March 23, 2023 Thursday

ഭക്ഷ്യ സ്വയംപര്യാപ്തതയും കാർഷിക സംസ്കൃതിയും തിരിച്ചുപിടിക്കാം

വി ചാമുണ്ണി
ജനറല്‍ സെക്രട്ടറി, കിസാൻ സഭ
May 3, 2020 2:45 am

കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് 24 നാണ് നമ്മുടെ പ്രധാനമന്ത്രി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതും എല്ലാം അടച്ചുപൂട്ടിയതും. ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച അടച്ചിടൽ മെയ് മൂന്നിലേക്കും നീട്ടി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ദുരിതം എപ്പോൾ തീരുമെന്നോ ലോക്ഡൗൺ എന്ന് അവസാനിക്കുമെന്നോ പറയാനാവില്ല. ലോകത്തെ അവസ്ഥയും ആശങ്കാജനകമാണ്. ഈ സന്ദർഭത്തിൽ നമ്മുടെ സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും ആശ്വാസകരമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് നടക്കുന്നതെന്ന് രാജ്യവും ലോകവും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനിടയിൽ കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നവരാണ് നാം.

ഏപ്രിൽ 22, 23 തീയതികളിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളും തുടർന്ന് ഏപ്രിൽ 24 ന് നമ്മുടെ രണ്ട് പ്രധാന മാധ്യമങ്ങൾ എഴുതിയ മുഖപ്രസംഗങ്ങളും ഭാവി കേരളത്തെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ളവയാണ്. എല്ലാവരും വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യണം. തരിശു നിലങ്ങളെല്ലാം കൃഷിക്കായി ഉപയോഗിക്കണം. കാർഷികോല്പാദനം വർധിപ്പിക്കുന്നതിൽ ശ്രദ്ധിക്കണം. അതിനുള്ള കർമ്മപദ്ധതിക്ക് രൂപം നൽകും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിനെ തുടർന്നാണ് കാർഷിക സ്വയംപര്യാപ്തത കൈവരിച്ചേ മതിയാവൂ എന്ന് മാതൃഭൂമിയും കാർഷികോല്പാദനത്തിൽ സ്വയംപര്യാപ്തമാവണം എന്ന തലക്കെട്ടുമായി ദേശാഭിമാനിയും മുഖപ്രസംഗങ്ങളെഴുതിയത്. നെൽക്കൃഷി, പച്ചക്കറികൾ, പാൽ, മുട്ട, മാംസം, മത്സ്യം എന്നീ മേഖലകളിലാണ് ഉല്പാദനം വർധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്നത്തെപ്പോലെ ഉപ്പുതൊട്ട് കർപ്പൂരം വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടങ്ങളിൽ നിന്നുള്ള ലോറികളും ചരക്ക് വാഹനങ്ങളും വരുന്നത് കാത്തിരിക്കുകയും ചെയ്താൽ അതിർത്തികൾ അടയ്ക്കുകയോ കർണാടക-തമിഴ്‌നാട്-ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കുകയോ ചെയ്താൽ പട്ടിണി കിടക്കേണ്ടിവരുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രഖ്യാപനവും മുഖലേഖനങ്ങൾ എഴുതിയതും.

