25 April 2024, Thursday

പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ; ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മാത്രം

Janayugom Webdesk
തിരുവനന്തപുരം
September 3, 2021 1:45 pm

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ.

സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

 


ഇതും കൂടി വായിക്കുക; പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയർത്തി നിൽക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ നാടായ കോഴിക്കോട്‌ ഇവർ, #LDF​


 

മറ്റു പ്രധാന നിർദേശങ്ങൾ:

1. സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.

2∙ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണം.

3∙ വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്തണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.

4∙ ഭരണ രംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാർഥ പ്രശ്നം എന്താണെന്ന് ഉൾക്കൊള്ളാനുള്ള മനോഭാവം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യം.

5∙ പിഎസ്‌സി റിക്രൂട്മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റ്രിക്രൂട്മെന്റ് നടപടികൾ പൂർത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക.

6∙ കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കുക

Eng­lish sum­ma­ry; recommended-raising-the-retirement-age-to-57-only-5-working-days-per-week

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.