February 4, 2023 Saturday

തിരിച്ചുപിടിച്ച ജീവിതം

വിജയ് സി എച്ച്
April 5, 2020 7:00 am

വായിൽ വെള്ളിക്കരണ്ടിയുമായി പിറക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു ഡോ. സൗമ്യയുടെ മനസ്സിന് പത്തരമാറ്റ് സ്വർണ്ണത്തിന്റെ ഗുണമേന്മ! ചോർന്നൊലിക്കുന്ന വീട്ടിൽ വളർന്നു, ബാങ്ക് ലോൺ എടുത്തു പഠിച്ചു ഡോക്ടറായൊരു പെൺകുട്ടിക്ക്, ഒരു ജീവന്റെ വില എത്രത്തോളം വലുതാണെന്ന് മറ്റാരേക്കാളുമേറെ അറിയാം. ഇടുങ്ങിയ പാതയിൽ ഇരമ്പിയെത്തിയ കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസ്സഞ്ചർ ബസ്, സീബ്രാ ക്രോസ്സിങ്ങിലൂടെ റോഡ് മുറിച്ചു കടക്കുന്ന ജോയി എന്നൊരാളെ ഇടിച്ചു തെറിപ്പിച്ചു.

അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാർ തലയും നെഞ്ചും തകർന്നു രക്തം വാർന്നൊഴുകുന്ന ജോയിയുടെ ചുറ്റും കൂടുന്നതിനിടയിലാണ്, സഡ്ഡൻ ബ്രേക്കിട്ടു നിർത്തിയ സർക്കാർ ബസിൽനിന്നും ചാടിയിറങ്ങി സൗമ്യ ജോയിയുടെ രക്ഷക്കെത്തുന്നത്. മാള‑തൃശ്ശൂർ റൂട്ടിലെ ഒല്ലൂരിനടുത്ത പനംകുറ്റിച്ചിറയിലായിരുന്നു അത്യാഹിതം നടന്നത്.

മാളയിലെ വടമ സ്റ്റോപ്പിൽനിന്നു താൻ ജോലി ചെയ്യുന്ന തൃശ്ശൂർ സിറ്റിയിലെ അശ്വിനി അശുപത്രിയിലെത്താൻ സൗമ്യ പതിവായി ആശ്രയിക്കുന്നത് ഈ വഴിയിലോടുന്ന സർക്കാർ ബസുകളെയാണ്. കാലത്തും വൈകിട്ടും പത്തമ്പതു കിലോമീറ്റർ ദൂരമുള്ള രണ്ടു യാത്രകൾ. മനുഷ്യജീവന് ഒട്ടും വില കൽപ്പിക്കാതെ മത്സരിച്ചോടുന്ന സ്വകാര്യ വാഹനങ്ങളേക്കാൾ അൽപ്പമെങ്കിലും സുരക്ഷിതത്വമുള്ളത് സർക്കാർ ബസുകൾക്കാണല്ലൊ. എന്നാൽ ആ ധാരണ ഇപ്പോൾ തെറ്റിയിരിക്കുന്നു! സർക്കാർ ബസാണ് ഇവിടെ ദുരന്തകാരണം. താൻ സഞ്ചരിച്ച വാഹനം അപകടപ്പെടുത്തിയൊരാളെ രക്ഷിക്കേണ്ട ചുമതല തനിക്കാണേറെയെന്ന് സൗമ്യയുടെ മനസ്സു മന്ത്രിച്ചു. താനൊരു ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി, സൗമ്യ തൽക്ഷണം രക്ഷാപ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടു.

അപകടസ്ഥലത്തുനിന്നു ആദ്യം ലഭിച്ച ഒരു ഒംമ്നി വാനിൽ സ്ഥലത്തു കൂടിനിന്നവർ ജോയിയെ എടുത്തുകിടത്തി. സിറ്റിയിലെ അശുപത്രിയിൽ എത്തുന്നതുവരെ ജോയിയുടെ ജീവൻ നിലനിൽക്കില്ലെന്നു തിരിച്ചറിഞ്ഞ സൗമ്യ, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു വണ്ടി തിരിച്ചുവിടാൻ നിർദ്ദേശിച്ചു.

