റോഡുകളുടെ പുനരുദ്ധാരണം പഠനങ്ങള്‍ക്ക് ശേഷം

Web Desk
Posted on August 28, 2018, 9:52 pm
സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം: ഉടുമ്പന്‍ചോല റോഡ് തകര്‍ന്നത് നിരവധി ഭാഗങ്ങളില്‍. നിലവില്‍ പാതയിലൂടെ പല ഭാഗത്തും വണ്‍വേ ഗതാഗതം മാത്രമാണ് സാദ്ധ്യമാകുന്നത്. റോഡ് പുനരുദ്ധാരണത്തിന് 100 കോടിയോളം വരുമെന്നാണ് പ്രാഥമിക കണക്ക്. നിരവധി റോഡുകള്‍ വിണ്ട് കീറിയതിനാല്‍ ഇത് എത്രമാത്രം ഗൗരവകരമാണെന്നുള്ളത് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് പഠനം നടത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളു. പഠനം നടത്താതെയുള്ള നിര്‍മ്മാണം ഭാവിയില്‍ കൂടുതല്‍ അപകടവാസ്ഥയ്ക്ക് കാരണമായേക്കാം. എന്നാതിനാല്‍ ഇത്തരം റോഡുകളുടെ പുനര്‍നിര്‍മ്മാണം പഠനങ്ങള്‍ക്ക് ശേഷം മാത്രമേ നടക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.
ഹൈറേഞ്ചിലെ പ്രധാന പാതകളിലൊന്നായ കുമളി- മൂന്നാര്‍ പാതയില്‍ മഴക്കെടുതിയില്‍ ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത് നെടുങ്കണ്ടം മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗങ്ങളിലാണ്. പല ഭാഗത്തും റോഡ് അടര്‍ന്ന് താഴേയ്ക്ക് പതിച്ച അവസ്ഥയിലാണ്. മണ്ണ് ഇടിഞ്ഞ് വീണും റോഡിന് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. മയിലാടുംപാറക്കും ഉടുമ്പന്‍ചോലയ്ക്കുമിടയിലായി റോഡ് വിണ്ടു കീറിയ നിലയിലുമാണ്. ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത് കല്‍ക്കൂന്തലിന് സമീപം കൊടുംവളവുകള്‍ നിറഞ്ഞ പ്രദേശത്താണ്. ഇവിടെ നിരവധി ഭാഗങ്ങളില്‍ റോ‍ഡ് താഴേയ്ക്ക് ഇടിഞ്ഞിട്ടുണ്ട്. നൂറടിയിലധികം ഉയരത്തില്‍ നിന്നാണ് റോഡിന്‍റെ വശങ്ങള്‍ ഇടിഞ്ഞ് താഴേയ്ക്ക് പതിച്ചിരിക്കുന്നത്. മണ്ണും കല്ലുകളും വീണ് താഴ് ഭാഗത്തുള്ള ഒരു വീടും തകര്‍ന്നിരുന്നു. ഈ പ്രദേശത്ത് റോഡിന് സംരക്ഷണ ഭിത്തി ഒരുക്കുന്നതിന് കോടികള്‍ ചെലവാകും. താരതമ്യേന അപകട സാദ്ധ്യതകള്‍ കൂടുതലുള്ള മേഖലയാണിവിടം.
നിലവില്‍ വണ്‍വേ ട്രാഫിക് മാത്രമാണെന്നത് അപകടം സംഭവിയ്ക്കാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഉടുമ്പന്‍ചോലക്ക് സമീപം നിരവധി പ്രദേശങ്ങളില്‍ റോഡ് അടര്‍ന്ന് താഴേയ്ക്ക് പതിച്ച അവസ്ഥയിലാണ്. ഇവിടെ കല്‍കെട്ട് നിര്‍മ്മിച്ച് റോഡ് പുനര്‍നിര്‍മ്മാണം നടത്തണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുനരുദ്ധാരണം നടത്തിയ റോഡാണിത്. നിലവിലെ അവസ്ഥയില്‍ റോഡ് പൂര്‍ണ്ണ രീതിയില്‍ ഗതാഗത യോഗ്യമാക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും തൊഴിലാളി വാഹനങ്ങളും അടക്കം ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയാണിത്. നിലവിലെ റോഡിന് സമാന്തര പാതയായ ഉടുമ്പന്‍ചോല- കല്ലുപാലം- കോമ്പയാര്‍— നെടുങ്കണ്ടം റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുക എന്നതാണ് അടിയന്തിരമായി നടത്തേണ്ടത്. സംസ്ഥാന പാതയുടെ പുനരുദ്ധാരണത്തിനൊപ്പം സമാന്തരപാത ഗതാഗത സജ്ജമാക്കാനും നടപടിയുണ്ടാവണം.