തൃശൂരിൽ നിന്ന് ജീവൻലാലാണ് വിളിച്ചത്.
”പാലക്കാട് നല്ലൊരു റെക്കോഡ് പ്ലെയർ കൊടുക്കാനുണ്ട്. അധികം കാശാവില്ല.”
‘ഏതാ കമ്പനി?” ഞാൻ ചോദിച്ചു.
”അകായ്. റെയർ മോഡൽ ആണ്.”
”എന്ത് കൊടുക്കേണ്ടി വരും?”
”അയ്യായിരം. ഇമേജ് ഞാൻ വാട്സ് ആപ്പിൽ അയക്കാം. ഇഷ്ടപ്പെടാതിരിക്കില്ല. നല്ല വർക്കിങ് ആണ്.”
”നോക്കട്ടെ.”
വാട്സാപ്പിലെത്തിയ റെക്കോഡ് പ്ലെയർ എനിക്കിഷ്ടപ്പെട്ടു. മിന്റ് കണ്ടിഷണൽ. കാണാനും ചന്തമുണ്ട്. ഞാനുടനെ ജീവൻലാലിനെ വിളിച്ചു.
”സെറ്റ് ഞാനെടുത്തോളാം. പാലക്കാട്ടേക്ക് പോകേണ്ടി വരുമോ?”
”മാഷ് എവിടേക്കും പേകേണ്ട. വില്പനക്കാരൻ പ്ലെയർ ഇവിടെ എത്തിച്ചിട്ടുണ്ട്. അടുത്താഴ്ച ഞാൻ കൊടുങ്ങല്ലൂർക്ക് വരുന്നുണ്ട്. വീട്ടിൽ എത്തിച്ചു തരാം. എമൗണ്ട് ഗൂഗിൾ പേ ചെയ്താൽ മതി.”
എനിക്ക് സന്തോഷമായി. പാലക്കാട്ടേക്ക് പോകാതെ ഒത്തു. അയ്യായിരം രൂപ ഞാനുടനെ ഗൂഗിൾ പേ ചെയ്തുകൊടുത്തു.
ഒരാഴ്ച കഴിഞ്ഞപ്പോൾ റെക്കോഡ് പ്ലെയർ വീട്ടിലെത്തി. സിൽവർ നിറത്തിലുള്ള മോഡൽ ആണ്. മോഡൽ നമ്പർ നോക്കി ഗൂഗിളിൽ സെർച്ച് ചെയ്തു. 1980 കളുടെ മധ്യേ ഇറങ്ങിയതാണ്. അയ്യായിരം രൂപയ്ക്ക് ഇങ്ങനെയൊരു സെറ്റ് കിട്ടില്ല. ഇനി ആംപ്ലിഫയറിൽ കണക്ട് ചെയ്ത് റെക്കോഡ് വച്ച് ക്വാളിറ്റി ടെസ്റ്റ് ചെയ്യണം. ഭാഗ്യത്തിന് ‘അകായ് ‘യുടെ തന്നെ മികച്ചൊരു ആംപ്ലിഫയർ വീട്ടിലുണ്ടായിരുന്നു. കണക്ഷൻ കൊടുത്ത് ഹിസ് മാസ്റ്റേഴ്സ് വോയ്സ് പുറത്തിറക്കിയ സ്വീറ്റ് മെലഡീസ് എന്ന ലളിതഗാനങ്ങളുടെ ലോങ് പ്ലേ റെക്കോഡ് പ്ലേ ചെയ്തു. സ്റ്റീരിയോയിൽ റെക്കോഡ് ചെയ്ത ഗാനങ്ങൾ റെക്കോഡ് പ്ലെയറിൽ നിന്ന് ഒഴുകിയെത്തിയപ്പോൾ മനസ് നിറഞ്ഞു. ആറ് റെക്കോഡ് പ്ലെയറുകൾ ശേഖരത്തിലുണ്ടെങ്കിലും ഇത്രയ്ക്കും ക്ലാരിറ്റിയിൽ ആദ്യമായി പാട്ടുകൾ കേൾക്കുകയാണ്. ഗാനങ്ങൾ മുഴുവനും കേട്ട് ആസ്വദിച്ചതിനു ശേഷം ഞാൻ ജീവൻലാലിനെ വിളിച്ച് നന്ദി പറഞ്ഞു. വളരെയധികം സന്തോഷത്തോടെയാണ് ഞാനന്നു രാത്രി ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ എപ്പോഴോ കണ്ട സ്വപ്നത്തിലാണ് ഒരു ചെറുപ്പക്കാരൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
”സാറിന് എന്നെ മനസിലായോ?”
ഞാൻ ആ ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി. അയാളെ എവിടെയും കണ്ടതായ ഒരു ഓർമ്മയും കിട്ടിയില്ല.
”ഇല്ല.” ഞാൻ പറഞ്ഞു.
”അകായ് യുടെ ഒരു റെക്കോഡ് പ്ലെയറും ശേഖരത്തിൽ എത്തി, അല്ലേ?”
”ഉവ്വ്.”
”അത് എന്റെ ശേഖരത്തിലുണ്ടായിരുന്ന പ്ലെയർ ആണ്.”
എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിക്കുന്നതു കണ്ടാവണം അയാൾ പറഞ്ഞത്:
”വിഷമിക്കണ്ട, ആ സെറ്റ് സാറിന്റെ ശേഖരത്തിലെത്തിയതിൽ എനിക്ക് സന്തോഷമേയുള്ളു. അതവിടെത്തന്നെയിരിക്കുമല്ലോ! സാർ പ്ലേ ചെയ്ത റെക്കോഡിലെ പാട്ടുകളും എനിക്കിഷ്ടമാണ്. ഞാൻ കൂടെക്കൂടെ കേൾക്കാറുള്ളത് ഈ പാട്ടുകളാണ്.”
ഒന്നു നിർത്തി അയാൾ എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാളുടെ കണ്ണുകൾ ഈറനണിയുന്നതായി അന്നേരം ഞാൻ ശ്രദ്ധിച്ചു.
”എന്താ സംഭവിച്ചത്?” ഞാൻ ചോദിച്ചു.
”ഒരു ദിവസം പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണ് ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു ഞാൻ… ”
അയാൾ കണ്ണുകൾ തുടച്ച് സംസാരം തുടർന്നു.
”ഞാനില്ലാതായപ്പോൾ മ്യൂസിക് സിസ്റ്റങ്ങൾ അനാഥമായി. അച്ഛൻ അതെല്ലാം ഒരോരുത്തർക്കും കിട്ടിയ വിലയ്ക്ക് വിറ്റു. ‘അകായ്‘യുടെ സെറ്റ് അച്ഛൻ തന്നെയാണ് തൃശൂരുള്ള ജീവൻലാലിന് കൊടുത്തത്… ഞാൻ പതിനായിരം രൂപ കൊടുത്ത് വാങ്ങിയതായിരുന്നു.”
ഞാനാകെ വല്ലാതെയായി. പാലക്കാടുള്ള ചെറുപ്പക്കാരൻ ജീവനു തുല്യം സ്നേഹിച്ച റെക്കോഡ് പ്ലെയറാണ് എന്റെ മ്യൂസിക് റൂമിലിരിക്കുന്നത്. അതും എനിക്ക് പകുതി വിലയ്ക്ക് കിട്ടിയത്.
”സാർ വിഷമിക്കുകയും പേടിക്കുകയും വേണ്ട. ഇനി ഞാനൊരിക്കലും ഇവിടേക്ക് വരില്ല. എന്റെ സെറ്റുകൾ വാങ്ങിയവരുടെ വീടുകളിലെല്ലാം ഞാൻ ഒരുതവണ മാത്രമേ പോയിട്ടുള്ളൂ… എന്റെ മനസ് കൂടുതൽ വിഷമിക്കരുതല്ലോ.”
പെട്ടെന്നാണ് തൊട്ടടുത്ത് കിടന്നിരുന്ന ഭാര്യ എന്നെ ശക്തിയോടെ തോണ്ടി വിളിച്ചത്. ഞാൻ ഞെട്ടിയുണർന്ന് കിടക്കയിൽ എഴുന്നേറ്റിരുന്നു.
“നിങ്ങൾ ആരോടാ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്?”
”ആരാണെന്നറിയില്ല, സ്വപ്നം കണ്ടതാണ്.”
കൂടുതൽ വിശദീകരണത്തിന് നിന്നില്ല ഞാൻ. അത് ദോഷം ചെയ്യും. കഥയറിഞ്ഞാൽ പുതിയ റെക്കോഡ് പ്ലെയർ മുറിയിൽ വയ്ക്കാൻ അവൾ സമ്മതിക്കില്ല.
പിറ്റേന്ന് ‘അകായ്‘യുടെ പ്ലെയറിൽ
‘പണ്ട് പാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ — എൻ മുരളി
കൊണ്ടു പോകരുതേ’
എന്ന പാട്ട് കേട്ടുകൊണ്ടിരിക്കെ, ഭാര്യ എന്റെ അടുത്തേക്കു വന്നു. അവളുടെ ഇഷ്ട ഗാനമാണത്. ഈ പാട്ട് വെക്കുമ്പോഴൊക്കെ അവൾ മ്യൂസിക് റൂമിലേക്കു വരും.
”ഇന്നെന്തേ പതിവില്ലാതെ വിഷാദം?”
അവൾ ചോദിച്ചു.
എന്റെയും ഇഷ്ടഗാനമാണ് മുറിയിൽ നിറയുന്നതെങ്കിലും, തലേന്ന് രാത്രി കണ്ട സ്വപ്നമായിരുന്നു മനസിൽ.
”എപ്പോഴെങ്കിലും ഈ പ്ലെയർ മറ്റൊരു വീട്ടിൽ പാട്ടുകൾ പാടുമല്ലോ എന്നോർത്തു പോയതാണ്.” ഞാൻ പറഞ്ഞു.
ഭാര്യ ഒന്നും പറയാതെ മുറിയിൽ നിന്ന് പോയി. അവളുടെ കണ്ണുകളിലെ നനവ് അപ്പോഴെനിക്ക് കാണാമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.