നയങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. ഉല്‍പാദന ചിലവ് കൂടുന്നതനുസരിച്ചു പാലിന് ന്യായമായ വില ഓരോ ക്ഷീര കര്‍ഷകനും ലഭ്യമാക്കണം. കാര്‍ഷിക മേഖലക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ക്ഷീര മേഖലക്കും കൂടി ലഭ്യമാകുന്ന അവസ്ഥയുണ്ടാകണം. ക്ഷീരസംഘങ്ങളാണ് പാലുല്പാദന മേഖലയുടെ ആത്മാവ്. ചെറിയ ക്ഷീര സംഘങ്ങളില്‍ നിന്നും വൈവിധ്യമായ പാലുല്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയണം. അതിന് വിപണി കണ്ടെത്താന്‍ കഴിയണം. ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാള ബ്ലോക്ക്പഞ്ചായത്ത് ക്ഷീര വികസന വകുപ്പ് കല്ലേറ്റുംകര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രൊഫ. കെ യു അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ക്ഷീരകര്‍ഷക രംഗത്തു മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ഷകരെ ആദരിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ബ്ലോക്കില്‍ കൂടുതല്‍ പാലളന്ന ക്ഷീരകര്‍ഷകര്‍ക്ക് പുരസ്‌കാരം വിതരണം നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് മികച്ച പട്ടികജാതി വിഭാഗത്തിലെ കര്‍ഷകനെ ആദരിച്ചു.

You May Also Like This:

Related News