Janayugom Online
real-estate

റിയല്‍ എസ്റ്റേറ്റ് മേഖല തകരുന്നു

Web Desk
Posted on February 19, 2019, 10:44 pm

കെ രംഗനാഥ്
ദുബായ്: കേന്ദ്രത്തിന്റെ ദുര്‍വഹമായ ജിഎസ്ടിയും ഗള്‍ഫ് മലയാളികളുടെ കൂട്ടക്കുടിയിറക്കുംമൂലം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നടിയുന്നു. സിമന്റടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വില മാനംമുട്ടെ കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയുടെ ആഘാതം രൂക്ഷമായെന്ന് സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഇവിടത്തെ സ്ഥാപനങ്ങളും വിദഗ്ധരും പറയുന്നു. നിര്‍മാണമേഖലയിലെ സ്തംഭനംമൂലം ഫഌറ്റുകളുടെ നിര്‍മാണം എഴുപത് ശതമാനത്തിലേറെ കുറഞ്ഞുവെന്ന് കൊച്ചിയില്‍ ഏറ്റവുമധികം റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഓവര്‍സീസ് സ്‌കൈ ലൈന്‍ ബില്‍ഡേഴ്‌സ് മാനേജര്‍ പ്രവീണ്‍ മേനോന്‍ അറിയിച്ചു.
രൂപയുടെ മൂല്യത്തകര്‍ച്ചപോലും പ്രതിസന്ധിയുടെ പരിഹാരത്തിനു തുണയാവുന്നില്ല. രണ്ടുവര്‍ഷം മുമ്പാരംഭിച്ച ഈ പ്രവണത രൂക്ഷമായ പ്രതിസന്ധിയായി മാറിയതോടെ നിര്‍മാണരംഗത്തും നിശ്ചലാവസ്ഥ. കൂനിന്‍മേല്‍ കുരുവെന്ന പോലെ സിമന്റിന്റേയും കമ്പിയുടേയും വിലയിലും വന്‍വര്‍ധന. വസ്തു ഇടപാടുകളും ഫഌറ്റുകള്‍ വാങ്ങാനുള്ള തിരക്കും നന്നേ കുറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ഒഴുകുന്ന കേരളത്തിലെ പ്രവാസികള്‍ക്കാണ് സ്വദേശിവല്‍ക്കരണംമൂലം ഏറ്റവുമധികം തൊഴില്‍ നഷ്ടപ്പെടുന്നത്. ഫഌറ്റുകളില്‍ പണം നിക്ഷേപിക്കുന്ന പ്രവാസി പ്രവണത തീരെ കുറഞ്ഞതിനാല്‍ നിര്‍മാണം പൂര്‍ത്തിയായ ഫഌറ്റ് സമുച്ചയങ്ങള്‍ വില്‍പനയാകാതെ കിടപ്പാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ തകര്‍ച്ച ഭൂമിയുടെ വിലയില്‍ പ്രതിഫലിക്കുന്നില്ലെന്ന കൗതുകവുമുണ്ട്. ഭൂമിയുടെ വില ഇതിനെല്ലാമിടയിലും കുതിച്ചുകയറുന്നതിനാല്‍ ഭൂമി വാങ്ങുന്നതുവഴിയുള്ള നിക്ഷേപവും അപൂര്‍വമാകുന്നു.
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടക്കുന്ന കൊച്ചിയില്‍ ഈ മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ചെന്നൈയും ഹൈദരാബാദും ബംഗ്ലൂരും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയ പ്രതിസന്ധിമൂലം ഈ രംഗത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അതിവേഗം രംഗം വിട്ടൊഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് മലബാര്‍ ഡവലപ്പേഴ്‌സിന്റെ മേധാവിയായ എം പി അഹമ്മദ് ചൂണ്ടിക്കാട്ടുന്നത്.
പ്രളയാനന്തര കേരള നവനിര്‍മാണത്തെ ശബരിമല സമരം പിന്നോട്ടു പിടിച്ചുവലിച്ചതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ആഘാതമായെന്നും അദ്ദേഹം പറയുന്നു. പ്രവാസികളാണെങ്കില്‍ മൂല്യശോഷണം മുതലാക്കി കൂടുതല്‍ തുക നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കാനും കടം വീട്ടാനുമാണ് വിനിയോഗിക്കുന്നത്. വസ്തുവിലും ഭവനത്തിലും നിക്ഷേപം എന്ന സങ്കല്‍പത്തില്‍ നിന്നും പ്രവാസി അകന്നുകൊണ്ടിരിക്കുന്നു. ജിഎസ്ടി 12 ശതമാനമാക്കിയതും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കഴുത്തിനു കത്തി വയ്ക്കുന്ന നടപടിയായി. ഇതുമൂലം ഫഌറ്റുകളുടെ വില ദുര്‍വഹമാകുന്നു. ഇത് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാക്കി കുറച്ചാല്‍ ഫഌറ്റുകളുടെ വില കുറയുകയും നിര്‍മാണരംഗം വളരുകയും ചെയ്യും. പതിനായിരങ്ങള്‍ക്കാണ് ഇതുമൂലം തൊഴില്‍ സാധ്യതയുണ്ടാകുന്നതെന്നും റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ കരുതുന്നു. കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധ നയങ്ങള്‍മൂലം വേണ്ടിവന്ന ട്രഷറി നിയന്ത്രണവും നിര്‍മാണമേഖലയ്ക്ക് ആഘാതമാവുന്നു. സുരക്ഷിതമായ ഉന്നത ജോലിയുള്ള പ്രവാസികള്‍ പോലും കേരളത്തിലെ റിയല്‍എസ്റ്റേറ്റ് മേഖലയോട് അനാഭിമുഖ്യം കാട്ടുന്നതും ദുരൂഹമാണെന്ന് അവര്‍ കരുതുന്നു.