കേന്ദ്രപദ്ധതിയുടെ പേരുമാറ്റം ഗര്‍ഭിണിമാരെ വലച്ചു

Web Desk
Posted on June 27, 2019, 1:08 pm

ന്യൂഡല്‍ഹി : ഗര്‍ഭിണിമാരെ വലച്ച് കേന്ദ്രപദ്ധതിയുടെ പേരുമാറ്റം.
ധനസഹായം നല്‍കിയിരുന്ന പദ്ധതിയുടെ പേര് മാറ്റിയതോടെ അരലക്ഷം ഗര്‍ഭിണിമാര്‍ പദ്ധതിക്ക് പുറത്തായി. 2010ല്‍ യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട ‘ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന’ എന്ന പദ്ധതിയുടെ പേരിനാണിപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.

‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ എന്നാണ് പദ്ധതിയുടെ പുതിയ പേര്.
2014 മുതല്‍ 2016 വരെ പദ്ധതിക്കായി അപേക്ഷിച്ചവരാണ് മാനദണ്ഡങ്ങള്‍ മാറിയതോടെ പുറത്തായത്. രാജ്യത്തെ 53 ജില്ലകളില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പാലക്കാട് ജില്ലമാത്രമാണുള്ളത്.
പോസ്റ്റ് ഓഫിസ് വഴി നല്‍കിയിരുന്ന ധനസഹായ വിതരണം ബാങ്ക് അക്കൗണ്ട് വഴി മാത്രമാക്കിയ വിവരം അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഇതോടെ അപേക്ഷകരായ 57,956 പേര്‍ക്ക് തുക ലഭിച്ചില്ല. 6000 രൂപയുടെ ധനസഹായമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്.

ബിജെപി അധികാരത്തില്‍ വന്നതോടെ പദ്ധതിയുടെ പേര് മാറ്റുകയും ആനുകൂല്യം 2016 ഏപ്രില്‍ ഒന്നിനു ശേഷം ഗര്‍ഭിണികളായവര്‍ക്കു മാത്രമായി നിജപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും മാധ്യമവാര്‍ത്തയാവുകയും ചെയ്തിട്ടും നടപടി നീളുകയാണ്.