അടച്ചിട്ട കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതും കേട്ടതും അനുഭവിച്ചതും നമ്മുടെ ചിന്തയിലും സാമൂഹ്യബോധത്തിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. അനുഭവമാണ് ഏറ്റവും നല്ല അധ്യാപകന്‍ എന്നു പറയുന്നത് തികച്ചും ശരിയാണ് എന്ന് ബോധ്യപ്പെടുകയാണ്. കൊയ്ത്ത് ആരംഭിച്ച ഘട്ടത്തിലാണ് അടച്ചുപൂട്ടൽ വന്നുപെട്ടത്. വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ കഴിയാതെയും കൊയ്ത നെല്ല് വിൽക്കാനാവാതെയും പ്രയാസപ്പെടുന്ന കർഷകരെയാണ് നാം കണ്ടത്. പ്രശ്നത്തിലിടപെട്ടതും അവശ്യ സർവീസായി പ്രഖ്യാപിച്ച് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചതുമാണ് വലിയ നഷ്ടം ഒഴിവാക്കിയത്. നെല്ല് സംഭരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതും സംഭരണചുമതലയുള്ള ഏജന്റുമാരും മില്ലുടമകളും ഉയർത്തിയ ചാക്ക് വിലയുടെയും തൂക്കത്തിന്റെയും പ്രശ്നങ്ങളും ചുമട്ടുതൊഴിലാളികളുടെ വക കയറ്റിറക്കിന് അമിതകൂലി ആവശ്യവും തടസ്സങ്ങൾ സൃഷ്ടിക്കുകയുണ്ടായി. കൂടുതൽ ഉല്പാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിനും തർക്കങ്ങളുയർന്നു.

എങ്കിലും ഇത്തവണ സംഭരണവില ഉടൻതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ കാലതാമസമുണ്ടാവുകയും ബാങ്കുകൾക്ക് സർക്കാർ പണം സമയപരിധിക്കകം നൽകാത്തതിനെ തുടർന്ന് ജപ്തി നടപടികൾ സ്വീകരിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കർഷകരെ സഹായിക്കുന്നതിനായി കിലോയ്ക്ക് 26.95 രൂപ നൽകി സംഭരണം നടത്തുന്നത് നമ്മുടെ സംസ്ഥാനത്ത് മാത്രമാണ്. ഇത് കർഷകർക്കു വളരെ ആശ്വാസവുമാണ്. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിലുള്ള വീഴ്ചകളും അപാകതകളും കാരണം മുഴുവൻ ഗുണവും ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കണം. തൊഴിലാളിക്ഷാമം പരിഹരിക്കാൻ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഉപയോഗപ്പെടുത്തുന്നതോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. നെൽകൃഷി വികസനം ലക്ഷ്യമാക്കി പ്രത്യേക മേഖലകളിൽ വികസന ഏജൻസികൾ സർക്കാർ തന്നെ രൂപീകരിച്ചിട്ടുണ്ട്. സജീവമായി പ്രവർത്തിക്കുന്ന പാടശേഖര സമിതികളുമുണ്ട്. ഈ സംവിധാനങ്ങളെല്ലാം നല്ല രീതിയിൽ പ്രയോജനപ്പെടുത്തണം.

10 ലക്ഷം ഹെക്ടർ നെൽകൃഷിയുണ്ടായിരുന്നത് രണ്ട് ലക്ഷത്തിൽ താഴേയ്ക്ക് ചുരുങ്ങിയത് ഭൂമിയുടെ തരം മാറ്റുകയും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതിനാലാണ്. ഭൂഗർഭജലം സംരക്ഷിക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും നെൽകൃഷിയും തണ്ണീർത്തടങ്ങളും അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാണ് നെൽവയൽ ‑തണ്ണീർത്തടസംരക്ഷണ നിയമം പാസ്സാക്കിയത്. ഈ നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്നതിനും വ്യവസായ സ്ഥാപനങ്ങൾക്കെന്ന പേരിൽ ഭൂമി ഏറ്റെടുക്കുന്ന ശ്രമങ്ങളുമാണ് തുടരുന്നത്. ഈ നിലപാടും നയവും തിരുത്തണം. നെൽക്കർഷകർ സമൂഹത്തിന് ചെയ്യുന്ന സേവനം കണക്കിലെടുക്കാനും അംഗീകരിക്കാനും തയ്യാറാകണം. കർഷകക്ഷേമം ഉറപ്പു വരുത്തിയാൽ മാത്രമേ കർഷികോൽപ്പാദനവും വികസനവും യാഥാർത്ഥ്യമാക്കാനാവുകയുള്ളു എന്ന തിരിച്ചറിവ് ഉണ്ടാവണം. പച്ചക്കറിയുല്പാദനത്തിലും വിഷരഹിത‑ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നല്ല ശ്രമങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

