Web Desk

December 29, 2019, 10:19 pm

ട്രെയിൻ അപകട മരണം; പിയൂഷ് ഗോയലിന്റെ വാദം തെറ്റെന്ന് രേഖകൾ

Janayugom Online

ന്യൂഡൽഹി: 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിച്ചിട്ടില്ലെന്ന മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റെന്ന് രേഖകൾ. ഏപ്രിൽ ഒന്നിനും ഡിസംബർ 19നുമിടയിൽ 49 ട്രെയിൻ അപകടങ്ങൾ നടന്നതായി റയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള സേഫ്റ്റി ഡയറക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് തീപിടിത്തങ്ങൾ, 35 പാളം തെറ്റിയ സംഭവങ്ങൾ, ഒരു ലെവൽ ക്രോസ് അപകടങ്ങളുമാണ് ഉണ്ടായത്. ഫെബ്രുവരിയിൽ സീമാഞ്ചൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടിരുന്നു. ഇത് മന്ത്രി സൂചിപ്പിച്ച കാലപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ആറ് മാസത്തിനിടെ ട്രെയിൻ അപകട മരണം സംബന്ധിച്ച നിരവധി വാർത്തകളാണ് മാധ്യമങ്ങളിൽ വന്നത്. മുംബൈയിൽ ഭൂരിഭാഗം ദിവസങ്ങളിലും അപകട മരണം സംഭവിക്കുന്നതായാണ് വാർത്തകൾ. ഈ വർഷം ജൂലായ് 19ന് മുംബൈ സബർബൻ ട്രെയിൻ അപകടത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ റയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൊൽക്കത്ത മെട്രോ തീവണ്ടിയുടെ വാതിലിൽ കൈകുരുങ്ങി യാത്രക്കാരൻ മരിച്ചിരുന്നു. മെയ് മാസത്തിൽ ഭോപ്പാലിൽ ട്രെയിനിടിച്ച് ബാങ്ക് ഓഫീസർ കൊല്ലപ്പെട്ടിരുന്നു. തീവണ്ടിയുടെ എൻജിന് തീപിടിച്ച് മൂന്ന് ജീവനക്കാർ മരിച്ചിരുന്നു. എന്നാൽ മന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അപകട മരണങ്ങളല്ല.