25 April 2024, Thursday

വിരമിക്കൽ പ്രായം 57 ആക്കണമെന്ന് ശുപാർശ

Janayugom Webdesk
തിരുവനന്തപുരം:
September 3, 2021 10:52 pm

ജീവനക്കാരുടെ വിരമിക്കൽ പ്രായം 57 ആക്കണമെന്ന് ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ. വിരമിക്കല്‍ ആനുകൂല്യങ്ങൾ നൽകുന്നതിന് സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഒരുവർഷം നീട്ടിവയ്ക്കാൻ ഇത് ആവശ്യമാണെന്നും പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ആറും ഏഴും ഭാഗങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്നും ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാര്‍ശയിലുണ്ട്. ഇതിനായി ദിവസവും ഒരു മണിക്കൂർ അധിക ജോലി സമയം ഏർപ്പെടുത്താം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയായി പ്രവൃത്തി സമയം നിശ്ചയിക്കണം. കേന്ദ്ര സർക്കാരിലെപ്പോലെ ലീവ് നിജപ്പെടുത്തണം. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ വീട്ടിലിരുന്നു ജോലി സമ്പ്രദായം ഏർപ്പെടുത്തണമെന്നും കമ്മിഷൻ ശുപാർശ ചയ്തു. ആശ്രിത നിയമനം പൂര്‍ണമായും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഇപ്പോഴുള്ള അനുപാതം മൂന്നിലൊന്ന് നേരിട്ടും മൂന്നില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മത്സരപരീക്ഷവഴിയുള്ള നിയമനവുമാണ്. ആദ്യ സെലക്ഷന്‍ കഴിഞ്ഞു ജീവനക്കാര്‍ക്കുള്ള ക്വാട്ട മൂന്നിലൊന്നായി നിശ്ചയിക്കുകയും അഞ്ച് വര്‍ഷം കഴി‍ഞ്ഞു പൂര്‍ണമായി ഒഴിവാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

പൊതുജന സേവനം മികച്ചതാക്കാൻ ഡിജിറ്റലൈസേഷൻ നടപ്പാക്കണം. സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മിഷണറെ നിയമിക്കണം. ജനസമ്പർക്കമുള്ള ഓഫീസുകളിൽ പബ്ലിക് കോണ്ടാക്ട് ഓഫീസറുണ്ടാകണം. ഓരോ വകുപ്പിന്റെയും ഏജൻസിയുടെയും ലക്ഷ്യങ്ങളും പ്രവൃത്തികളും ചുമതലകളും പരിശോധിക്കാൻ സിവിൽ സർവീസ് റിവ്യൂ മിഷൻ രൂപീകരിക്കണം. സദ്ഭരണം ഉറപ്പാക്കാൻ ഇ‑ഗവേണൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടത്തിന് മുഖ്യമന്ത്രി അധ്യക്ഷനായി ആസൂത്രണ ബോർഡ് മാതൃകയിൽ ഗുഡ് ഗവേണൻസ് ബോർഡ് രൂപീകരിക്കണം. വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു ബോർഡ് രൂപീകരിക്കണം. സംസ്ഥാന ജീവനക്കാരുടെ അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുശേഷമേ പരിഗണിക്കാവൂ. 

സഹകരണ ഓഡിറ്റ് ഘട്ടംഘട്ടമായി ചാർട്ടേർഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിക്കണം. ടൈപ്പിസ്റ്റ് / കമ്പ്യൂട്ടർ അസിസ്റ്റന്റ് / പ്യൂൺ / ഓഫീസ് അറ്റന്റന്റ് തസ്തികകളിൽ ആവശ്യകത പരിശോധിച്ചേ പുതിയ നിയമനം പാടുള്ളു. എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെയും ജീവനക്കാരുടെ തിരഞ്ഞെടുപ്പിന് മെറിറ്റ് ഉറപ്പാക്കണം. ഇതിന് മാനേജ്മെന്റുകളുടെയും പങ്കാളിത്തത്തോടെ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആന്റ് കോളജസ് രൂപീകരിക്കണം. പരാതികൾ പരിശോധിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ഓംബുഡ്സ്മാനായി സംവിധാനം വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കെ മോഹൻദാസ് ഐഎഎസ്(റിട്ട) ചെയർമാനായും പ്രൊഫ. (റിട്ട. ) എം കെ സുകുമാരൻ നായർ, അഡ്വ. അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളായുമുള്ളതാണ് പതിനൊന്നാം കേരള ശമ്പള പരിഷ്കരണ കമ്മിഷൻ. കമ്മിഷന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. 

ENGLISH SUMMARY:Recommendation that the retire­ment age be raised to 57
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.