മോഹൻ കോട്ടയിൽ

June 19, 2020, 5:15 am

വായിച്ചുവളരാം

Janayugom Online

വായന മരിക്കുന്നു എന്ന പരിദേവനം മലയാളക്കരയില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു സമീപനമാണെന്ന് പറയാന്‍ കഴിയില്ല. ആധുനിക കാലത്ത് ശാസ്ത്രസാങ്കേതിക മേഖല അഭൂതപൂര്‍വമായ പുരോഗതി കെെവരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രപുരോഗതിയുടെ പ്രകടമായ ഒരുദാഹരണമാണ് ഇ‑റീഡിംഗ്. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നമുക്ക് വായിക്കുവാന്‍ കഴിയുന്നു. അങ്ങനെ, വായനയ്ക്ക് കുറവ് വരുന്നില്ല എന്ന് നമുക്കാശ്വസിക്കാം. നമ്മുടെ സാമൂഹികമാധ്യമങ്ങള്‍ വളരെ ശക്തമാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക് ഇന്ന് സാമാന്യജനങ്ങളിലുള്ള സ്വാധീനം അനിഷേധ്യമാണ്.

ടെലിവിഷനും റേഡിയോയും മൊബെെല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. വെെകല്യങ്ങളും അപാകതകളും ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും അവ നല്‍കുന്ന വിജ്ഞാനവും വിനോദവും ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? അറിവിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വിജ്ഞാനത്തിന്റെ വെെവിധ്യമാര്‍ന്ന വാതായനങ്ങള്‍ തുറന്നിടുകയാണ് നമ്മുടെ സാമൂഹികമാധ്യമങ്ങള്‍. എങ്കിലും, വിജ്ഞാനവിസ്ഫോടനത്തിന്റെ ഇക്കാലത്തും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും നേരിട്ടു വായിക്കുന്നതാണ് നമ്മുടെ പൊതുവായ രീതി, ഇലക്ട്രോണിക് സാങ്കേതികവിദ്യയെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുവെന്നുവരില്ല. നേരിട്ടുള്ള വായനയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നമ്മുടെ വായനശാലകള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. ഗ്രാമ‑ഗ്രാമാന്തരങ്ങളില്‍പ്പോലും ഒരു വായനാസംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമ്മുടെ ഗ്രന്ഥശാലകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.ഈ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്നുനല്‍കിയത് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനമാണ്.

വായനാദിനാചരണത്തിന്റെ ഈ അനര്‍ഘനിമിഷങ്ങളില്‍, അക്ഷരക്കൂട്ടുകളെ ഹൃദയത്തിലേറ്റുന്ന ഓരോ കേരളീയനും നന്ദിപൂര്‍വം സ്മരിക്കേണ്ടവരില്‍ പ്രഥമസ്ഥാനീയനാണ് പി എന്‍ പണിക്കര്‍. നീലംപേരൂര്‍ ഗവ. എല്‍പി സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം, 1924ല്‍ നീലംപേരൂരില്‍ ഒരു ഗ്രന്ഥശാല സ്ഥാപിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. 1909 മാര്‍ച്ച് ഒന്നിന് നീലംപേരൂരില്‍ ജനിച്ച പുതുവായില്‍ നാരായണപണിക്കര്‍ 1995 ജൂണ്‍ 19ന് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ശക്തിസ്രോതസായി വര്‍ത്തിച്ചു. അക്ഷരങ്ങളെ സ്നേഹിച്ച ആ മഹാനുഭാവന്റെ ചരമദിനമായ ജൂണ്‍ 19, നാം വായനാദിനമായി ആചരിക്കുന്നു.

