Web Desk

ന്യൂഡല്‍ഹി

January 13, 2021, 10:47 pm

രാജ്യത്തെ വ്യാവസായിക ഉല്പാദനത്തിൽ തളര്‍ച്ച

Janayugom Online

രാജ്യത്തെ വ്യാവസായിക ഉല്പാദനം നവംബറിൽ 1.9 ശതമാനം ഇടിഞ്ഞതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം.
തുടർച്ചയായി ആറുമാസം വിപരീത വളർച്ച രേഖപ്പെടുത്തിയ ശേഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നേരിയ വളർച്ചയുണ്ടായിരുന്നു. അതിനുശേഷമാണ് വീണ്ടും വിപരീത വളർച്ചയിലേക്ക് വീണിരിക്കുന്നത്. വ്യാവസായിക ഉല്പാദന സൂചിക അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ ഫാക്ടറി ഉല്പാദനം വിലയിരുത്തുന്നത്. കോവിഡിനെത്തുടർന്ന് നടപ്പുവര്‍ഷം ഇതുവരെ 18.7 ശതമാനം ഇടിവാണ് സംഭവിച്ചത്. 2019 നവംബറിൽ വ്യാവസായിക ഉല്പാദനം 2.1 ശതമാനം വളർച്ച നേടിയിരുന്നു.

ഉല്പാദന, ഖനന മേഖലകളിലെ തളർച്ചയാണ് വ്യാവസായിക ഉല്പാദന സൂചികയുടെ ഇടിവിന് കാരണം. ഖനന മേഖല 7.3 ശതമാനവും ഉല്പാദന മേഖല 1.7 ശതമാനവും ഇടിഞ്ഞു. സൂചികയുടെ 77 ശതമാനം ഉല്പാദന മേഖലയുടെ പങ്കാളിത്തമാണ്. അതേസമയം വൈദ്യുത മേഖല 3.5 ശതമാനം വളര്‍ച്ച കുറിച്ചു. സെപ്റ്റംബറിൽ വ്യാവസായിക ഉല്പാദനത്തിൽ 0.48 ശതമാനവും ഒക്ടോബറിൽ 3.6 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. നവംബറിൽ രാജ്യത്തെ എട്ട് പ്രധാനപ്പെട്ട വ്യവസായ മേഖലകളില്‍ 2.6 ശതമാനം വിപരീത വളര്‍ച്ചയുണ്ടായതായി നേരത്തെ കണക്കുകൾ പുറത്തുവന്നിരുന്നു. 

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം കുറഞ്ഞതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ പണപ്പെരുപ്പം 4.59 ശതമാനമായി കുറഞ്ഞു. നവംബറില്‍ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവില സൂചിക അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പം നവംബറിൽ 9.5 ശതമാനം ആയിരുന്നത് 3.41 ശതമാനമായും കുറഞ്ഞു. ഡിസംബറില്‍ പച്ചക്കറി ഉല്പന്നങ്ങളുടെ വില 10.14 ശതമാനം താഴോട്ടു പോയതാണ് ഭക്ഷ്യ ഉല്പന്നങ്ങളുടെ വിലയെ കാര്യമായി സ്വാധീനിച്ചത്. അതേസമയം, ഭക്ഷ്യ എണ്ണ മേഖല 20.05 ശതമാനവും മുട്ട ഉല്പാദന മേഖല 16.08 ശതമാനവും ധാന്യ മേഖല 15.98 ശതമാനവും വിലവര്‍ധനവ് രേഖപ്പെടുത്തി. മത്സ്യമാംസാദികള്‍ക്കും ഡിസംബറിൽ 15.21 ശതമാനം വില ഉയർന്നു. 

ENGLISH SUMMARY:Recession in indus­tri­al pro­duc­tion in the country
You may also like this video