ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ രാജ്യത്തെ ഉല്പാദനമേഖല

record-drops-in-indian-manufacturing-out-put
Web Desk
Posted on June 01, 2020, 5:24 pm

രാജ്യത്തെ ഉല്പാദനമേഖലയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍നിര കമ്പനികള്‍ പലതും നിരവധി പേരെ പിരിച്ചുവിടുകയും ചെയ്തു.
ഏപ്രില്‍ മാസത്തിലും വന്‍ ഉല്പാദനരംഗത്ത് വന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഐഎച്ച്എസ് മാര്‍ക്കറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) മെയ് മാസത്തില്‍ 30.8 ആണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ ഇത് 27.4 ആയിരുന്നു.
32 മാസത്തെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് ശേഷമാണ് ഏപ്രില്‍ മാസത്തില്‍ ഉല്പാദനമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
ചോദന കുറഞ്ഞത് മൂലം ഉല്പാദനം ഗണ്യമായി കുറഞ്ഞ‌താണ് ഇത്ര വലിയ ഇടിവിന് കാരണമായത്. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ജീവനക്കാരെ ഇത്രയധികം പിരിച്ച് വിട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വീഴ്ചയില്‍ നിന്ന് വേഗത്തില്‍ കരകയറുക സാധ്യമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരിയുടെ അനിശ്ചിതത്വം തുടരുന്നതിനാല്‍ ചോദന വീണ്ടും കുറയാനാണ് സാധ്യതയെന്നും ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ സാമ്പത്തിക വിദഗ്ധന്‍ എലിയറ്റ് കെര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. മരണം 5,394 കടന്നു.
രാജ്യാന്തര വിപണികളില്‍ നിന്നുള്ള ചോദനയും കുറഞ്ഞത് രാജ്യത്തെ ഉല്പാദനമേഖലയെ സാരമായി ബാധിച്ചു. വിദേശത്ത് നിന്നുള്ള വില്പനയിലും കാര്യമായ ഇടിവുണ്ടായി.
കൊവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ കയറ്റുമതി ഗണ്യമായി കുറഞ്ഞു.
കൊറോണ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നതോടെ കാര്യങ്ങള്‍ പഴയപടിയാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ രംഗത്തുള്ളവര്‍.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം 3.1ശതമാനത്തിലേക്ക് ഇടിഞ്ഞു. പത്ത് കൊല്ലം മുമ്പുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്തേക്കാള്‍ വലിയ ഇടിവാണ് ഇത്. 2019–20 വര്‍ഷം രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് വെറും 4.2ശതമാനം മാത്രമാണ്. പതിനൊന്ന് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണിത്.