Tuesday
22 Oct 2019

വിദ്യാഭ്യാസ കേരളത്തിന്‍റെ അംഗീകാര മികവ്

By: Web Desk | Thursday 3 October 2019 10:21 PM IST


രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമത്തെത്തിയിരിക്കുന്നു. ഇരുപത് സംസ്ഥാനങ്ങളെ വിവിധ മാനദണ്ഡങ്ങൾ പ്രകാരം താരതമ്യം ചെയ്ത് നിതി ആയോഗ്, മാനവ വിഭവശേഷി മന്ത്രാലയം, ലോകബാങ്ക് എന്നിവ തയ്യാറാക്കിയ സൂചികയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. 2016-17 പ്രവർത്തന വർഷമായികണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതനുസരിച്ച് വിവിധ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിന് ലഭിച്ച സ്കോർ 76.6 ശതമാനമാണ്. ഉത്തർപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങൾ. ഇതിൽ യുപിക്ക് ലഭിച്ച സ്കോർ 36.4 ശതമാനം മാത്രമാണ്.

പഠനത്തിന്റെ അനന്തരഫലം, ആർജ്ജിക്കുന്നതിനുള്ള സാഹചര്യങ്ങൾ, അടിസ്ഥാനസംവിധാനങ്ങളും സൗകര്യങ്ങളും സമഭാവന, പരിപാലനരീതി എന്നിവയാണ് പ്രധാനമായും സൂചിക തയ്യാറാക്കുന്നതിന് പരിഗണിച്ചത്. ഇതോടൊപ്പം പെൺകുട്ടികൾക്കാവശ്യമായ ശൗചാലയങ്ങളുടെ എണ്ണം, ഭാഷയിലും കണക്കിലും കുട്ടികൾ നേടുന്ന സ്കോർ, പ്രാഥമിക തലം മുതൽ സെക്കൻഡറി തലം വരെയുള്ള കുട്ടികളുടെ പരിവർത്തനം എന്നിവയും മാനദണ്ഡമായി പരിഗണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളായി നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കേരളം ഈ നേട്ടത്തിലെത്തിയത് അത്ഭുതകരമല്ല.

കാരണം ഇത്തരം നേട്ടത്തിലേക്ക് എത്തുന്നതിനുള്ള അടിത്തറ വിവിധ കാലങ്ങളിലെ കമ്മ്യൂണിസ്റ്റ് ഇടതു സർക്കാരുകൾ ഇ­വിടെ പണിതു വച്ചിരുന്നതാണ്. കേരള സംസ്ഥാ­ന ചരിത്രത്തിലേക്ക് കടന്നാൽ അതിനുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്ത് 1957ലെ ആദ്യ ക­മ്മ്യൂണിസ്റ്റ് സർക്കാർ മു­ത­ൽ ഇപ്പോഴത്തെ സർക്കാർവരെ അതിൽ വലി­യ പങ്ക് വഹിച്ചിട്ടുണ്ട്. അ­തിന് മുമ്പ് മലബാർ പ്രദേശത്ത് നിലവിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തി­ലുള്ള ജില്ലാ ബോർഡ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതികളും ആ പ്രദേശത്ത് അടിത്തറയായിട്ടുണ്ട്. ഇതോടൊപ്പം കേരളത്തി­നുള്ള പൊതു പുരോഗമന ഇടതുപക്ഷ മനസ് ഇത്തരം പരിഷ്കരണങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ സഹായമാവുന്നുമുണ്ട്.

ലൈബ്രറി പ്രസ്ഥാനങ്ങളും വായനശാലകളും നൽകിയ അക്ഷരവെളിച്ചത്തിലൂടെ സ്വന്തം മക്കളെ വിദ്യ അഭ്യസിപ്പിക്കണമെന്ന ചിന്ത ചെന്നുകയറിയ കർഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മുന്നിലേയ്ക്കാണ് കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ സർക്കാരുകൾ വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നിട്ടത്. നിലനിന്നിരുന്ന പഴഞ്ചൻ ചിന്താഗതികളെ വിലവയ്ക്കാതെ അവർ കട്ടികളുടെ കയ്യും പിടിച്ച് വിദ്യാലയങ്ങളിലേക്ക് നടന്നെത്തി. അങ്ങനെയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടത്. ഇപ്പോഴത്തെ സർക്കാർ അതിനെ ബഹുദൂരം മുന്നിലെത്തിക്കുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്.

കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി രണ്ടുലക്ഷത്തോളം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും രക്ഷാകർത്താക്കളും രക്ഷാകർതൃസമിതികളും ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണയുമായി നിലക്കൊണ്ടു. പഠനത്തെ ആധുനിക സങ്കേതങ്ങളുമായി കൂട്ടിയോജിപ്പിച്ചുള്ള ക്രിയാത്മകമായ രീതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ വിദ്യാർഥികളിലെത്തിക്കുന്നതിലും പുസ്തകങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരളം ശ്രദ്ധ പുലർത്തി.

എട്ട് മുതൽ പന്ത്രണ്ടുവരെയുള്ള 4,752 ക്ലാസുകളിൽ 4,500ലധികവും ഹൈടെക് ആക്കി മാറ്റിക്കഴിഞ്ഞു. വിവരസാങ്കേതിക വിദ്യയുടെയും പരമ്പരാഗത വിദ്യാഭ്യാസ വിഷയങ്ങളുടെയും പഠനം ആധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയതാണ് ഹൈടെക് ക്ലാസ് റൂമുകൾ. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ് മുറികളെയും ഹൈടെക് ആക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലുമാണ്. രാജ്യത്ത് ഏറ്റവുമധികം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇതിന് മുമ്പും നിരവധി ചുവടുവയ്പുകൾ കേരളം നടത്തിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് ആരോഗ്യരംഗത്തെ ലോകോത്തര നിലവാരമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തത്. നൂറ് ശതമാനം ഡിജിറ്റൽ സംസ്ഥാനം, സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനം, ലിംഗസമത്വത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിൽ, ഇൻർനെറ്റ് അവകാശമാക്കിയത് എന്നിങ്ങനെ കേരളം ആർജിച്ച നേട്ടങ്ങൾ പലതാണ്. അതിനൊപ്പമാണ് ലോകബാങ്കിന്റെയും നിതി ആയോഗിന്റെയും പുതിയ സൂചികയിലും കേരളം ഒന്നാമതെത്തിയിരിക്കുന്നത്. കൂട്ടായ്മയിലൂടെ കൈവരിച്ച ഈ നേട്ടം നിലനിർത്തുന്നതിൽ വലിയ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. അതിന് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയെന്നതാണ് പ്രധാനം. സ്വകാര്യവിദ്യാഭ്യാസ സംരംഭകരെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഇല്ലാതാക്കുകയും വേണം.