ബസ്സുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി

Web Desk
Posted on February 15, 2018, 6:36 pm

കോട്ടയം: നിരക്ക് വര്‍ധന അംഗീകരിക്കാതെ സമരവുമായി മുന്നോട്ടുപോവുമെന്ന്
പ്രഖ്യാപിച്ച സ്വകാര്യബസ്സുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്
ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ നിരക്ക് വര്‍ധനയാണ് നടപ്പില്‍
വരുത്തിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല.
എന്നാല്‍, സര്‍ക്കാര്‍ നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ്
നിരക്ക് വര്‍ധന തീരുമാനിച്ചത്.  ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ
നിര്‍ദേശങ്ങള്‍ പാലിച്ചാണ് നിരക്ക് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെയും
ജനങ്ങളുടെയും പരിമിതികളും ബുദ്ധിമുട്ടുകളും ബസ്സുടമകള്‍
തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യായമായ രീതിയിലാണ് ഇപ്പോഴത്തെ
വര്‍ധന വരുത്തിയിരിക്കുന്നത്. നിരക്ക് ഉയര്‍ത്തിയ ശേഷവും സമരം തുടരുമെന്ന
ബസ്സുടമകളുടെ നിലപാട് തെറ്റാണ്. ബസ്സുടമകള്‍ യാഥാര്‍ഥ്യബോധത്തോടെ
കാര്യങ്ങള്‍ മനസ്സിലാക്കി സമരപരിപാടികളില്‍നിന്ന് പിന്‍മാറണമെന്നും
മന്ത്രി ആവശ്യപ്പെട്ടു.