23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 14, 2025
January 6, 2025
January 3, 2025
December 28, 2024
December 27, 2024
December 23, 2024
December 22, 2024
December 16, 2024
December 15, 2024

സിറിയ പിടിച്ചെടുത്ത് വിമതർ; പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം

Janayugom Webdesk
ദമാസ്‌ക്കസ്/ ന്യൂഡല്‍ഹി
December 8, 2024 10:30 am

സിറിയയില്‍ അരനൂറ്റാണ്ടായി തുടര്‍ന്നുവന്ന അസദ് ഭരണം അവസാനിച്ചുവെന്നും തലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുത്തതോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്നും വിമതസൈന്യം. അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട അല്‍ നുസ്ര ഫ്രണ്ട് എന്നറിയപ്പെടുന്ന ഹയാത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) പ്രവര്‍ത്തകരാണ് സിറിയന്‍ തലസ്ഥാനമുള്‍പ്പെടെ പിടിച്ചെടുത്തത്. അതേസമയം വിമതര്‍ കയ്യടക്കിയ മേഖലകള്‍ തിരിച്ചുപിടിച്ചെന്നും തലസ്ഥാനത്തുള്‍പ്പെടെ ആധിപത്യം പുലര്‍ത്തുകയാണെന്നും ഔദ്യോഗിക സൈനിക മേധാവിയുടെ പ്രസ്താവനയും പുറത്തുവന്നു.

ബാഷര്‍ അല്‍ അസദിന്റെ പിതാവ് ഹഫീസ് അല്‍ അസദ് 1970ലാണ് ബാത് പാര്‍ട്ടിയിലെ അട്ടിമറിയോടെ അധികാരത്തിലെത്തി മൂന്ന് പതിറ്റാണ്ട് കാലം സിറിയ ഭരിച്ചത്. പിതാവിന്റെ മരണത്തോടെ 2000ത്തില്‍ ബാഷര്‍ അല്‍ അസദ് ഭരണതലപ്പത്തെത്തി. 2011ലാണ് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നത്. 14 വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. 60 ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി.
വിമതര്‍ക്കെതിരായ ചെറുത്തുനില്പിന് റഷ്യയും ഇറാനും അസദിന് പിന്തുണ നല്‍കിയിരുന്നു. ഇറാനിലെ പ്രാദേശിക പ്രശ്നങ്ങളും റഷ്യന്‍ ഉക്രെയ്ന്‍ വിഷയങ്ങളും ശ്രദ്ധതിരിച്ച തക്കത്തിനാണ് വിമതര്‍ പോരാട്ടം ശക്തമാക്കിയത്. അലപ്പൊ, ഹമ, ഹോംസ് എന്നീ നഗരങ്ങള്‍ കീഴടക്കിയതിന് പിന്നാലെയാണ് വിമതര്‍ ദമാസ്കസ് ലക്ഷ്യമിട്ടത്.

വിമതസൈന്യം എത്തിയതിന് പിന്നാലെ ദമാസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവയ്പുകളുണ്ടായി. ഹഫീസ് അല്‍ അസദിന്റെ പ്രതിമകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെദ്നായ ജയില്‍ ഉള്‍പ്പെടെയുള്ള കാരാഗൃഹങ്ങളില്‍ തടവിലാക്കപ്പെട്ടവരെ വിമതസൈന്യം മോചിതരാക്കി.
അധികാര കൈമാറ്റത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി എന്ന അഹമ്മദ് ഷറാ പറഞ്ഞു. പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി കാവല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കും. സിറിയന്‍ ജനത തെരഞ്ഞെടുത്ത ഔദ്യോഗിക പ്രതിപക്ഷ നേതൃത്വവുമായി സഹകരിക്കാന്‍ ജലാലി സന്നദ്ധത അറിയിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അസദ് വിമാനത്തില്‍ രാജ്യംവിട്ട വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായെന്നും തകര്‍ന്നുവീണെന്നും അഭ്യൂഹങ്ങളുയര്‍ന്നു. പിന്നീട് അസദ് സിറിയ വിട്ടതായി റഷ്യയും സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം അസദിനെ നാടുകടത്തിയതുകൊണ്ടുമാത്രം സിറിയയിലേക്ക് സമാധാനം കടന്നുവരില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എച്ച്ടിഎസിന്റെ തീവ്രവാദ പശ്ചാത്തലമാണ് ഇതിന് ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന് അകത്തും പുറത്തുമായി പലായനം ചെയ്തവരും തിരിച്ചുവരവിന് തയ്യാറായേക്കില്ല.

ഇന്ത്യക്കാര്‍ സുരക്ഷിതര്‍

സിറിയയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും തലസ്ഥാനമായ ദമാസ്കസിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എല്ലാവരും എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും അവര്‍ പറഞ്ഞു. വിമതര്‍ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുക്കുമെന്ന സൂചന ലഭിച്ചതോടെ എംബസി ഇന്ത്യക്കാര്‍ക്ക് മടങ്ങാനുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.