“ആംബുലൻസിനെപ്പോലെ, സൈറനും ഫ്ലാഷിങ് ലൈറ്റുകളുമൊന്നുമില്ലാത്ത വാഹനമായതിനാൽ, അടുത്തുള്ള ആശുപത്രിയിലേക്കെത്താനും പതിനഞ്ചു മിനിറ്റിലധികം സമയം സഞ്ചരിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന ഷോർട്ട്കട്ട് ഊടുവഴികളിലൂടെ പരമാവധി വേഗത്തിൽ ഒംമ്നി മിന്നുകയായിരുന്നു.” സൗമ്യ ഉദ്വേഗജനകമായ അനുഭവങ്ങൾ പങ്കിട്ടു. തലയോട് തകർന്ന് മസ്തിഷ്കത്തിലെ ധമനികൾ‍ പൊട്ടി, ധാരധാരയായി ഒലിച്ചിറങ്ങുന്ന രക്തം, ജോയിയുടെ തൊണ്ടയിൽ കെട്ടിക്കിടന്ന് ശ്വാസതടസ്സം നേരിടാതിരിക്കാൻ, സൗമ്യ ജോയിയെ ചരിച്ചു കിടത്തി, വായിലൂടെ രക്തം വാർന്നുപോകാൻ അവസരമുണ്ടാക്കി. ജോയിയുടെ ശ്വാസം നിലച്ചു. കൈകാലുകൾക്ക് ചലനമറ്റു. തല പൂർണ്ണമായും കീഴോട്ടു തളർ‍ന്നുവീണു.

“നടുക്കം നിയന്ത്രിച്ച്, ഞൊടിയടക്കുള്ളിൽ ഞാൻ ജോയിയുടെ നാഡിമിടിപ്പ് പരിശോധിച്ചു. അതെ, എല്ലാം നിശ്ചലമായിരിക്കുന്നു, ” സൗമ്യയുടെ ശബ്ദത്തിൽ വൈകാരികത തുളുമ്പി.

“ഡോക്ടറേ, ജോയി പോയല്ലേ… ” പതിഞ്ഞ ശബ്ദത്തിൽ ഒംനിയിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ഒരേസ്വരത്തിൽ സൗമ്യയോടു ചോദിച്ചു. ഒംമ്നിയുടെ ഇടത്തും വലത്തുമുള്ള സീറ്റുകൾക്കിടയിലെ ഇടുങ്ങിയ സ്ഥലത്ത് കിടന്ന ജോയിയെ സൗമ്യ മലർത്തിക്കിടത്തി. സകല ശക്തിയും സംഭരിച്ച് നെഞ്ചിൽ ഒരു പിടി പിടിച്ചു. ‘ചെസ്റ്റ് കമ്പ്രഷൻസ്! വൈദ്യശാസ്ത്ര ഭാഷയിൽ ഇതിനെ Car­diopul­monary resus­ci­ta­tion, അല്ലെങ്കിൽ, CPR എന്നു വിളിക്കുന്നു. ആശുപത്രിയിൽ എത്തിക്കുംവരെ രോഗിയുടെ ജീവൻ നിലനിർത്താൻ ഏറ്റവും നിർ‍ണ്ണായകമായ പ്രഥമ ശുശ്രൂഷയാണിത്.

