Web Desk

February 19, 2020, 12:54 pm

തിരൂരിലെ ആറ് കുട്ടികളുടെ മരണം; ദുരൂഹത മറനീക്കി പുറത്തുവന്നു

Janayugom Online

തിരൂരില്‍ 9 വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവം , ദുരൂഹത മറനീക്കി പുറത്തുവന്നു. കുട്ടികളുടെ മരണത്തിനു പിന്നില്‍ ജനിതകപ്രശ്‌നമെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയാണ് ‘സിഡ്‌സ്’(സഡന്‍ ഡെത്ത് ഇന്‍ഫന്റ് സിന്‍ഡ്രോം). ഇതാകാം മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് അയച്ചതെന്നും ഡോ.നൗഷാദ് പറഞ്ഞു.

93 ദിവസം പ്രായമുള്ള ആണ്‍കുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് ഈ സംഭവം പൊതുശ്രദ്ധയിലേക്ക് വന്നത്. രണ്ടു കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് റഫീഖും സബ്‌നയും തന്നെ തേടിയെത്തുന്നത്.തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയെ മുതല്‍ താന്‍ പരിശോധിച്ചിരുന്നു. സിഡ്‌സ് എന്ന രോഗമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും പരിശോധനയില്‍ കണ്ടിരുന്നില്ല. സിഡ്‌സ് ആണോ എന്നതു സംബന്ധിച്ച്‌ വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ ഇവരെ അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യുഎസ്സിലൊക്കെയാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഉറക്കത്തിലാണ് കൂടുതലായും ഇത് വന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്നത്. തിരൂരിലെ രണ്ടു കുട്ടികളെ താന്‍ കണ്ടിട്ടുണ്ട്. നാലര വയസ്സുള്ള കുട്ടിയും അതിന് മുന്‍പുള്ള കുഞ്ഞും. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് തന്റെയടുക്കല്‍ കൊണ്ടുവന്നത്. മരണത്തില്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിഡ്‌സില്‍ സാധാരണ ഗതിയില്‍ ഒരു വയസ്സിനു താഴെയാണ് സംഭവിക്കുന്നത്. നാലര വയസ്സുവരെ ഒരു കുട്ടി ജീവിച്ചത് ഒരു പക്ഷം ഭാഗ്യം കൊണ്ടാകാം. ജനിതക രോഗങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ കൃത്യമായി കണ്ടെത്താന്‍ കഴിയില്ല.’-ഡോക്ടര്‍ പറഞ്ഞു.

ഈ രോഗബാധയുള്ള കുട്ടികള്‍ ഒരു വര്‍ഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടി നാലര വയസ്സുവരെ ജീവിച്ചു എന്നത് അത്ഭുതകരമാണെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.

ENGLISH SUMMARY: Rea­son comes out for the death of six babies in Tirur

YOU MAY ALSO LIKE THIS VIDEO