1945ല്‍ അമ്പലപ്പുഴയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ യോഗത്തിലാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകൃതമായത്. പിന്നീടത്, കൊച്ചീരാജ്യവുമായി സംയോജിച്ച് തിരു-കൊച്ചി ഗ്രന്ഥശാലാസംഘമായി വിപുലീകരിക്കപ്പെട്ടു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ കേരള ഗ്രന്ഥശാലാ സംഘം കേരള ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന് സമ്പൂര്‍ണ്ണ സാക്ഷരത കെെവരിക്കാന്‍ കഴിഞ്ഞതില്‍, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ആധുനിക വിദ്യാഭ്യാസം കേവലം വസ്തുതാപഠനമല്ല ലക്ഷ്യമാക്കുന്നത്. പാഠ്യവസ്തുക്കള്‍ ഗ്രഹിക്കുകയല്ല; മറിച്ച്, ഗ്രഹിക്കുന്നതിലൂടെ നൂതനമായ ആശയങ്ങളും തത്വങ്ങളും സ്വാംശീകരിക്കുകയാണ് യഥാര്‍ത്ഥ പഠനം.

 

ഇതിനാവശ്യമായ പഠന‑ബോധന-തന്ത്രങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പഠനം, പഠിതാവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു തുടര്‍പ്രക്രിയയായി മാറുന്നു. നമ്മുടെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ഹെെടെക് ആകുന്നതോടെ പഠനം കൂടുതല്‍ ആസ്വാദ്യകരവും ഫലപ്രദവുമായി മാറുന്നു. ആധുനിക വിവരസാങ്കേതിക വിദ്യ, വിവരശേഖരണത്തിനും താരതമ്യപ്പെടുത്തലിനും ആശയരൂപീകരണത്തിനും സ്വാംശീകരണത്തിനും ഉപയുക്തമാകുന്നു. എന്നാല്‍, അദൃശ്യമായ നിരീക്ഷണ-പരീക്ഷണ പഠനരീതി ആഴത്തിലുള്ള വായനയ്ക്ക് പകരമാകുന്നില്ല. ശാസ്ത്ര‑സാങ്കേതിക മേഖലയില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സമയോചിതമായി ഉള്‍ക്കൊള്ളാന്‍ വായന അനിവാര്യമാണ്.

ഭാഷാപരമായ നെെപുണികള്‍ (സ്കില്‍സ്) ഏറ്റവും ഫലപ്രദമായി സ്വായത്തമാക്കുവാന്‍ വായനയിലൂടെ കഴിയുന്നു. ആശയഗ്രഹണവും ആശയപ്രകടനവും ഭാഷയുടെ ഉപോല്‍പന്നങ്ങളാണ്. വായന, വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും വിജ്ഞാനത്തിന്റെ നൂതനശ്രേണികളിലേക്ക് കെെപിടിച്ചാനയിക്കുന്നു. ഭാഷാശേഷി, പ്രശ്നനിര്‍ദ്ധാരണശേഷി, ക്രിയാത്മകചിന്ത, വെെകാരിക ഭാവങ്ങളുടെ നിയന്ത്രണം, മാനസിക പിരിമുറുക്കം ലഘൂകരിക്കാനുള്ള പ്രാപ്തി തുടങ്ങിയ ജീവിത നെെപുണികള്‍ വികസിപ്പിക്കാനുതകുന്ന പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ ഘടകങ്ങളെല്ലാം പരിപോഷിപ്പിക്കപ്പെടേണ്ടത് വായനയിലൂടെയാണ്.

‘ഇന്നലെ‘കളെ ഉള്‍ക്കൊള്ളാനും ‘ഇന്നി‘നെ സ്വാംശീകരിക്കാനും ‘നാളെ‘കളെക്കുറിച്ച് പ്രതീക്ഷ വച്ചുപുലര്‍ത്താനും വായന നമ്മെ പ്രാപ്തരാക്കുന്നു. ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം തെളിച്ചുനല്‍കിയ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പണിക്കര്‍ സാറിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ നാം നമ്രശിരസ്കരാകുക. ‘വായിച്ചു വളരുക’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം നമ്മുടെ ഹൃദയത്തിന്റെ അന്തരാളത്തില്‍ മുഴങ്ങട്ടെ; എന്നും എപ്പോഴും വായനയെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലെെബ്രറി കൗണ്‍സിലിന് നമുക്ക് വിജയം ആശംസിക്കാം.