സ്പന്ദനം നിലച്ചുപോയ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തിരമായി ചെയ്യേണ്ടത്. “മൂന്നു മിനിറ്റിലേറെ സമയം ഓക്സിജൻ കിട്ടാതിരുന്നാൽ തലച്ചോറ് നശിച്ചു തുടങ്ങും. തുടർന്ന് ശരീരഭാഗങ്ങൾ ഓരോന്നോരോന്നായി മരണത്തെ നേരിടും. അതിനുമുന്നെ ഹൃദയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു, പ്രാണവായു വാഹിനിയായ രക്തത്തെ ശിരസ്സിലേക്ക് എത്തിച്ചുകൊടുക്കണം. ഒരു നിമിഷംപോലും നഷ്ടപ്പെടുത്താനില്ല, ” സൗമ്യ വ്യക്തമാക്കി. ശുഭാപ്തിവിശ്വാസം കൈവിടാതെ സൗമ്യ സിപിആർ തുടർന്നുകൊണ്ടിരുന്നു. ഒരു മിനിറ്റിൽ ചുരുങ്ങിയത് 100 തവണയെങ്കിലും, രണ്ട് ഇഞ്ച് താഴ്ച്ചയിൽ വാരിയെല്ലുകളെ താഴോട്ടു ഞെക്കിയാൽ മാത്രമേ രക്തത്തെ ശരീര ഭാഗങ്ങളിലേക്കെത്തിക്കാനുള്ള ഊർ‍ജ്ജം ലഭിക്കുകയുള്ളു. കാർഡിയോ പൾമണറി റിസസിറ്റേഷന്റെ ഒരു സൈക്കിൾ എന്നത് 30 കമ്പ്രഷൻസും രണ്ടു റെസ്ക്യൂ ബ്രീത്തുകളും ചേർന്നതാണ്. മുപ്പതു തവണ കാർഡിയാക് മസ്സാജ് ചെയ്യുമ്പോൾ, രണ്ടു തവണ രോഗിയുടെ വായിലേക്ക് ശക്തിയായി ശ്വാസവായു ഊതണം. Mouth-to-mouth resus­ci­ta­tion. “അപ്പോഴാണ് ഞാൻ തീവ്രമായി മോഹിച്ചുകൊണ്ടിരുന്നത് സംഭവിച്ചത്. അതാ, പ്രാണവായു വലിക്കാനായി ജോയി തല വെട്ടിച്ചു! ആ സമയത്ത് ഞാൻ സിപിആർ ന്റെ ആദ്യത്തെ സൈക്കിൾ പൂർ‍ത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.” സൗമ്യയുടെ മുഖത്ത് പൂർണ്ണചന്ദ്രന്റെ പ്രഭ.

എല്ലാം അവസാനിച്ചില്ല. രോഗി ആദ്യത്തെ ഗ്യാസ്പിങ് ബ്രീത്ത് എടുത്തിരിക്കുന്നു! ജീവന്റെ പുതിയ നാമ്പ്. കൃത്യസമയത്ത്, ആവശ്യമായ ശക്തിയിലും വേഗതയിലും നൽ‍കിയ സിപിആർ‍ ഫലം കണ്ടു! ഒംമ്നി വാനിൽ ആഹ്ളാദതിമിർപ്പ്! വളവും തിരിവും കുണ്ടും കുഴിയും താണ്ടി വണ്ടി പറക്കുകയാണ്! ശ്രദ്ധ വിടരുതെന്ന് സൗമ്യ ഡ്രൈവറെ ഓർമ്മപ്പെടുത്തി. ജീവൻ രക്ഷിക്കുകയെന്നത് ഒരു മഹത്കർ‍മ്മമാണ്. നിർത്താതെ നൽകുന്ന കമ്പ്രഷൻസുകൾക്കു പ്രതികരിച്ചുകൊണ്ട്, പ്രയാസപ്പെട്ടാണെങ്കിലും, ജോയി ഇടക്കിടക്ക് ശ്വാസം വലിക്കാനാരംഭിച്ചു. “സ്വാഭാവികമായ ശ്വാസോച്ഛ്വാസമല്ലയത്. വാരിയെല്ലുകളെ ഞെക്കുന്നതിനാൻ ഹൃദയത്തിനു ലഭിക്കുന്ന പ്രേരകശക്തികൊണ്ടുണ്ടാകുന്ന ഗ്യാസ്പിങ് മാത്രമാണതെന്ന് അറിയാം. എങ്കിലും, മുളച്ചത് പ്രതീക്ഷകളുടെ പുതിയ ചിറകുകളായിരുന്നു. ഇതിനകം എന്റെ കൈകൾ കഴക്കാൻ തുടങ്ങി. രണ്ടിഞ്ചിൽ കുറഞ്ഞ അമർത്തലുകൾ പ്രയോജനമില്ലാത്തതാണ്. ” സൗമ്യ പറഞ്ഞു സനിറുത്തി.

