24 March 2025, Monday
KSFE Galaxy Chits Banner 2

മാഡ്രിഡ് ഡര്‍ബിയില്‍ റയലിന്റെ വാഴ്ച; ആഴ്സണലും ആസ്റ്റണ്‍ വില്ലയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Janayugom Webdesk
മാഡ്രിഡ്
March 13, 2025 10:06 pm

ആവേശകരമായ അന്ത്യത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി ഇരുടീമിനും രണ്ട് ഗോള്‍ വീതമായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലുഗോളിനായിരുന്നു റയലിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ഒരു ഗോള്‍ നേടിയിരുന്നു. കൊണാർ ഗാലഗറാണ് സ്വന്തം കാണികൾക്ക് മുമ്പിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ തുടർന്ന് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമുകളിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പുറത്തേക്കടിക്കുകയും ചെയ്തു. 

റയലിനായി കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ങമും ഫെഡെറിക്കോ വാല്‍വെര്‍ദെയും ആദ്യ മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. അലക്‌സാണ്ടര്‍ സൊര്‍ലോത്ത് അത്‌ലറ്റിക്കോയുടെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത അല്‍വാരസ് സ്‌കോര്‍ ചെയ്‌തെങ്കിലും മൈതാനത്ത് തെന്നിയ താരത്തിന്റെ ഇടംകാല്‍ ആദ്യം പന്തില്‍ തട്ടിയിരുന്നു. ആദ്യം ഗോള്‍ അനുവദിച്ച റഫറി, പിന്നാലെ റയല്‍ താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെ വാര്‍ പരിശോധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. റയലിന്റെ നാലാം കിക്കെടുത്ത ലുക്കാസ് വാസ്‌ക്വസിന്റെ ഷോട്ട് തടഞ്ഞിട്ട് ഗോളി യാന്‍ ഒബ്ലാക്, അത്‌ലറ്റിക്കോയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ക്കോസ് ലൊറെന്റെ അടുത്ത കിക്ക് നഷ്ടപ്പെടുത്തിയതോടെ വീണ്ടും നിര്‍ഭാഗ്യം അത്‌ലറ്റിക്കോയെ പിടികൂടുകയായിരുന്നു. റയലിനായി അഞ്ചാം കിക്കെടുത്ത അന്റോണിയോ റൂഡിഗറിന്റെ ഷോട്ട് ഒബ്ലാക്കിന്റെ കയ്യില്‍ തട്ടിയിട്ടും വലയില്‍ കയറിയതോടെ മൈതാനത്ത് റയലിന്റെ വിജയാരവമുയര്‍ന്നു.

ആസ്റ്റൻ വില്ല ബ്രുഗെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോല്പിച്ച് ക്വാർട്ടറിലെത്തി. മാര്‍ക്കോ അസൻസിയോ ആസ്റ്റൻ വില്ലയ്ക്കായി ഇരട്ട ഗോളുകൾ നേടി. ഇതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറുഗോളിന്റെ ആധികാരിക ജയവുമായാണ് ആസ്റ്റണ്‍വില്ല ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ‍ഡോര്‍‌ട്ട്മുണ്ട് ലില്ലെയെ 2–1ന് തോല്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. ക്വാർട്ടറിൽ ബാഴ്സലോണയാണ് ബൊറൂസിയയുടെ എതിരാളികള്‍. പിഎസ്‌വിയെ രണ്ടു പാദങ്ങളിലുമായി 9–3ന് തോൽപിച്ച് ആഴ്സണലും ക്വാര്‍ട്ടർ ഫൈനലിനു യോഗ്യത നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.