September 26, 2022 Monday

രണ്ടാം അങ്കത്തിനൊരുങ്ങി; ബംഗളുരു X പ‍ഞ്ചാബ്

Janayugom Webdesk
ദുബായ്
September 24, 2020 3:10 pm

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ് ഇലവൻ റോയൽ ചലഞ്ചോഴ്സ് ബംഗളുരുവിനെ നേരിടും. ആദ്യ മത്സരം സ്വന്തമാക്കിയ ആത്മ വിശ്വാസത്തോടെയാവും കോലിയും സംഘവും അവരുടെ രണ്ടാം അങ്കത്തിനിറങ്ങുന്നത്. എന്നാൽ ആദ്യ മത്സരം നിർഭാഗ്യം കൊണ്ട് കൈവിട്ടതിന്റെ കലിപ്പ് തീർക്കാനാവും കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിന്റെ ശ്രമം. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളിത്താരം ദേവദത്ത് പടിക്കലാവും ഈ മത്സരത്തിൽ ബംഗളുരിന്റെ ബാറ്റിങ്ങിലെ തുറുപ്പ് ചീട്ട്.

കഴിഞ്ഞ സീസണുകളിലെ പ്രകടനം വിശകലനം ചെയ്യുമ്പോൾ അവസാന രണ്ടു സീസണിൽ പഞ്ചാബും ബംഗളൂരുവും ഏറ്റുമുട്ടിയപ്പോൾ കളിച്ച മത്സരങ്ങൾ എല്ലാത്തിലും ജയം സ്വന്തമാക്കാൻ കോലിയുടെ കരുത്തുറ്റ പടകയ്ക്ക് സാധിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് ബംഗളൂരു ഇന്നത്തെ മത്സരത്തിനിറങ്ങുക. ഐപിഎല്ലിൽ പഞ്ചാബും ബംഗളൂരും 24 തവണ നേരിട്ടേറ്റു മുട്ടിയിട്ടുണ്ട്. അതിൽ ഇരു ടീമും 12 വീതം മത്സരങ്ങളിൽ ജയിച്ചു.

കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ പരാജയത്തിന്റെ ആഘാതം വിട്ടൊഴിയാതെയാണ് പഞ്ചാബ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നത്. അമ്പയറുടെ പിഴവൊന്നുകൊണ്ടു മാത്രം മത്സരത്തിന്റെ ഗതി സൂപ്പർ ഓവറിലേക്കെത്തിച്ചത്. സൂപ്പർ ഓവറിൽ ജയം ഡൽഹിക്കൊപ്പമായിരുന്നു. ആദ്യ മത്സരം നിർഭാഗ്യത്താൽ കൈവിടേണ്ടിവന്നതിനുള്ള പകരം വീട്ടാനാവും ഈ മത്സരത്തിലൂടെ പഞ്ചാബിന്റെ ശ്രമം.

 

ആത്മവിശ്വാസത്തോടെ ബംഗളുരു

പൊരുതി നേടിയ വിജയവുമായാണ് ബംഗളുരു രണ്ടാം മത്സരത്തിനിറങ്ങുന്നത്. മൂ ന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യം കളിക്കുന്ന മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ജയിക്കുന്നത് എന്ന വിശേഷണം കൂടിയുണ്ട്. 2016 ലെ ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം നേടിയതിന് ശേഷം കഴിഞ്ഞ മൂന്ന് കൊല്ലവും ആദ്യ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിധി. എന്നാല്‍ കഴിഞ്ഞ മത്സരത്തോടെ ആ തലവര അവര്‍ മാറ്റി എഴുതി.

കഴിഞ്ഞ മത്സരത്തില്‍ എടുത്തു പറയേണ്ട പ്രകടനം മലയാളി താരമായ ദേവദത്ത് പടിക്കലിന്റെയാണ്. തന്റെ കന്നി മത്സരത്തില്‍ തന്നെ കരുത്തു കാണിക്കാന്‍ ദേവദത്തിനു സാധിച്ചു. ബാറ്റിങിനു അത്ര തുണയ്ക്കാത്ത പിച്ചില്‍ വളരെ അനായാസമായാണ് ദേവദത്ത് കളിച്ചത്. ഫിഞ്ച് പന്തു നേരിടാന്‍ പെ ടാപ്പാട്‌ പെടുമ്പോഴും ദേവദത്ത് നിഷ്‌പ്രയാസമായാണ് ബോളുകളെ ബൗണ്ടറികളിലേക്ക് പായിച്ചുകൊണ്ടിരുന്നത്. ബാറ്റ്ചെയ്യുമ്പോള്‍. ദേവദത്തിനൊപ്പം ആര്‍സിബിയുടെ ഡിവില്ലിയേഴ്‌സ് കൂടി മികച്ച ഫോം കണ്ടെത്തിയത് ബാഗളുരിനു ഉപകാരമായിട്ടുണ്ട്.