എല്ലാം അറിയാവുന്ന സൗമ്യ ഊക്കിൽത്തന്നെ സിപിആർ നൽകിക്കൊണ്ടിരുന്നു. തിരിച്ചുവരവിന്റെ നേരിയ സൂചനകൾ കാണിച്ച ആ ജീവന്രെ നാളം ആശുപത്രിയെത്തുംവരെ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്! ഓരോ രണ്ടു മിനിറ്റിലും റെസ്ക്യൂവർ (സിപിആർ കൊടുത്തു ജീവൻ രക്ഷിക്കുന്ന ആൾ) മാറണമെന്നാണ് ഈ ചികിത്സാ രീതിയുടെ നടപടിക്രമം അനുശാസിക്കുന്നത്. പക്ഷെ, വാഹനത്തിൽ ഈ ട്രൈനിങ് ലഭിച്ചവർ ആരുമില്ലായിരുന്നല്ലൊ. ഇനി ബലം പ്രയോഗിക്കാൻ തനിക്കാവില്ലെന്നൊരു ഘട്ടം വന്നപ്പോൾ, സൗമ്യ അടുത്തിരിക്കുന്ന ആളോട് സഹായിക്കാനഭ്യർത്ഥിച്ചു. അയാളുടെ കൈകളെടുത്ത് ജോയിയുടെ നെഞ്ചിൽ വച്ചു. വിടർത്തിപ്പിടിച്ച ഇടതു കൈപ്പത്തിയുടെ പുറംഭാഗത്തുകൂടി വലതു കൈവിരലുകൾ കോർത്തു മടക്കി, ഹൃദയത്തിനു തൊട്ടുമുകൾഭാഗത്ത് പൊസിഷൻ ചെയ്തുകൊടുത്തു.