എന്നിട്ടും ആവശ്യമുള്ള 20 ലക്ഷം ടണ്ണിന്റെ പകുതി മാത്രമാണ് നാം ഉല്പാദിപ്പിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ ലോറികളും ചരക്ക് വാഹനങ്ങളും വരുന്നത് കാത്ത് നിൽക്കുകയാണ് നാം. അതിർത്തികളെല്ലാം കർശനമായി അടയ്ക്കുന്ന വാർത്തകളാണ് ഇതെഴുതുമ്പോൾപോലും വന്നുകൊണ്ടിരിക്കുന്നത്. വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്യുക, തരിശുനിലങ്ങളെല്ലാം കൃഷിക്കായി ഉപയോഗിക്കുക എന്നത് യാഥാർത്ഥ്യമാക്കുക തന്നെ വേണം. വിദ്യാർത്ഥികളും കൊച്ചുകുട്ടികളുമടക്കമുള്ള യുവതലമുറയെ ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കണം. നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കൃതി തിരിച്ചുപിടിക്കുകയും സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുന്നതിന് ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല. വിവിധയിനം പഴങ്ങളും ധാരാളമായി ഉല്പാദിപ്പിക്കാൻ കഴിയും. വാഴ സംസ്ഥാന വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പൈനാപ്പിൾ, മാങ്ങ തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന പ്രദേശങ്ങളുണ്ട്. വിഷുവിപണി ലക്ഷ്യം വച്ച് കണിവെള്ളരിയുല്പാദിപ്പിക്കുന്ന കർഷകരെയും നാം കാണുകയുണ്ടായി. അടച്ചുപൂട്ടലിനെ തുടർന്ന് വിഷു ആഘോഷമില്ലാതെ കടന്നുപോയി. ഗതാഗതം നിലച്ചതോടെ വിപണിയും നഷ്ടപ്പെട്ട് കർഷകർ കണ്ണീരൊഴുക്കുന്ന കാഴ്ചയാണ്. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആന്റ് ഫൂട്ട് പ്രൊമോഷൻ കൗൺസിൽ (വിഎഫ്‌പിസികെ) എന്നീ സ്ഥാപനങ്ങൾ ഈ മേഖലകളിൽ കടന്നുചെന്ന് ഉല്പന്നങ്ങൾ വാങ്ങുകയും ഒരു കൈത്താങ്ങായി പ്രവർത്തിക്കുകയും ചെയ്തത് നന്ദിപൂര്‍വം രേഖപ്പെടുത്തുന്നു.

പഴം-പച്ചക്കറികൾ വേഗത്തിൽ കേടുവന്ന് നശിച്ച് പോകുന്നവയാണെന്നതുകൊണ്ട് കുറച്ച് ദിവസമെങ്കിലും കേടുവരാതെ സൂക്ഷിക്കാവുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. വിത്തു മുതൽ വിപണിവരെ കർഷകരെ സഹായിക്കുമെന്ന ലക്ഷ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ പ്രഖ്യാപിത ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ വിധത്തിൽ ശക്തിപ്പെടുത്തുകയും വിപുലമാക്കുകയും വേണം. പാലുല്പാദനമാണല്ലോ മറ്റൊരു പ്രധാന മേഖല. ക്ഷീരവികസനത്തിൽ അഭിമാനകരമായ നേട്ടങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമ്പോഴാണ് ഈ ആപത്ത് സംഭവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും അടച്ചപ്പോൾ പാലിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞതും ഉല്പാദിപ്പിച്ച പാൽ മുഴുവനും മിൽമയ്ക്ക് സംഭരിക്കാൻ കഴിയാതെ ക്ഷീരകർഷകർ പ്രതിസന്ധിയിലാവുകയും പാൽ ഒഴുക്കികളയുന്ന വേദനാജനകമായ സംഭവങ്ങളും നടന്നു. ഈ ഘട്ടത്തിലും സംസ്ഥാന സർക്കാരിന്റെ സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.

