Janayugom Online
remake kerala-jna

പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5,894 വീടുകള്‍ പുനര്‍നിര്‍മ്മിച്ചു

Web Desk
Posted on July 12, 2019, 10:47 pm

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍, ഇതുവരെ പൂര്‍ത്തീകരിച്ചത് 5,894 വീടുകള്‍. 298 കോടി രൂപ ചെലവഴിച്ചാണ് വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചത്. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകള്‍ക്കായി 1274.5 കോടി രൂപയും സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.
15,463 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ സ്വയം പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറായി 9,329 പേര്‍ മുന്നോട്ടുവന്നിരുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ സഹായം നല്‍കി. പ്രളയം തകര്‍ത്ത മറ്റു വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
തകര്‍ന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തില്‍ കുറവും 16 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് മുഴുവന്‍ സഹായവും സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഇരുവിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കള്‍ക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കെയര്‍ഹോം പദ്ധതിയില്‍ 2,000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 1,500 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകള്‍ ഓഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിന്റേയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 2000 ഫഌറ്റുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മ്മാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വീടുകളുടെ നാശനഷ്ടം നിര്‍ണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യു വകുപ്പിന് ലഭിച്ചത്. ഇതില്‍ 85,141 അപ്പീലുകളില്‍ തീരുമാനമായി. അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപ വീതം നല്‍കിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള നയരേഖയായ കേരള പുനര്‍നിര്‍മ്മാണ വികസനപരിപാടിയുടെ കരടിന് മെയ് 21 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ കൂടി അതിജീവിക്കുന്ന വിധം കരുത്തോടെയും പ്രകൃതി സൗഹൃദപരമായും പുനര്‍നിര്‍മ്മിക്കുകയെന്ന കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
അതിന് മുമ്പ് തന്നെ ദുരന്തത്തില്‍ നേരിട്ട് ഇരകളായവരെ സഹായിക്കുന്നതിനുള്ള കര്‍മ്മപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. സമയബന്ധിതമായി ഇക്കാര്യത്തില്‍ നടപടികളുണ്ടായെന്നാണ് ദുരന്തം നടന്ന് ഒരു വര്‍ഷമെത്തുന്നതിന് മുമ്പ് തന്നെ ഇത്രയധികം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലൂടെ വ്യക്തമാകുന്നത്.