മുംബൈയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Web Desk
Posted on July 09, 2019, 9:57 am

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. അഞ്ചു ദിവസം നീണ്ടു നിന്ന പേമാരിയെ തുടര്‍ന്ന് മതിലുകള്‍ തകര്‍ന്നും രത്നഗിരിയിലെ അണക്കെട്ട് തകര്‍ന്നും നിരവധി പേരാണ് മരിച്ചത്. മുംബൈയിലും പൂനെയിലുമായി 40 ജീവനുകളാണ് പൊലിഞ്ഞത്.  അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര അറിയിച്ചു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര മെറ്റീരോളോജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പിലാണ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് അതിശക്തമായ 200 മിമീ മഴ പെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നും ഏറെ നിര്‍ണായകമാണ് അടുത്ത മണിക്കൂറുകളെന്നും മെറ്റീരോളോജിക്കല്‍ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. റായ്ഗഡ്, താനെ, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളായിരിക്കും കടുത്ത പേമാരി നേരിടുക.

ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ട് മൂലം ദുരിതത്തിലായി. നവി മുംബൈയിലും അതി ശക്തമായ മഴ ജനജീവിതത്തെ ദുരിതത്തിലാക്കി. ട്രെയിന്‍ യാത്രക്കാരാണ് ഏറെ ക്ലേശം അനുഭവിച്ചത്. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല സര്‍വീസുകളും അനശ്ചിതത്തിലായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ വിമാനത്താവളത്തില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. സ്‌പൈസ്‌ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ യാത്രക്കാരോട് നിരന്തരം ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നു ട്വീറ്റ് ചെയ്തു നിര്‍ദ്ദേശിച്ചു.

You May Also Like This: