October 4, 2023 Wednesday

Related news

February 17, 2023
February 6, 2023
February 3, 2023
February 3, 2023
February 2, 2023
February 2, 2023
February 2, 2023
February 1, 2023
February 1, 2023
February 1, 2023

മൂലധന- സമ്പന്നര്‍ക്ക് വീണ്ടും തലോടല്‍ ; യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ്

പുളിക്കല്‍ സനില്‍രാഘവന്‍
February 1, 2022 4:49 pm

രാജ്യത്തെകോടിക്കണക്കിന് വരുന്ന സാധാരണക്കാരനെ തികച്ചും നിരാശരാക്കിയ ഒരു ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരമാന്‍ സഭയില്‍ അവതരിപ്പിച്ചത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും കൊട്ടിഘോഷിച്ച ജനപ്രിയ പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചില്ല. രാജ്യം കോവിഡ് എന്ന മാഹാമാരിയില്‍ അമര്‍ന്ന ഒന്നും, രണ്ടും ഘട്ടം കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ചേര്‍ത്തു പിടിക്കേണം, എന്നാലീ ബജറ്റില്‍  ജനപ്രിയ പദ്ധതികളൊന്നും കണ്ടില്ലെന്നു മാത്രമല്ല ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖല ഉണര്‍ത്തുന്ന വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ബജറ്റാണ് നിര്‍മ്മല അവതരിപ്പിച്ചത്. ഈ മഹാമാരിക്കാലത്ത് കൃത്യതയില്ലാത്ത ബജറ്റ് എന്നതുമാത്രമല്ല വന്‍സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്നും നികുതി ചുമത്താന്‍ പോലും തയ്യാറായില്ല. കോര്‍പ്പറേറ്റുകളേയും, മൂലധന ശക്തികളേയും കലവറയില്ലാതെ സഹായിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ നയമാണ് ബജറ്റിലൂടെ നമുക്ക് കാണുവാന്‍ കഴിയുന്നത്, ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാത്ത നിരാശാജനകമായ ബജറ്റാണിതെന്നും വിമർശനമുയരുന്നു. ആദായ നികുതി ഘടനയില്‍ കാര്യമായ മാറ്റം നിര്‍ദേശിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും. അതേസമയം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട്‌‌ വർഷം സമയം അനുവദിച്ചിട്ടുണ്ട്‌. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും. എന്നാൽ കോർപ്പറേറ്റുകൾക്കുള്ള സർചാർജ്‌ 7 ശതമാന്മാക്കി കുറയ്‌ക്കുയാണ്‌ ചെയ്‌തത്‌. എയർ ഇന്ത്യ വിൽപനക്ക്‌ പുറമെ എൽഐസി സ്വകാര്യ വത്കരണത്തെ കുറിച്ചും ധനമന്ത്രി സൂചന നൽകി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടക്കും.

നിലവില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 5 മുതൽ 10 ശതമാനം ഓഹരികളാകും ആദ്യഘട്ടത്തിൽ വിറ്റഴിക്കുക. ജിഎസ്‌ടി വരുമാനത്തിൽ വൻ വർദ്ധനയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ മാത്രം 12 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ ഗ്രാമീണ മേഖലയ്‌ക്കും കാർഷിക മേഖലയ്‌ക്കും നാമമാത്രമായ തുകയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് അടിസ്ഥാന മേഖലയ്ക്ക് നേരെയുള്ള വന്‍ അവഗണനയാണ്. കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചു. രാസവള രഹിത കൃഷി പ്രോല്‍സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോല്‍സാഹനമുണ്ട്. ജല ജീവന്‍ പദ്ധതിക്ക് 60000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരെ സഹായിക്കാന്‍ കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും. വിളകളുടെ പരിചരണത്തിനും വളപ്രയോഗത്തിനുമായി ഡ്രോണുകള്‍ ഉപയോഗിക്കുമെന്നും ബജറ്റ് അവതരിപ്പിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ കാര്‍ഷകരോടുള്ള താല്‍പര്യമല്ലെന്നു ബോധ്യമാകും, ഉത്തര്‍ പ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടികണ്ടാണ് കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനങ്ങളെന്ന് കരുതിയാല്‍ മതി. കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് പറയുന്ന കാര്‍ഷിക ബില്ല് അവതരിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് മോഡിയുടേത്.

