Web Desk

തിരുവനന്തപുരം

February 07, 2020, 9:56 pm

കാർഷിക മേഖലയുടെ ഊർജ്ജസ്വലതയ്ക്ക് അംഗീകാരം ഉല്പാദനം 4.4ൽ നിന്ന് 5.8 ലക്ഷം ടണ്ണായി; നെൽ കർഷകർക്ക് റോയൽറ്റി

Janayugom Online

കാർഷിക മേഖലയുടെ ഊർജ്ജസ്വലതയ്ക്ക് ബജറ്റിലൂടെ അംഗീകാരം. കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ബജറ്റിൽ നെൽകൃഷിയുടെ വ്യാപനത്തെയും ഉല്പാദന വളർച്ചയെയും എടുത്തുപറഞ്ഞു. നാളികേര ഉല്പാദന മേഖലയ്ക്കും പുതിയ പദ്ധതി പ്രഖ്യാപിച്ചു.
പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന സ്ഥാനമാണ് നെൽകൃഷിക്കുള്ളത്. ഈ പ്രാധാന്യം കണക്കിലെടുത്ത് നെൽ കർഷകർക്ക് റോയൽറ്റി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പദ്ധതിയുടെ ആരംഭം കുറിക്കാൻ 40 കോടി രൂപ അനുവദിച്ചു.
നെല്ലുല്പാദനം 4.4 ലക്ഷം ടണ്ണിൽ നിന്ന് 5.8 ലക്ഷം ടണ്ണായി വർദ്ധിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി നെൽവയലുകളുടെ വിസ്തൃതിയും നെല്ലുല്പാദനവും കുറഞ്ഞിരിക്കുകയായിരുന്നു. 2016–17ൽ 1.7 ലക്ഷം ഹെക്ടറിൽ ആയിരുന്ന നെൽവയൽ വിസ്തൃതി 2018–19 ൽ 2.03 ലക്ഷം ഹെക്ടറിലേക്ക് കൊണ്ടുവരാൻ കൃഷിവകുപ്പിനും നെൽ കർഷകർക്കും കഴിഞ്ഞു.

നാളികേര ഉല്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയർന്ന വില ലഭ്യമാക്കുന്നതിനുമായി ‘കേരം തിങ്ങും കേരളനാട്’ എന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. 2020–21‑ൽ വാർഡ് ഒന്നിന് 75 തെങ്ങിൻ തൈകൾ വീതം വിതരണം ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി നാളികേരത്തിന്റെ വില കൃഷിക്കാർക്ക് ലഭ്യമാക്കുകയും നാളികേരത്തെയും ഉപഉല്പന്നങ്ങളെയും മൂല്യവർദ്ധന വരുത്തി അധിക വരുമാനം കൃഷിക്കാരന് ഉറപ്പാക്കും. കേരഗ്രാമങ്ങളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സ്കീം തയ്യാറായിട്ടുണ്ട്. 40 സഹകരണ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ ഇതിൽ പങ്കാളികളാകുന്നത്. ഇവർക്ക് 90 ശതമാനം സബ്സിഡിയിൽ ചകിരി മില്ലുകൾ സ്ഥാപിക്കാൻ ആവശ്യമായ സഹായം നൽകും. വെളിച്ചെണ്ണയും മറ്റ് നാളികേര ഉല്പന്നങ്ങൾക്കും വേണ്ടിയുള്ള നിക്ഷേപത്തിന് 25 ശതമാനം സബ്സിഡി ലഭ്യമാക്കും.

നല്ല ഭക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി പുരയിട കൃഷിയിലെ പച്ചക്കറി പ്രോത്സാഹനത്തിനുമായി ‘ജീവനി–നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 18 കോടി രൂപ വകയിരുത്തി. ഇതിനുപുറമേ വിഎഫ്‌പിസികെയ്ക്ക് പച്ചക്കറിക്ക് ഏഴ് കോടി രൂപയുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ, വിഎഫ്‌പിസികെ, കൃഷി വകുപ്പ് എന്നീ മൂന്ന് ഏജൻസികൾ മൊത്തം 500 കോടി രൂപയെങ്കിലും പച്ചക്കറി മേഖലയിൽ നിക്ഷേപിക്കും.  ചെറുകിട അടിസ്ഥാനത്തിലുള്ള പഴം, പച്ചക്കറി തുടങ്ങിയവയുടെ ഉല്പാദനത്തിൽ കുടുംബാവശ്യം കഴിഞ്ഞുള്ള മിച്ചം ഒരു പ്ലാറ്റ് ഫോമിൽ സമാഹരിക്കുവാൻ കേരള ഡെവലപ്പ്മെന്റ് ഇന്നേവഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) യൂബർ മാതൃകയിലുള്ള ഇലക്ട്രോണിക് വികസിപ്പിച്ചിട്ടുണ്ട്. കർഷകർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ, മറ്റ് ഉല്പാദകർ, വൻകിടചെറുകിട കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവരെ ഒരു ശൃംഖലയിൽ കൊണ്ടുവരുന്നതാണ് ഈ കേരള ഫുഡ്പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോമിൽ ക്രയവിക്രയം ചെയ്യുന്ന ഉല്പന്നങ്ങൾ എവിടെ, എപ്പോൾ, എങ്ങനെ ഉല്പാദിപ്പിക്കപ്പെട്ടുവെന്ന വിശദാംശങ്ങൾ പ്ലാറ്റ്ഫോം ലഭ്യമാക്കും. പങ്കാളിത്ത ഗ്യാരന്റി സ്കീം അനുസരിച്ചുള്ള ഗുണമേന്മ സർട്ടിഫിക്കേഷൻ സംവിധാനവും ഈ പ്ലാറ്റ്ഫോമിൽ ഉണ്ടാകുമെന്നും ബജറ്റിൽ വിശദീകരിക്കുന്നു.

Eng­lish sum­ma­ry: Recog­ni­tion for the vibran­cy of agri­cul­ture pro­duc­tion from 4.4 to 5.8 lakh tonnes; Roy­al­ty for pad­dy farmers