സൗമ്യയുടെ മാർഗനിർ‍ദ്ദേശത്തിൽ, പറ്റുംവിധം രണ്ടാമത്തെ റെസ്ക്യൂവർ കമ്പ്രഷൻ തുടങ്ങി. അധികനേരമായില്ല, ഒംമ്നി ആശുപത്രിയുടെ മുന്നിലെത്തി. വാഹനത്തിൻറെ ഡോർ തള്ളിത്തുറന്ന് സൗമ്യ അത്യാഹിത വിഭാഗത്തിലേക്കോടി. “ആക്സിഡൻറ് കേസാണ്… ട്രോമാറ്റിക് ഹെഡ് ഇൻജ്വറി… കൊണ്ടുവന്നിരിക്കുന്ന പേഷ്യന്റിന് അമ്പത് വയസ്സോളം പ്രായം കാണും… Emer­gency Endo­tra­cheal Intu­ba­tion വേണം, ” സൗമ്യ അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറോട് ഒറ്റ ശ്വാസത്തിൽതന്നെ പറഞ്ഞുതീർത്തു. ഹൃദയസ്തംഭനത്തോട് ബന്ധപ്പെട്ട Crit­i­cal Med­ical Emer­gency അറിയിച്ചുകൊണ്ട്, ആശുപത്രിയിൽ Code Blue അനൗൺസ്മെൻറ് മുഴങ്ങി! “പാഞ്ഞെത്തിയത് അഞ്ചു ഡോക്ടർമാരടക്കമുള്ള ഒരു വൻ മെഡിക്കൽ ടീം തന്നെയായിരുന്നു. അവർ ജോയിക്കു ചുറ്റും സുരക്ഷാ വലയം തീർത്തു. നിമിഷനേരംകൊണ്ട് അവർ രോഗിയെ Car­diopul­monary Resus­ci­ta­tion Area‑യിലേക്കെത്തിച്ചു, ” സൗമ്യ പങ്കുവച്ചു. ജീവൻരക്ഷാ ഉപകരണമായ വെൻറിലേറ്റർ ജോയിക്ക് ക്രിത്രിമശ്വസനം നൽകാനാരംഭിച്ചു. ഐ വി ഫ്ലൂയിഡുകളും, എമർജൻസി മെഡിക്കേഷനും കൊടുക്കാൻ തുടങ്ങി. അവയവങ്ങളുടെ പ്രവർത്തന വിവരങ്ങളറിയാൻ സകലമാന മോണിറ്ററുകളും ബന്ധിപ്പിച്ചു. “എല്ലാം കണ്ണടച്ചുതുറക്കുന്ന വേഗതയിൽ! സിനിമയിലൊക്കെ കാണാറുള്ളതുപോലെ വിസ്മയിക്കുന്ന രംഗങ്ങളായിരുന്നു അവിടെ നടന്നത്.” സൗമ്യ ആവേശംകൊണ്ടു. ഇനി ഭയപ്പെടേണ്ടതില്ല. ജോയിയുടെ ജീവൻ ഇപ്പോൾ വിദഗ്ദ്ധഹസ്തങ്ങളിൽ ഭദ്രമാണ്. സൗമ്യ അൽപ്പനേരം ആശുപത്രിയുടെ വെളിയിൽ വന്നുനിന്നു. നേരം ഉച്ചയോടടുക്കുന്നു. താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ ഡ്യൂട്ടിക്കെത്താൻ ഏറെ വൈകി. ഒരു ഓട്ടോ വിളിച്ച് സൗമ്യ അശ്വിനിയിലേക്കു പുറപ്പെട്ടു. ഓട്ടോ ചാർജ് ഒരു സഹപ്രവർത്തകയിൽനിന്ന് കടം വാങ്ങിക്കൊടുത്തു. വസ്ത്രങ്ങളിൽ സർവ്വത്ര രക്തക്കറ പുരണ്ടു നിൽക്കുന്ന, കാർഡിയോളജി ഡിപ്പാർട്ടുമെൻറിലെ ജൂനിയർ ഡോക്ടറെ കണ്ടു നടുങ്ങിയ സഹപ്രവർത്തകർ, കാരണം തിരക്കി. “ഒരു ജീവൻ രക്ഷിക്കാനുണ്ടായിരുന്നു, ” തികഞ്ഞ സംതൃപ്തിയോടെ, ഭാഷണത്തിലും പ്രവർത്തനത്തിലും സ്വന്തം പേരിനെ അന്വർത്ഥമാക്കാറുള്ള സൗമ്യ, മറുപടി നൽകി.

തലയോടിലും, വാരിയെല്ലുകളിലും നിരവധി ചിന്നലുകളുണ്ടായിരുന്ന ജോയി പതിനഞ്ചു ദിവസം ആപൽക്കരമാംവിധം അബോധാവസ്ഥയിൽ കിടന്നു. മസ്തിഷ്കത്തിൽ നടത്തിയ നിർണ്ണായകമായക ശസ്ത്രക്രിയകളും, ഒരു മാസക്കാലത്തെ തീവ്രമായ പരിചരണങ്ങളും രോഗിയെ കുറെയൊക്കെ പൂർവ്വ സ്ഥിതിയിലെത്തിച്ചിട്ടുണ്ട്. ജോയിക്ക് ബോധം തിരിച്ചു കിട്ടിയയിടക്ക് ഒരുനാൾ, സൗമ്യ ആ രോഗിയെ സന്ദർശിച്ചു. പ്രിയപ്പെട്ടയാൾക്ക് വീണ്ടുമൊരു ജന്മം കനിഞ്ഞേകിയ ഡോക്ടറെ നേരിൽ കണ്ടപ്പോൾ, ജോയിയുടെ സഹധർമ്മിണി ആശ വിതുമ്പി. ഭർ‍ത്താവിന്റെ നെഞ്ചിൽ തടവി ജീവൻ വീണ്ടെടുത്ത ആ മാന്ത്രികക്കരങ്ങൾ ചേർത്തുപിടിച്ച് അവർ ഉമ്മ വച്ചു. അപ്പോഴാണ് ഒരു കൊച്ചു പെൺകുട്ടി ഏറെ ആരാധനയോടെ തന്നെ ഉറ്റുനോക്കുന്നത് സൗമ്യയുടെ ശ്രദ്ധയിൽപ്പെട്ടത്. എൽ കെ ജി യിൽ പഠിക്കുന്ന ജോയിയുടെ മകൾ! ആ ഓമന മുഖത്തേക്ക് തിരിച്ചൊന്നു നോക്കിയ നിമിഷത്തിലാണ് താൻ ചെയ്തത് ചെറുതെങ്കിലും നല്ലൊരു കാര്യമെന്ന് സൗമ്യക്ക് ആദ്യമായി തോന്നിയത്. “അതിനുമുന്നെ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. ആ കൊച്ചു മാലാഖയുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ…