ഒടുവില്‍ വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കേണ്ടിവന്നു, രാജ്യത്തെ കര്‍ഷകരും, ജനങ്ങളും വന്‍ പ്രക്ഷോഭമാണ് നടത്തിയത്. മുട്ടാതര്‍ക്കവും, ഭീഷണിയുമായി നിന്ന ബിജെപി സര്‍ക്കാര്‍ ഒടുവില്‍ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഉപതെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ദരിദ്രർക്കും ശമ്പളക്കാർക്കും ഇടത്തരക്കാർക്കും കർഷകർക്കും ആശ്വാസം നൽകുന്നതിനുമുള്ള ആശയങ്ങളോ നിർദേശങ്ങളോ ഇല്ല. നികുതി നടപടികളിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് ഇന്ത്യയിലെ ശമ്പളക്കാരോടും മധ്യവർഗത്തോടുമുള്ള അവഗണനയാണ്. കോവിഡ് പ്രതിസന്ധി മൂലം പാവപ്പെട്ടവരുടെയും ശമ്പളക്കാരന്റെയും ഇടത്തരക്കാരുടെയും കർഷകരുടെയും പോക്കറ്റുകൾ കാലിയാണ്. ബജറ്റിൽ അവർക്കായി ഒന്നുമില്ല. യുവാക്കളുടെ പ്രതീക്ഷകൾ തകർന്നു, അവർക്കും ഒന്നുമില്ല. ഉപഭോഗം വർദ്ധിപ്പിക്കാനും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ഒന്നുമില്ലാത്ത വെറും പൊള്ളയായ ബജറ്റാണ് അവതരിപ്പിച്ചത്. 2022 ഓടെ പാവപ്പെട്ടവർക്കായി 4 കോടി വീടുകൾ നിർമിച്ചുനൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്‌ദാനം. ഇപ്പോൾ 2 കോടി വീടുകൾ മാത്രമാണ് പണിതത്. ഇനി 80 ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മോഡിയുടെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ സമ്പത്ത് ‌ വ്യവസ്‌ഥക്ക്‌ വേണ്ടിയുള്ള നിർദ്ദേശങ്ങൾ, ക്രിപ്‌റ്റോ കറൻസി, ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി, ഇ പാസ്‌പോർട്ട്‌ എന്നിവ നടപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു. ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കും. ഇ- പാസ്‌പോര്‍ട്ട് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായിരിക്കും.

റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. 5 ജി ലേലം ഈ വർഷം തന്നെ നടക്കുമെന്ന്‌ ബജറ്റിൽ പറയുന്നു. 2025ഓടെ ഗ്രാമങ്ങളെ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5 നദികളെ സംയോജിപ്പിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.  ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‌ പുറമേ ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്ക്‌ സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയം ഒരുക്കും. പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ആണ്‌ പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. 100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. റോഡ്, റെയിൽ ഗതാഗത മന്ത്രാലയങ്ങൾ ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഗതി ശക്തിക്കു കീഴിൽ ആരംഭിച്ചിട്ടുണ്ട്. ബഹുതല കണക്ടിവിറ്റിയിലൂടെ ചരക്കുനീക്കവും ആളുകളുടെ സഞ്ചാരവും എളുപ്പമാക്കുക, സമയനഷ്ടം ഒഴിവാക്കുക, ജീവിതം സുഗമമാക്കുക, വ്യവസായാന്തരീക്ഷം സുഗമാക്കുക എന്നിവയും ഗതി ശക്തി ലക്ഷ്യമിടുന്നതായും ബജറ്റിൽ പറയുന്നു. എന്നാല്‍ ഇപ്പോഴുളള പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും വളരെ കുറച്ച് തുക മാത്രമാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്. ബജറ്റില്‍ കര്‍ഷകരെ സഹായിക്കാന്‍ സാധിക്കുന്ന പദ്ധതികളൊന്നുമില്ല. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. കേരളത്തിന് എയിംസ് എന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഇത്തവണയും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണ്. പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ബജറ്റിലില്ല. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വര്‍ധിപ്പിച്ചില്ല. വാക്‌സിന് വേണ്ടി നീക്കിവെച്ചതും വളരെ കുറച്ച് തുക മാത്രമാണ് അതുപോലെ സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല.

Eng­lish Sumam­ry: Re-touch with cap­i­tal-rich; Unre­al­is­tic budget

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.