ധനമന്ത്രിയുടെ 20,000 കോടി ഭവന മേഖലയ്ക്ക് ഉത്തേജകമാവില്ല

Web Desk
Posted on September 16, 2019, 11:34 am

ന്യൂഡല്‍ഹി: നിര്‍മ്മലാ സീതാരാമന്റെ 20,000 കോടി ഭവന മേഖലയ്ക്ക് ഉത്തേജകമാവില്ല. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഭവന മേഖലയ്ക്കായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍.
റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിന്റെ ഗുരുതരമായ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇത് തീരെ അപര്യാപ്തമാണെന്ന് കരുതുന്നതായും ഉപരിതലത്തില്‍ മാത്രം പ്രശ്‌നപരിഹാരം തേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജാക്‌സെ ഷാ ബ്ലൂംബെര്‍ഗ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ക്വിന്റിനോട് പറഞ്ഞു.
11,000 ത്തോളം ഭവന നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തി ഫെബ്രുവരിയില്‍ ഗവേഷണ സ്ഥാപനമായ ലിയേസ് ഫോറസ് നടത്തിയ പഠനത്തില്‍ ഡെവലപ്പര്‍മാര്‍ ഓരോ വര്‍ഷവും ശരാശരി ഇരട്ടി കടം തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലെ വസ്തു വിലകള്‍ കുറയുന്നതിനാലാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. 2017 ല്‍ മുംബൈയിലെ ഭവന മൂല്യത്തില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 11 ശതമാനമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്.

ദേശീയ തലസ്ഥാന നഗരം പോലുള്ള സ്ഥലങ്ങളില്‍ നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കാരണം പദ്ധതികള്‍ പലതും സ്തംഭനത്തിലോ കാലതാമസം നേരിട്ടിരിക്കുകയോ ആണ്. അത്തരം പദ്ധതികള്‍ക്ക് ഇപ്പോഴത്തെ പ്രഖ്യാപനം ഒരു തരത്തിലുള്ള സഹായവും നല്‍കുകയില്ല. കാരണം ഇവിടെ അപൂര്‍ണ്ണമായ ഭവന പദ്ധതികളില്‍ ഭൂരിഭാഗവും നിയമവ്യവഹാരത്തിലോ അല്ലെങ്കില്‍ ഇതിനകം തന്നെ നിഷ്‌ക്രിയ ആസ്തികളുടെ പട്ടികയിലോ ഉള്‍പ്പെട്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികള്‍ക്ക് ഇപ്പോഴത്തെ ധനസഹായം ഒരു പിന്തുണയും നല്‍കാന്‍ പോകുന്നില്ലെന്ന് ഹിരാനന്ദനി ഗ്രൂപ്പ് സ്ഥാപകന്‍ നിരഞ്ജന്‍ ഹിരാനന്ദനി പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖമായ ഏഴ് നഗരങ്ങളില്‍ 4.5 ട്രില്യണ്‍ രൂപ (65 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്ന 5,60,000 വീടുകളുടെ നിര്‍മ്മാണം സ്തംഭനാവസ്ഥയില്‍ കുടുങ്ങുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നുവെന്ന് അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് അഭിപ്രായപ്പെടുന്നു. ഈ പദ്ധതികള്‍ രാജ്യത്തിന്റെ ആസ്തി വിപണിയില്‍ മാന്ദ്യത്തിന്റെ കേന്ദ്രമായി നില്‍ക്കുകയും ഒപ്പം ഡവലപ്പര്‍മാരുടെ സ്ഥിരസ്ഥിതി അപകടസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതിനുള്ള പ്രധാനകാരണമായി നില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഇപ്പോഴത്തെ പ്രഖ്യാപനം ഈ മേഖലയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.