സഹകരണ പ്രസ്ഥാനമായ മിൽമയും പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. മാംസവും മുട്ടയുമാണ് മറ്റ് രണ്ട് ഉല്പന്നങ്ങൾ. കോഴിഫാമുകൾ നടത്തുന്ന നിരവധിപേർക്ക് വൻതോതിൽ നഷ്ടമുണ്ടാക്കിയ സംഭവമായിരുന്നു പക്ഷിപ്പനിയുടെ ആക്രമണം. ഇത്തരം സന്ദർഭങ്ങളിൽ കോഴികർഷകരെ സഹായിക്കാനും സംരക്ഷിക്കാനും സംവിധാനങ്ങൾ ആവശ്യമാണ്. “മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ’, പൗൾട്രി കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യണം. മത്സ്യം പിടിച്ച് ജീവിതം മുന്നോട്ടുനയിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും പരിഹാരം വേണം. നെൽകൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം-ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുകളിൽ പ്രതിപാദിച്ചിട്ടുള്ളത്. നമ്മുടെ കാർഷിക മേഖലയുടെ വൈപുല്യം വളരെ വലുതാണ്.

സംസ്ഥാനത്തിന്റെ പേരുമായി ബന്ധമുള്ള നാളികേരം, റബ്ബർ, കവുങ്ങ്, കശുമാവ്, കാപ്പി, ഏലം, തേയില, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ നാണ്യവിളകളും സുഗന്ധവിളകളും കൂടി ഉൾപ്പെടുന്നതാണ് കാർഷിക മേഖല. ജനസംഖ്യയിൽ ഭൂരിപക്ഷവും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിതം നയിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ബജറ്റുകളിൽ പദ്ധതികൾക്ക് രൂപം നൽകുമ്പോൾ ആദ്യത്തെ പരിഗണന കൃഷിക്ക് നൽകേണ്ടതാണ്. നിർഭാഗ്യമെന്ന് പറയട്ടെ കഴിഞ്ഞ ഏതാനും ദശകങ്ങളായി ആസൂത്രണവും ഭരണവും നിയന്ത്രിക്കുന്നവർ ഈ മേഖലയെ അവഗണിക്കുകയും പിന്മാറുകയുമാണ് ചെയ്തത്. കാർഷിക പ്രതിസന്ധികളുടെയും കർഷക ആത്മഹത്യകളുടെയും നാടായി നമ്മുടെ രാജ്യം മാറിയത് അങ്ങനെയാണ്. കേരളത്തിൽ നെൽകൃഷി തന്നെ വേണ്ട എന്നായിരുന്നു ആസൂത്രണ കമ്മിഷൻ തലവനായിരുന്ന അലുവാലിയ എന്ന പണ്ഡിതൻ ഒരിക്കൽ പ്രഖ്യാപിച്ചത്. ജലം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിളകൾക്ക് സബ്സിഡിയില്ല എന്നതാണ് ഇപ്പോൾ നിതി ആയോഗിന്റെ നിലപാട്. നിയമവിരുദ്ധമായി നിർമ്മിക്കുന്ന ഫ്ളാറ്റുകൾക്കും വലിയ മാളുകൾക്കും വഴിയൊരുക്കുകയാണ് വികസനമെന്നതായിരുന്നു ഭരിക്കുന്നവരുടെ വാദങ്ങൾ.

