തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ റിബല്‍ പ്രളയവുമായി യുഡിഎഫ്. നഗരസഭ തൊട്ട് ഗ്രാമപഞ്ചായത്തുകള്‍ വരെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ മറ്റു കോണ്‍ഗ്രസ് ഭാരവാഹികളും രംഗത്തുണ്ട്. വ്യക്തി താല്‍പ്പര്യങ്ങളും, ജാതിയും നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് വിമതരും പറയുന്നു. കാലാകാലങ്ങളായി പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പണിയെടുത്തും കുടുംബത്തെ പോലും അവഗണിച്ച് പാര്‍ട്ടിയെ നെഞ്ചിലേറ്റിയവരെ വിസ്മരിച്ച്, മറ്റു വാഗ്ദാനങ്ങളില്‍ വശംവദരായി യാതൊരു ഏകോപനവുമില്ലാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം അസംതൃപ്തരാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വടക്കാഞ്ചേരി നഗരസഭയിലും, തെക്കുംകര ഗ്രാമപഞ്ചായത്തിലും ചില വേറിട്ട സ്വരങ്ങള്‍ അലയടിച്ചിരുന്നു. കൊട്ടിഘോഷിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്ലെസി ജോണിന് വിജയം സുനിശ്ചിതമാണെന്ന് എം എല്‍ എ പറഞ്ഞ് നേരം പുലരുമ്പോഴാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ അവരോധിച്ചത്. ബ്ലെസി ജോണ്‍ രണ്ട് റൗണ്ട് പ്രവര്‍ത്തനവും കാഴ്ചവെച്ചെങ്കിലും, ഒറ്റ രാത്രി കൊണ്ട് മറിമായം സംഭവിച്ചു. കൂടാതെ 43 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും, മുന്‍ ഡിസിസി അംഗവും, തെക്കുംകര പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പി വി ഹസ്സനാര് ഗ്രൂപ്പ് പോരിലും, അവഗണനയിലും പ്രതിഷേധിച്ച് ഭാരവാഹിത്വവും, പ്രാഥമിക അംഗത്വവും രാജി വെച്ചു.
റിബല്‍ ശല്യവും, ഗ്രൂപ്പ് സമവാക്യ പോരാട്ടവും വേലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപസ്വരം ഉയരുന്നു. 17 വാര്‍ഡില്‍ 11 ലും കോണ്‍ഗ്രസിന്റെ മൂന്നും, നാലും സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒട്ടുമിക്ക വാര്‍ഡുകളിലും. കോണ്‍ഗ്രസ് മണ്ഡലം നേതാക്കളും, ബ്ലോക്ക് ഭാരവാഹികളും മുഖാമുഖം മത്സരത്തിനാണ് കച്ചക്കെട്ടുന്നത്. ഒരു വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഒന്നില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കളാണ് വിജയം കൊയ്യാന്‍ രംഗത്തുള്ളത്.
വടക്കാഞ്ചേരി നഗരസഭയില്‍ മൂന്നിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതര്‍ ഉറച്ചുനല്‍ക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹൈദര്‍ കോയ 14 ാം ഡിവിഷനിലും, 23 ാം ഡിവിഷനില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോസഫ് തൈക്കാടനും, 25 ാം ഡിവിഷനില്‍ പി എ സെലിജയും വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. പതിനാലാം ഡിവിഷന് മുസ്ലീം ലീഗിനു വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഹൈദര്‍ കോയ വിമതനായി മത്സരിക്കുന്നത്. ഇരുപത്തി അഞ്ചാം ഡിവിഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക പി എ സെലിജക്ക് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തുറന്ന് പ്രവര്‍ത്തന രംഗത്ത് സജീവമായി. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇരുപത്തിമൂന്നാം ഡിവിഷനില്‍ മത്സരിക്കുന്ന ജോസഫ് തൈക്കാടന്‍ നിര്‍വ്വഹിച്ചു.