Thursday
22 Aug 2019

ദുരിതപെയ്ത്ത്; മരിച്ചത് 91 പേര്‍, 59 പേരെ കാണാതായി

By: Web Desk | Tuesday 13 August 2019 9:35 PM IST


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. തീരപ്രദേശത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മുതല്‍ 50 കിലോമീറ്റര്‍ വരെയാകുമെന്നും പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ തിരമാല 2.8 മീറ്ററോളം ഉയരാനും സാധ്യതയുണ്ടെന്നും അതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ള ഔദ്യോഗിക കണക്ക് പ്രകാരം മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 91 പേര്‍ മരിച്ചു. 59 പേരെ കാണാതായി. സംസ്ഥാനത്താകെ 1,239 ക്യാമ്പുകളിലായി 68,920 കുടുംബങ്ങളിലെ 2,26,491 പേരുണ്ട്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂരാണ്. 257 ക്യാമ്പുകളാണവിടെ. വയനാട്ടില്‍ 196, മലപ്പുറത്ത് 165, കോട്ടയം 159, കോഴിക്കോട് 132 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,057 വീടുകള്‍ പൂര്‍ണമായും 11,159 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും മുന്നറിയിപ്പുണ്ടായിരുന്നു. വിവിധ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ തിരുവനന്തപുരത്തെ അരുവിക്കരയ്ക്ക് പുറമേ നെയ്യാര്‍ഡാമും തുറന്നു. ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാമില്‍ നിന്നും നേരിയ തോതില്‍ ജലം പുറത്തുവിടുന്നത്.

Related News