ലോകത്തൊരു കുഞ്ഞിനും ഇത്രയും കുരുന്നു പ്രായത്തിൽ പിതാവിനെ നഷ്ടമാകരുത്, ” സൗമ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സൗമ്യ ആ സുന്ദരിക്കുട്ടിയെ വാരിയെടുത്തു പുണർന്നു. അച്ഛനമ്മമാരുടെയും, രണ്ടു സഹോദരിമാരുടെയും ഏറ്റവും വലിയ താങ്ങാണ് സൗമ്യ. തകർച്ചയുടെ വക്കത്തായിരുന്ന വീട് പുതുക്കിപ്പണിയാൻ എടുത്ത ലോണിന്റെ ഈ മാസത്തെ തിരിച്ചടവിന് സമയമായിരിക്കുന്നു. വിദ്യാഭ്യാസ വായ്പ്പ തിരിച്ചടക്കുന്നതിന്റെ തത്രപ്പാടിലായിരുന്നു സൗമ്യ ഇത്രയും കാലം. പലപ്പോഴും പലിശക്ക് കടം വാങ്ങിയാണ് ബാങ്കിലെ മാസ ഗഡു അടച്ചിരുന്നത്. ഇപ്പോൾ, ഭവന വായ്പ്പ! “കിട്ടുന്ന ശമ്പളമെല്ലാം ഹൗസിങ് ലോൺ റീപേമെന്റിനായി പോകുന്നു. വീട്ടിലെ ചിലവും നോക്കേണ്ടേ? ഹൗസിങ് ലോൺ തീരാൻ ഇനി 25 വർഷംകൂടി പണം തിരിച്ചടക്കണം.” എന്നാൽ, വാത്സല്യ നിധിയായ സുരേഷ് അമ്മാമൻ പ്രചോദനം നൽകാൻ എന്നും കുടെയുള്ളതാണ് സൗമ്യക്ക് മുന്നോട്ടു നടക്കാനുള്ള ആവേശം. “അമ്മയുടെ ഏറ്റവും ഇളയ അനിയൻ. ‘തിന്നാനും കുടിക്കാനുമില്ലാത്ത അവൾക്ക് ഡോക്ടറാവാൻ മോഹ’മെന്നു പറഞ്ഞു പലരും പരിഹസിച്ചപ്പോൾ, കൈ പിടിച്ചു എന്നെ മുന്നോട്ടു നടത്തി. അടുക്കളയിൽ കയറി നോക്കി കലത്തിൽ ഒന്നും കാണാതിരുന്നപ്പോൾ, മാമൻ അരി വാങ്ങി കൊണ്ടുതന്നു, ” സൗമ്യ ഒന്നും മറന്നിട്ടില്ല. “ഇപ്പോൾ എനിക്ക് സുരേഷ് മാമനെപ്പോലെയൊരു ജ്യേഷ്ഠനെയും കിട്ടി — ജോയിച്ചേട്ടൻ, ” ആങ്ങളമാരില്ലാത്ത സൗമ്യയുടെ ചെറുചിരിയിൽ തികഞ്ഞ സുരക്ഷിതത്വബോധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.