ഭൂമിയെ നശിപ്പിക്കുന്ന ക്വാറികളും അമിത ജലചൂഷണം നടത്തുന്ന കമ്പനികൾക്ക് അനുമതി നൽകുന്ന, കാർഷിക തകർച്ചയ്ക്ക് കളം ഒരുക്കുന്ന കരാറുകളുണ്ടാക്കാനും ഉത്സാഹമായിരുന്നു ഇവർക്ക്. കിസാൻസഭ കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ് സർക്കാരും പ്രമുഖ മാധ്യമങ്ങളും ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നയുടൻ 2016 ജൂലൈ മാസത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കാർഷിക വിദഗ്ധരും ശാസ്ത്രജ്ഞരും പങ്കെടുത്ത സെമിനാർ സംഘടിപ്പിക്കുകയും അവിടെ തയ്യാറാക്കിയ രേഖകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2003 മുതൽ കാർഷിക പ്രശ്നങ്ങൾ പഠിക്കാനും പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനുമുള്ള പ്രവർത്തനങ്ങളിലാണ്. 11-ാം പഞ്ചവത്സര പദ്ധതിയുടെ ആരംഭഘട്ടത്തിൽ കാർഷിക വികസനവും സമീപനവും നിർദ്ദേശങ്ങളും സംഘടന നൽകിയിരുന്നു. ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മാർഗ്ഗദർശിയായി പ്രവർത്തിക്കുകയും ചെയ്തത് അന്തരിച്ച സി കെ ചന്ദ്രപ്പനായിരുന്നുവെന്നത് ആദരപൂർവം സ്മരിക്കട്ടെ.

പിന്നീട് നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ ഈ കാര്യങ്ങൾ കിസാൻസഭ ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കുകയും അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിനും ജീവജാലങ്ങൾക്കും ഭക്ഷണവും വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളും ഉല്പാദിപ്പിക്കുന്ന കാർഷിക മേഖലയും കൃഷിക്കാരും അവഗണിക്കപ്പെടുകയാണ്. അപ്രസക്തവും അപ്രധാനവുമായ പല കാര്യങ്ങൾക്കും ധാരാളം പണം ചെലവാക്കുമ്പോഴാണ് പാവപ്പെട്ട കർഷകർക്ക് ആശ്വാസം നൽകുന്നതിന് പണമില്ലെന്നു പറഞ്ഞ് മാറ്റിവയ്ക്കുന്നത്. കാർഷിക അനുബന്ധ മേഖലകൾക്ക് മുൻഗണന നൽകി ആവശ്യമായ ഫണ്ട് നീക്കിവയ്ക്കണം.

ഈ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ നമുക്ക് ആവശ്യമുള്ള പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും നാം തന്നെ ഉല്പാദിപ്പിക്കുക, സ്വയം പര്യാപ്തമാവുക എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളും പ്രധാന രാഷ്ടീയ പാർട്ടികളുടെ മുഖ്യ അജണ്ടയിലും ഇത് ഉൾപ്പെടുത്തിയതായും കാണുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ സഹകരണസംഘങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷക-കർഷകത്തൊഴിലാളി പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന കാർഷിക വികസന സമിതികൾ നിലവിലുണ്ട്. നഗരസഭകളിലും കോർപ്പറേഷനുകളിലും ഇത്തരം സംവിധാനങ്ങളുണ്ട്. ഇത്തരം പ്രാദേശിക ഭരണ സംവിധാനങ്ങളും സംസ്ഥാന സർക്കാരും രാഷ്ടീയ നേതൃത്വവും ഒന്നിച്ചിറങ്ങിയാൽ സ്വയം പര്യാപ്തത കൈവരിക്കുക തന്നെ ചെയ്യും. കാർഷിക സംസ്കൃതി തിരിച്ചു പിടിക്കാൻ ഉത്തരവാദിത്തമുള്ള പ്രസ്ഥാനമെന്ന നിലയിൽ കിസാൻസഭയുടെ എല്ലാ ഘടകങ്ങളും പ്രവർത്തകരും സജീവമായ പങ്ക് നിർവഹിക്കുമെന്ന് ഉറപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.