സംഘപരിവാര ഫാസിസ്റ്റുകൾ മതത്തെയും വിശ്വാസത്തെയും അനാചാര – അന്ധവിശ്വാസ ചതുരക്കള്ളിയിലൊതുക്കി രാഷ്ട്രീയ ലാഭസാധ്യതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. കുംഭമേളയുടെ പേരിലും രാഷ്ട്രീയ ലാഭം കൊതിക്കുകയാണ് ബിജെപിയും ആർഎസ്എസും. വാരാണസിയിലെ പ്രയാഗ്‌രാജിലെത്തി ഗംഗാനദീതടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഭിനയ നാടകം തന്നെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയ അജണ്ടയുടെ മുഖാവരണം ഒരിക്കൽകൂടി അഴിച്ചുമാറ്റുന്നതായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുഖ്യപൂജാരിയായും നരേന്ദ്ര മോഡി നാടകമാടി.
‘മനസു നന്നാവട്ടെ,
മതമേതെങ്കിലുമാവട്ടെ
മാനവഹൃത്തിൽ ചില്ലയിലെല്ലാം
മാമ്പൂവുകള്‍ വിരിയട്ടെ’ എന്ന് ഉദ്ഘോഷിച്ച മണ്ണാണിത്. ജാതിചോദിക്കരുത്, ജാതിപറയരുത് എന്ന് നവോത്ഥാന പ്രക്ഷോഭ നാളുകളിൽ ശ്രീനാരായണഗുരു കേരളത്തിൽ ശബ്ദിച്ചത് രാജ്യത്തിനാകെയുള്ള പുരോഗമന സന്ദേശമായിരുന്നു. നവോത്ഥാന ചിന്തകനും അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ മതനിരപേക്ഷതയും ഭാരതീയ സാംസ്കാരിക പൈതൃകവും ഉച്ചൈസ്തരം ഉദ്ഘോഷിച്ച യൗവനയുക്തനായ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസന്റെ ദർശനങ്ങൾക്കൊപ്പം ശ്രീനാരായണ ഗുരുവിന്റെ ദർശന സംഹിതകളും ഉയർത്തിപ്പിടിച്ചു.
രാജാറാം മോഹൻറായ് കൊൽക്കത്തയിൽ ഉയർത്തിയ, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ പ്രക്ഷോഭം രാജ്യചരിത്രത്തിലെ അനുപമ അധ്യായമാണ്. ആത്മീയസഭ എന്ന സംഘടന രൂപീകരിച്ച രാജാറാം മോഹൻറായ് ഭർത്താവ് മരിച്ചാൽ ഭാര്യയും ചിതയിൽ ചാടി മരിക്കണമെന്ന ‘സതി’ എന്ന അനാചാരത്തിനെതിരെ നിസ്തൂലവും അവിസ്മരണീയവുമായ പോരാട്ടം നടത്തി. രബീന്ദ്രനാഥ ടാഗോറിനെയും പ്രേം ചന്ദിനെയും പോലുള്ള എഴുത്തുകാരും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ ജി അധികാരിയും പി സി ജോഷിയും അജയഘോഷും ഉൾപ്പെടെയുള്ള പുരോഗമന ചിന്താഗതിക്കാരും വർഗീയതയ്ക്കെതിരായും അന്ധവിശ്വാസ അനാചാരങ്ങൾക്കെതിരായും ആശയപരമായി ആയുധമണിഞ്ഞ് അനവരതം പടപൊരുതിയിരുന്നു. ഇന്ത്യയുടെ ഭൗതിക ശാസ്ത്രീയ ചിന്തകൾ ഉൾച്ചേർന്ന, മതനിരപേക്ഷ സൈന്ധവ നദീതട സംസ്കാരത്തിന്റെ മഹിമയെ തമസ്കരിച്ച് ഇന്ത്യയെ ഏകമതമേധാവിത്തത്തിന്റെ മണ്ണാക്കി മാറ്റുവാൻ പരിശ്രമിക്കുകയാണ് സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടം.
