കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി വെറും പന്ത്രണ്ടുദിനങ്ങൾ മാത്രം ബാക്കി നിൽക്കെ പൊളിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു. ജനുവരി 11ന് രാവിലെ 11ന് ആദ്യ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റും. സെക്കന്റുകൾ കൊണ്ട് എല്ലാ ഫ്ലാറ്റുകളും പൊളിച്ചുമാറ്റുമെന്ന് വിദഗ്ദ്ധർ അവകാശപ്പെടുമ്പോൾ സമീപവാസികളുടെ ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല.
അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നത് സമീപത്തെ വീടുകൾക്കും മനുഷ്യർക്കും മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും ദോഷകരമായി ബാധിച്ചേക്കാമെന്ന് ചെന്നൈ ഐഐടി റിപ്പോർട്ട് പറയുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതവേണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നുണ്ട്. ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ്ളോർ. ഗ്രൗണ്ട് ഫ്ളോറിലാണ് ആദ്യ സ്ഫോടനം നടത്തുക. ഇതിനായി സ്ഫോടക വസ്തുക്കൾ നിറയ്ക്കുക 1406 ദ്വാരങ്ങളിൽ. നാലു ഘട്ടങ്ങളായാണ് ഹോളി ഫെയ്ത് എച്ച് ടു ഒ സ്ഫോടനത്തിലൂടെ പൊളിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലെ സ്ഫോടനത്തിനു ശേഷം 6.4 സെക്കന്റുകളുടെ വ്യത്യാസത്തിൽ 16,11,9 നിലകളിൽ സ്ഫോടനം നടത്തും. കെട്ടിടം ഒന്നാകെ തകർക്കുന്നതിനേക്കാൾ ഘട്ടങ്ങളായി പൊളിക്കുന്നതാണ് സുരക്ഷിതമെന്നതിനെ തുടർന്നാണ് ഇത്തരത്തിൽ പൊളിക്കുന്നത്. ഒന്നാകെ ഒറ്റയടിക്ക് പൊളിക്കുമ്പോഴുണ്ടാകുന്ന വലിയ പ്രകമ്പനം കുറയ്ക്കാനും അതുവഴി സമീപത്തെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനും സാധിക്കും.
സ്ഫോടനം നടത്തുന്നതിനായി ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ലാറ്റിന്റെ തൂണുകളിലും ചുമരുകളിലുമായി 32 മില്ലീ മീറ്റർ വിസ്തീർണമുള്ള 1406 ദ്വാരങ്ങളാണ്. ഈ ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് സ്ഫോടനം നടത്തുന്നത്. പ്രകമ്പനത്തിന്റെ ശക്തി കുറയ്ക്കാനായി ഫ്ലാറ്റിന് ചുറ്റും വലിയ കിടങ്ങുകളും നിർമ്മിക്കും. സ്ഫോടനം നടത്തുന്ന ദിവസം സമീപത്തെ വീടുകളിലെ മുഴുവൻ ആളുകളെ ഒഴിപ്പിക്കും. സമീപത്തെ തേവരകുണ്ടന്നൂർ പാലം വഴിയുള്ള ഗതാഗതവും നിർത്തിവയ്യ്ക്കും. ഇതിന്റെ ചുമതല കൊച്ചി സിറ്റി പൊലീസിനാണ്.
ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ലാറ്റ് നിലംപതിക്കുന്നത് 37 മുതൽ 46 അടിവരെ ചെരിഞ്ഞായിരിക്കുമെന്ന് സ്ട്രക്ചറൽ എൻജിനിയേഴ്സ് പറയുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ലാറ്റുകൾ തകർക്കുക. ഇടഭിത്തികൾ നേരത്തെ തന്നെ നീക്കിയിരിക്കുന്നതിനാൽ ഒരു സമയം പരമാവധി 1500 ടൺ അവശിഷ്ടം മാത്രമായിരിക്കും ഭൂമിയിൽ പതിക്കുക. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി വിശദമായ ബ്ലൂ പ്രിന്റ് അടക്കമുള്ളവയും തയാറാക്കിയിട്ടുണ്ട്. ജനുവരി 11 നാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. രാവിലെ 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒയും അരമണിക്കൂറിനു ശേഷം ആൽഫ സെറിനും പൊളിക്കും. 12 നാണ് ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും പൊളിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.