ഈ രണ്ട് താരങ്ങളെ മാറ്റിര്‍ത്തിയാല്‍ ആര്‍സിബിയുടെ ബാക്കിയുള്ള ബാറ്റിങ് നിര പറയത്തക്ക പ്രകടനമൊന്നും കാഴ്ചവച്ചില്ല എന്നു വേണം പറയാന്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ടീമിനെന്തെല്ലാം പോരായമകള്‍ ഉണ്ടായിരുന്നോ അതേ പ്രകടനം തന്നെയാണ് ആര്‍സിബിയുടെ ഇത്തവണത്തെ താരങ്ങളും കാഴ്ചവച്ചത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയുടെ ബോളിങ് നിരയും അത്ര മികച്ച പ്രകടനം കാഴ്ചവച്ചെന്നു പറയാന്‍ സാധിക്കില്ല. ചഹല്‍ സൈനി എന്നീ താരങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാര്‍ക്കും വേണ്ടത്ര പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നതും ആര്‍സിബിയെ ദുരിതത്തിലാക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഒന്നും കൂടി അഴിച്ചുപണിത് വരുന്ന മത്സരത്തിനിറങ്ങാനാണ് ആര്‍സിബി ഇനി ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ കഴിഞ്ഞ സീസണുകളില്‍ എന്തു സംഭവിച്ചോ അതുതന്നെ വീണ്ടും ആവര്‍ത്തിക്കും. കഴിഞ്ഞ മത്സരത്തിനു കീപ്പറായി ഇറക്കിയ ഫിലിപ്പിക്കു പകരം മോറിസ് ജോണ്‍സണ്‍ അല്ലെങ്കില്‍ ഉഡാന പോലുള്ള ബോളര്‍മാരെ ഇറക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം കഴിഞ്ഞ മത്സരത്തിലേപോലെ തന്നെ വിക്കറ്റിനായി സ്പിന്‍ ബോളിങ്ങിനെ മാത്രം പ്രതീക്ഷ അര്‍പ്പിക്കേണ്ടിവരും.

തലവരമാറ്റാൻ പഞ്ചാബ്

എല്ലാ കാലത്തും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച ടീമുണ്ടായിരുന്നു. സ്വന്തം നിലയ്ക്ക് മത്സരം ജയിക്കാനുള്ള മിടുക്കുള്ള താരങ്ങളും കൈമുതലായി പഞ്ചാബിനൊപ്പം എന്നുമുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം വേട്ടയാടുന്ന ഒരു ടീമിനെയാണ് ഡൽഹി ക്യപിറ്റൽസുമായുള്ള മത്സരത്തിൽ ആരാധകർ ടീമിൽ കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിലാണ് പഞ്ചാബ് ഡൽഹിക്കു നേരെ വെല്ലുവിളി ഉയർത്തിയത്. 60 പന്തുകൾ നേരിട്ടതില്‍ നാലു സിക്സും ഏഴു ഫോറിന്റെയും അകമ്പടിയോടെ 89 റൺസ് പഞ്ചാബിന്റെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ മായങ്കിനു സാധിച്ചു. പഞ്ചാബ് നിരയിൽ നായകൻ ലോകേഷ് രാഹുലും മായങ്ക് അഗർവാളും ചേർന്ന് നടത്തിയ ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രത്യേകം എടുത്തു പറയണം. പിന്നീടെത്തിയ കൃഷ്ണപ്പ ഗൗതമൊഴികെയുള്ള ബാക്കിയെല്ലാ താരങ്ങൾക്കും പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല എന്നത് പഞ്ചാബിനു തിരിച്ചടി നല്‍കുന്നതാണ്.

ബംഗളൂരു പോലെ കരുത്തരായ ബാറ്റിങ് നിരയുള്ള ടീമിനെ നേരിടാന്‍ ഒരുങ്ങുന്ന പഞ്ചാബിനു തങ്ങളുടെ ബാറ്റിങ് പ്രകടനത്തിലെ അപാകതകള്‍ പ്രതികൂലമായി ഫലിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. സൂപ്പര്‍ ഓവറിന്‍ വെടിക്കെട്ടു നടത്താന്‍ പോന്ന ബാറ്റിങ് നിരയില്ലാത്തതു പഞ്ചാബിന്റെ പ്രശ്നങ്ങളിലൊന്നാണ് കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഓവര്‍ പരിശോധിച്ചാല്‍ അതു മനസിലാവും. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് വെറും രണ്ട് റണ്ണ്സ് നേടിക്കൊടുക്കാനെ അവരുടെ ബാറ്റിങ് നിരയ്ക്കായുള്ളു എന്നത് എടുത്തു പറയേണ്ടതാണ് . സമ്മര്‍ദ്ദം അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത യുവനിരയുടെ മത്സരമായി വേണം അതിനെ കാണാന്‍. ലോകേഷ് രാഹുലും നികോളാസ് പൂരനും കാഗിസോ റബാഡ എന്നിവര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ടീമിനു വേണ്ട റണ്‍സ് സ്കോര്‍ചെയ്യാന്‍ സാധിക്കാതെ ഔട്ടാവുകയാണുണ്ടായത്.

ENGLISH SUMMARY:Ready for the sec­ond act; Ben­galu­ru X Punjab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.