Web Desk

തിരുവനന്തപുരം

December 15, 2020, 9:35 pm

റീബിൽഡ് കേരള: ലോകബാങ്കിന്റേയും ജർമൻ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും

Janayugom Online

കേരളത്തിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജർമൻ ബാങ്കായ കെ. എഫ്. ഡബ്‌ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവർത്തനങ്ങളിൽ റീബിൽഡ് കേരളയുടെ മികവാർന്ന പ്രവർത്തനവും സമർപ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നൽകാൻ ലോകബാങ്കും ജർമൻ ബാങ്കും തയ്യാറായിരിക്കുന്നത്.

പദ്ധതികളുടെ ഫലം വിലയിരുത്തിയുള്ള, അഞ്ച് വർഷ കാലയളവിലേക്കുള്ള, സഹായമാവും ലോകബാങ്ക് രണ്ടാം ഘട്ടത്തിൽ നൽകുക. റീബിൽഡ് കേരളയുടെ വികസന പദ്ധതികൾക്കൊപ്പം സംസ്ഥാന ആരോഗ്യ മിഷന്റെ കോവിഡ് 19 പ്രവർത്തനങ്ങൾക്കും ഈ സഹായം വിനിയോഗിക്കാനാവും. 2021 ഏപ്രിലിൽ ലോകബാങ്കുമായി വായ്പാ കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലവിതരണം, ശുചീകരണം, കാലാവസ്ഥബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇൻഷ്വറൻസും ഫിനാൻസിങ്ങും എന്നിവയ്ക്കാണ് ജർമൻ ബാങ്കിന്റെ സഹായം ലഭ്യമാവുക. ഈ മാസം 18ന് കെ. എഫ്. ഡബ്‌ള്യുവുമായി കരാർ ഒപ്പുവയ്ക്കും. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റീബിൽഡ് കേരള സി. ഇ. ഒ ആർ. കെ. സിംഗ് അറിയിച്ചു.

ആദ്യഘട്ട സഹായം എന്ന നിലയിൽ ലോകബാങ്ക് 1779.58 കോടി രൂപയാണ് റീബിൽഡ് കേരളയ്ക്ക് നൽകിയത്. ജർമൻ ബാങ്ക് 170 മില്യൺ യൂറോയും നൽകി. നവംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 7192.78 കോടി രൂപയുടെ പദ്ധതികൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നൽകിയിട്ടുണ്ട്. 12 വകുപ്പുകൾ മുഖേനയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. 3755.79 കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്യുകയും 2831.41 കോടി രൂപയുടെ കരാർ നൽകുകയും ചെയ്തു. 509.90 കോടി രൂപ ബന്ധപ്പെട്ട വകുപ്പുകൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വിതരണം ചെയ്തു. 2019 മുതൽ 2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണ് റീബിൽഡ് കേരളയിൽ അസൂത്രണം ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry: Rebuild Ker­ala will get help from world bank

You may also this video: