ഇറാന്‍-ഇന്ത്യ വാതകപൈപ്പ്‌ലൈന്‍ പദ്ധതിക്ക് വഴിതുറന്നു

Web Desk
Posted on December 04, 2017, 10:14 pm

കെ രംഗനാഥ്

മസ്‌ക്കറ്റ്: ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് വഴി തുറന്നു.
കടലിനടിയിലൂടെയുള്ള ഈ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ആദ്യഘട്ടമെന്ന നിലയില്‍ ഇറാനും ഒമാനും തമ്മില്‍ ഇന്നലെ കരാര്‍ ഒപ്പിട്ടു. ഒമാനില്‍ നിന്നാണ് ഇന്ത്യയില്‍ ഗുജറാത്തിലേക്ക് കടലിനടിയിലൂടെയുള്ള ഈ പൈപ്പ് ലൈന്‍ നീളുക. ഇറാനില്‍ നിന്നും പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പൈപ്പ് ലൈനിടാനായിരുന്ന രണ്ട് പതിറ്റാണ്ടിനപ്പുറം ആരംഭിച്ച പദ്ധതി ചര്‍ച്ചകള്‍. എന്നാല്‍ ഇടയ്ക്കിടെ പാകിസ്ഥാന്‍ ഒഴിഞ്ഞുമാറിയത് പദ്ധതി അവതാളത്തിലാക്കി. യുദ്ധകാലത്ത് ഇന്ത്യയിലേക്കുള്ള പൈപ്പ് ലൈന്‍ പാകിസ്ഥാന്‍ അടച്ചിട്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന സുരക്ഷാമുന്നറിയിപ്പുമുണ്ടായ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെയാണ് പ്രകൃതിവാതക സമ്പന്നമായ ഒമാന്‍ ഇറാനുമായി ചേര്‍ന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് വാതകമെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. കരാര്‍ ഒപ്പിട്ടതായി അറിയിച്ച ഇരുരാജ്യങ്ങളുടേയും എണ്ണകാര്യമന്ത്രിമാരായ മുഹമ്മദ് ബിന്‍ ഹമദ് അല്‍ അഹിയും ബിജാന്‍ സന്‍ഗാനേഹും പറഞ്ഞത് പൈപ്പ് ലൈന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ്. ഈ കരാറിനു മുന്നോടിയായി ഇറാന്‍ പൈപ്പ് ലൈന്‍ എത്തുന്ന ഒമാനിലെ റാസല്‍ ജിഫാനില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് പൈപ്പ് ലൈന്‍ നീട്ടാന്‍ ഇന്ത്യയുമായും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇറാനില്‍ നിന്നും ഒമാനിലേക്ക് പൈപ്പിടുന്നതിനുസമാന്തരമായി ഒമാനില്‍ നിന്നു ഇന്ത്യയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ധാരണ. ഒമാനിലേക്ക് 400 കിലോമീറ്ററാണ് സമുദ്രത്തില്‍ 3450 മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്ന ലൈനിന്റെ ദൈര്‍ഘ്യം.
റഷ്യകഴിഞ്ഞാല്‍ ലോകത്ത് ഏററവുമധികം പ്രകൃതിവാതകശേഖരമുള്ള ഇറാന് തങ്ങളുടെ വിഭവസമ്പത്തിന്റെ ചെറിയൊരു ശതമാനംപോലും അന്താരാഷ്ട്ര വിപണികളില്‍ എത്തിക്കാനാവുന്നില്ല. പുതിയ പൈപ്പ് ലൈനിലൂടെ ഇന്ത്യയെ വാതകവിപണിയിലെ ഏറ്റവും വലിയ കമ്പോളമാക്കാനും കഴിയും. ഒമാനില്‍ നിന്നും ഗുജറാത്തിലേക്കുള്ള 2700 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ 750 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഇന്ധന കോര്‍പറേറ്റുകളെ കൂട്ടുപിടിച്ച് സംയുക്ത സംരംഭമായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനാണ് മോഡി സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.