കേന്ദ്ര സ്മാര്‍ട്ട് സിറ്റി: മുന്‍ സര്‍ക്കാര്‍ ഉഴപ്പിയ പദ്ധതിക്ക് പുതുജീവന്‍

Web Desk
Posted on November 16, 2018, 9:58 pm

ബേബി ആലുവ
കൊച്ചി: സംസ്ഥാനത്തെ മുന്‍ സര്‍ക്കാര്‍ തട്ടിക്കളിച്ച് അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു. പദ്ധതിയുടെ രണ്ടാം ഗഡു അനുവദിക്കാതിരിക്കാന്‍ കേന്ദ്രത്തിനു പിടിവള്ളിയായത് പദ്ധതി നടത്തിപ്പില്‍ വന്ന ഈ വീഴ്ചയായിരുന്നു.
കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്ത രാജ്യത്തെ20 പ്രധാന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി അഞ്ചാം സ്ഥാനത്തായിരുന്നു.97 നഗരങ്ങളുടെ ലിസ്റ്റില്‍ നിന്നാണ് അവസാനത്തെ വിലയിരുത്തലില്‍ 20 എണ്ണത്തെ തെരഞ്ഞെടുത്തത്.നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകളും സംബന്ധിച്ച രൂപരേഖ 2015 ആദ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ചെയ്തു. രൂപരേഖ സമര്‍പ്പിക്കുന്നതില്‍ വരുത്തിയ കാലവിളംബം മൂലമാണ് സംസ്ഥാനത്തിന്റെ സ്ഥാനം പട്ടികയില്‍ അഞ്ചാമതായിപ്പോയതെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. പദ്ധതി സംബന്ധിച്ച് നഗരവാസികള്‍ക്കുള്ള ആശങ്കയും അവ്യക്തതയും നിലനില്‍ക്കെ, അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലാക്കാക്കി കുറെ പദ്ധതികളുടെ തറക്കല്ലിടലും എങ്ങുമെത്താത്ത ചിലതിന്റെ ഉദ്ഘാടനവും യു ഡി എഫ് സര്‍ക്കാര്‍ ബദ്ധപ്പെട്ട് ആഘോഷമായി കൊണ്ടാടി. ഇങ്ങനെ സംഭവിച്ച കാലതാമസം പദ്ധതി ലക്ഷ്യം കാണുന്നതിനു തടസ്സമായി.മറ്റു സംസ്ഥാനങ്ങളില്‍ ഈ സമയം കൊണ്ട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നോട്ടു പോയി. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിനു താത്പര്യമില്ലെന്നു പ്രചരിപ്പിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ഈ അവസരം സഹായകമാവുകയും ചെയ്തു.
ജലഗതാഗതം, ബഹുവിധ യാത്രാ സൗകര്യം, കനാലുകളുടെയും തുറസ്സായ സ്ഥലങ്ങളുടെയും വികസനം, തടസ്സമില്ലാത്ത കുടിവെള്ള വിതരണം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് കൊച്ചിയില്‍ ഊന്നല്‍ നല്‍കിയിരുന്നത്. സാമ്പത്തിക വളര്‍ച്ച, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രാദേശിക വികസനം, ടെക്‌നോളജിയുടെ വികസനം എന്നിവയാണ് പൊതുവെ സ്മാര്‍ട്ട് സിറ്റി ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അറിയിപ്പ്. അഞ്ചു വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് ഓരോ നഗരത്തിലെയും പദ്ധതിക്കായി കേന്ദ്രം വിഭാവന ചെയ്യുന്നത് എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ഇതിന്റെ നേര്‍പകുതിയായ 500 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ് എന്നതാണ് വസ്തുത. പദ്ധതി ഗുണം ചെയ്യുന്നത് കൊച്ചി നഗരത്തിനായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 500 കോടിയുടെ പകുതിയായ 250 കോടി കൊച്ചി കോര്‍പ്പറേഷന്‍ വഹിക്കണമെന്നായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
പദ്ധതിക്കുള്ള ആദ്യ ഗഡുവായി കേന്ദ്രത്തില്‍ നിന്നു ലഭിച്ച വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ന്ന ഫണ്ടില്‍ നിന്ന് നിസ്സാര തുക മാത്രമാണ് ചെലവഴിച്ചത്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വ്യക്തതയുണ്ടാക്കാതിരുന്നതിനാല്‍ തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാരിന് കുരുക്കഴിക്കാന്‍ സമയം വേണ്ടിവന്നു. ഇനി, ആദ്യഫണ്ടിന്റെ 75 ശതമാനം ചെലവഴിച്ചാലേ രണ്ടാം ഗഡു വിഹിതം അനുവദിക്കു എന്ന പിടിവാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍.ആ നിബന്ധന പ്രകാരം പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോയാലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പദ്ധതി പൂര്‍ത്തിയാകില്ല. ഇലക്ഷനും അധികാരക്കൈമാറ്റവുമൊക്കെ കഴിഞ്ഞ് കാര്യങ്ങള്‍ നേരേ ചൊവ്വേയാകാന്‍ വേണ്ടി വരുന്ന കാലതാമസവും മറ്റും കണക്കാക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നു പണം കിട്ടി പദ്ധതി പൂര്‍ത്തിയാക്കല്‍ പിന്നെയും വൈകും.ഈ സാഹചര്യത്തിലാണ്, ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വികസന ഗവേഷണ ഏജന്‍സികളുമായി കൈകോര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായിട്ടുള്ളത്.ഇതിന്റെ ഫലമായി ടെണ്ടര്‍ നടപടികളും മറ്റും സജീവമായിക്കഴിഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപ സാധ്യതകള്‍ തേടി ബെല്‍ജിയത്തില്‍ നിന്ന് ഒരു സംഘം കേരളത്തിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.പദ്ധതിയില്‍പ്പെടുന്ന പ്രവൃത്തികള്‍ക്കു വേഗം കൂട്ടാനും പ്രവൃത്തികള്‍ ഏകോപിക്കുവാനുമായി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സി എസ് എം എല്‍ ) എന്ന പേരില്‍ രൂപവത്കരിച്ചിട്ടുള്ള കമ്പനിയാകും, ജര്‍മ്മന്‍ ഏജന്‍സികളുടെ സേവനങ്ങള്‍ ഏതെല്ലാം രീതിയില്‍ പ്രയോജനപ്പെടുത്താം എന്നു തീരുമാനിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിനു കീഴില്‍ പദ്ധതി കുതിക്കും എന്ന ധാരണ പരന്നതോടെ ഇംഗ്ലണ്ട് കേന്ദ്രമായ ഒരു സ്ഥാപനവും സ്മാര്‍ട്ട് സിറ്റിക്കു സാങ്കേതിക സഹായം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായി ഇതുവരെ അനുവദിച്ചിട്ടുള്ളത് ആദ്യ ഗഡുവിലെ 196 കോടി രൂപ മാത്രം.