റീ ബില്‍ഡ് കേരള: പുതിയ വീടിന്റെ സുരക്ഷിതത്വത്തില്‍ ഉത്തമനും കുടുംബവും

Web Desk
Posted on July 10, 2019, 4:10 pm

കൊച്ചി: പ്രളയത്തിന്റെ ഭീതിത ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം ആകുമ്പോള്‍ പ്രളയം തകര്‍ത്ത പഴയ വീടിനു പകരം സര്‍ക്കാര്‍ ധനസഹായത്തോടെ പണി പൂര്‍ത്തിയായ പുതിയ വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുകയാണ് കാഞ്ഞിരമറ്റം കരിപ്പാടം നിവാസികളായ കെ.പി ഉത്തമനും ഭാര്യ ഉദയമ്മയും. കയറിക്കിടക്കാന്‍ വീടായല്ലോ ഇനിയെല്ലാം വീണ്ടെടുക്കാം എന്ന ആത്മ വിശ്വാസത്തിലാണ് ഉദയമ്മ.

കഴിഞ്ഞ പ്രളയകാലത്ത് ആമ്പല്ലൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കരിപ്പാടം പ്രദേശത്തെ 10 വീടുകളിലും വെള്ളം കയറി. ആഗസ്റ്റ് 15 ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രണ്ടാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു വശം ഭിത്തിയും ബാക്കി പലകയും മറച്ച തന്റെ വീട് നിലംപൊത്തിയ കാഴ്ചയാണ് ഉത്തമന്‍ കണ്ടത്. സ്ഥിരവരുമാനമില്ലാത്ത ഉത്തമന് പുതിയ വീട് പണിയുന്ന കാര്യം ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു.

വാഹന സൗകര്യമില്ലാത്ത പ്രദേശത്തേക്ക് നിര്‍മ്മാണ വസ്തുക്കള്‍ എത്തിക്കണമെങ്കില്‍ വള്ളത്തെ ആശ്രയിക്കണം. സാധാരണ സ്ഥലത്ത് വീട് പണിയുന്നതിലും ഇരട്ടി തുക ഇതിനാല്‍ ചെലവാകും. റീബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ധനസഹായം നല്‍കിയതിനാല്‍ മാത്രമാണ് തനിക്ക് നല്ലൊരു വീടെന്ന ആഗ്രഹം സാധ്യമായതെന്ന് ഉത്തമന്‍ പറയുന്നു.

വടക്ക് കോണോത്തുപുഴയും തെക്ക് പൂത്തോട്ട കായലും ചേരുന്ന പ്രദേശമാണ് കരിപ്പാടം. ചെളിനിറഞ്ഞ പ്രദേശമായതിനാല്‍ വീട് നിര്‍മ്മാണത്തിന് പൂഴി മണ്ണ് വലിയ തോതില്‍ എത്തിക്കേണ്ടി വന്നു. ഭാവിയില്‍ വെള്ളമുയര്‍ന്നാലും വെള്ളം കയറാത്ത വിധത്തില്‍ തറ ഉയരം കൂട്ടി പ്രത്യേകം ബലപ്പെടുത്തിയാണ് പുതിയ വീടിന്റെ നിര്‍മ്മാണം. ചതുപ്പ് പ്രദേശമായതിനാല്‍ വീടിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റിംഗ് ഒഴിവാക്കി ഷീറ്റ് വിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

YOU MAY LIKE THIS VIDEO ALSO