Thursday
21 Mar 2019

ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ തകര്‍ന്നതിനു പിന്നിലുള്ള കാരണങ്ങള്‍?

By: Web Desk | Thursday 14 March 2019 8:21 PM IST


കഴിഞ്ഞ ആറു മാസത്തിനിടെ ബോയിങ് വിമാനങ്ങള്‍ തകര്‍ന്ന് പൊലിഞ്ഞത് 157 പേരുടെ ജീവനുകളാണ്. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ ബോയിങ്. എന്നാല്‍, ഈ വിമാനത്തിന് ഇത്തരത്തില്‍ അപകടം സംഭവിക്കുന്നുവെന്നതിനു പിന്നിലുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മിക്ക വിമാന കമ്പനികളുടെയും വിമാനങ്ങളും ബോയിങ്ങിന്‍റേതാണ്. എന്നാല്‍, അടുത്തിടെ അവതരിപ്പിച്ച ബോയിങ് 737 മാക്‌സ് വിമാനം തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ മോഡല്‍ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകര്‍ന്നു വീണത്.

ഇതിനെ തുടര്‍ന്ന്, നിരവധി രാജ്യങ്ങളില്‍ 371 വിമാനങ്ങള്‍ നിലത്തിറക്കി. കഴിഞ്ഞ ദിവസത്തെ ദുരന്തത്തില്‍ 157 മരിച്ചപ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനീഷ്യയിലുണ്ടായ ടേക്ക് ഓഫ് അപകടത്തില്‍ 189 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടും ബോയിങ്ങിന്റെ ഒരേ മോഡല്‍ വിമാനം. ദുരന്തം സംഭവിച്ചത് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍. കഴിഞ്ഞ ദിവസത്തെ ദുരന്തം സംഭവിച്ചത് ടേക്ക് ഓഫ് ചെയ്ത് ആറു മിനിറ്റുകള്‍ക്കുള്ളിലാണ്. എന്നാല്‍, ഇന്തോനേഷ്യന്‍ ദുരന്തം സംഭവിച്ചത് ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റിലാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ ബോയിങ്ങില്‍ നിന്നും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടതുണ്ടെന്നും ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കി.

യുഎസിലെ ബോയിംങ് കമ്പനി 2016 ല്‍ പുറത്തിറക്കിയതാണ് മാക്‌സ് 737. സൗത്തെ്ര്ര്വസ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍കാനഡ, നോര്‍വീജിയന്‍ എയര്‍ ഷഫ്ള്‍ എന്നീ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. 350 ബോയിംങുകള്‍ നിലവില്‍ സര്‍വീസിലുണ്ട്.