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ അതിവേഗം മുന്നോട്ടുകുതിക്കുന്ന ഇന്ത്യ, സംഘ്പരിവാർ ഭരണത്തിൽ അഴിമതിയുടെ കാര്യത്തിലും മുന്നേറുകയാണ്. 2024ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് കണക്കുപ്രകാരം അഴിമതിയുടെ കാര്യത്തിലും രാജ്യം മുൻനിരയിലെത്തിയിരിക്കുകയാണ്. വർഗീയ ലഹളകളിലും വംശവിദ്വേഷ പ്രചരണത്തിലും ഇന്ത്യ ആദ്യസ്ഥാനത്താണ് എന്ന് ലോകരാഷ്ട്രങ്ങളിലാകെ നടന്ന സർവേ ഫലങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു.
ഐതിഹ്യത്തിന്റെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന മഹാകുംഭമേളയെപ്പോലും രാഷ്ട്രീയ ആയുധമാക്കാനാണ് നരേന്ദ്ര മോഡിയും അമിത് ഷായും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും യത്നിക്കുന്നത്. പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുവാനും പുനർജന്മചക്രം തകർക്കുവാനും ആത്മീയ വിമോചനം നേടുവാനുമുള്ള ഒരു മഹനീയ സമയമാണ് മഹാ കുംഭമേളയെന്ന് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. ആന്തരിക പ്രതിഫലനത്തിനും ദൈവികതയുമായുള്ള ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുവാനുമുള്ള സമയമിതാണെന്നും അവർ പറയുന്നു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും നരകലോക കവാടങ്ങൾ തുറക്കുകയാണിവർ.
മഹാകുംഭമേള നടക്കുന്നത് ഹരിദ്വാറിലെ ഗംഗാതീരത്തും ഉജ്ജയിനിയിലെ ഷിപ്രാനദിയുടെ തീരത്തും പ്രയാഗ്‌രാജിലെ യമുനാ- ഗംഗാ നദീതടത്തിലുമാണ്. അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പേരും കുംഭമേളയുടെ പേരിൽ പരാമർശിക്കുന്നുണ്ട്. ഐതിഹ്യങ്ങൾ അനുസരിച്ച് മഹാവിഷ്ണു അമൃതകലശം വഹിച്ചുകൊണ്ടിരിക്കെ, ഒരു കലശം പൊട്ടി നിലത്തുവീഴുകയും നാല് തുള്ളികൾ ഒഴുകിപ്പരക്കുകയും ചെയ്തു. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിന്‍, നാസിക് എന്നീ നാല് തീർത്ഥങ്ങളിൽ ആ അമൃത് തുള്ളികൾ വീണെന്നാണ് സങ്കല്പം. ഈ സങ്കല്പങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്ത് മതനിരപേക്ഷ ജനതയിൽ ഭിന്നത സൃഷ്ടിക്കുകയാണ് സവർണ ഹൈന്ദവ പൗരോഹിത്യ മതമേധാവിത്തം.
എല്ലാ കുംഭമേളകളിലും ആൾക്കൂട്ട തിരക്കിൽപ്പെട്ട് നൂറുകണക്കിനാളുകൾ മരിക്കുന്നു. അവർ ദൈവത്തിലുള്ള ആഴമേറിയ ബന്ധം സ്ഥാപിച്ചുവെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇപ്പോഴത്തെ കുംഭമേളയിലും നിരവധി പേർ മരിച്ചു. എത്രപേർ മരിച്ചുവെന്നോ, അവരുടെ കൃത്യമായ പേരുവിവരമോ പുറത്തുവിടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഇനിയും തയ്യാറായിട്ടില്ല. ആചാരങ്ങളെ അനാചാരങ്ങളാക്കുന്ന, രാഷ്ട്രീയലാഭത്തിന് വിനിയോഗിക്കുന്ന പ്രവണത മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരേ ഉയരുന്ന കടുത്ത വെല്ലുവിളിയാണ്. മതനിരപേക്ഷ ബോധമുള്ളവർ നിത്യജാഗ്രത പുലർത്തിയാലേ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുവാനാവൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.