Web Desk

കൊച്ചി

July 01, 2020, 2:25 pm

ജീവിത ചുവടുകളുടെ താളം പിഴച്ച് നൃത്താധ്യാപകർ

Janayugom Online

അവിചാരിതമായി കടന്നെത്തിയ കോവിഡ് വിതച്ച പ്രതിസന്ധികൾക്കിടയിൽ ജീവിത ചുവടുകളുടെ താളം പിഴച്ച് നൃത്താധ്യാപകർ. ലോക് ഡൗണിനു മുമ്പുതന്നെ നൃത്തപഠന കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നതോടെ വരുമാനമെല്ലാം നിലച്ച് ഭാവിയെയോർത്ത് പകച്ചു നിൽക്കുകയാണ് നാടിൻറെ കലാ ‚സംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുന്ന ആയിരക്കണക്കായ നർത്തകർ.

അംഗീകൃതവും അല്ലാത്തതുമായ ചെറുതും വലുതുമായ ആയിരത്തിലേറെ നൃത്തകലാ പഠനകേന്ദ്രങ്ങളാണ് കഴിഞ്ഞ നാലുമാസക്കാലമായി അടഞ്ഞുകിടക്കുന്നത്. വാടകയും അധ്യാപകരുടെ വേതനവും മറ്റു ചിലവുകളും നൽകാനാവാതെ സ്ഥാപന ഉടമകളായ നൃത്താധ്യാപകർ വലയുകയാണ്. സ്കൂൾ കലോത്സവങ്ങളും വാർഷികങ്ങളും ഉത്സവങ്ങളും അവധിക്കാല പരിപാടികളും ഇല്ലാതായതോടെ സ്ഥിരമായി എല്ലാ വർഷവും ലഭിച്ചിരുന്ന പ്രത്യേക വരുമാനമാണ് കോവിഡ് മൂലം നഷ്ടമായത്. വർഷങ്ങൾ പ്രയാസപ്പെട്ട് പഠിച്ച നർത്തകരാണ് കുട്ടികൾക്കായി നൃത്ത പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ദൈനംദിന പരിശീലനവും ഇവർ ശീലിക്കുന്നവരാണ്. നൃത്ത പഠന കേന്ദ്രങ്ങൾക്ക് പുറമെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോയി ക്ലാസ് എടുക്കുന്നവരുമുണ്ട്. അതും നിലവിലില്ല.. ക്ലാസിക്കൽ ഡാൻസുകൾ എടുക്കുന്നവരിൽ ഏറെയും സ്ത്രീകളാണ്. അതിനാൽ വീടുകളിൽ മറ്റു ജോലികൾ ഉള്ളവരുണ്ടാകാം . എന്നാൽ വെസ്റ്റേൺ ഡാൻസ് ക്ലാസുകൾ എടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാരായ നർത്തകരാണ്. അവരുടെ കുടുംബ വരുമാനമാണ് ക്ലാസുകൾ ഇല്ലാതായപ്പോൾ നിലച്ചത്. പൊതുവെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന നർത്തകർ കടുത്ത ആശങ്കയിലാണ്.ക്ലാസുകൾ തുടങ്ങാൻ അനുമതി ലഭിച്ചാലും നിലവിലുള്ള സാഹചര്യത്തിൽ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടിക്കും.

അതിനാൽ ഈ രംഗത്തുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ എത്ര നാളുകളെടുക്കും എന്ന കാര്യത്തിൽ ഒന്നും പറയാനാവില്ലെന്നും അതിനാൽ ഇത്തരം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സർക്കാർ പരിഗണന നൽകണമെന്നും ആലുവ കമ്പനിപ്പടിയിൽ സെറാഫിം നൃത്ത വിദ്യാലയം നടത്തുന്ന നർത്തകനായ സുമേഷ് ബാബു ജനയുഗത്തോട് പറഞ്ഞു. ചിലർ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ശ്രമം തുടങ്ങിയെങ്കിലും വിദ്യാർത്ഥികൾക്ക് സ്കൂൾ പഠനം ഓൺലൈൻ ആയതിനാൽ അതിനൊപ്പം ഓൺലൈൻ നൃത്ത പഠനത്തോട് രക്ഷിതാക്കൾക്ക് ഒട്ടും താല്പര്യമില്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്.

നൃത്ത അധ്യാപകരിൽ പലരും കുടുംബത്തിന്റെ പ്രാരാബ്ധം കാരണം മറ്റു തൊഴിൽ മേഖലയെ ആശ്രയിക്കാനും ശ്രമിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള മേക്കപ്പ്, വാദ്യോപകരണങ്ങൾ, ഡാൻസ് ആവശ്യത്തിനുള്ള വസ്ത്രങ്ങൾ വാടകക്ക് നൽകുന്നവർ ഉൾപ്പെടെ മറ്റു നൂറുകണക്കിന് പേരുടെ തൊഴിലും വരുമാനവുമാണ് ഇല്ലാതായിട്ടുള്ളത്.

Eng­lish sum­ma­ry; rea­son for covid are not doing dance classes

you may also like this video;