16 November 2025, Sunday

കരുതലിന്റെ കരങ്ങളായി റെഡ്

കെ പി ഗോപകുമാര്‍
ജനറൽ സെക്രട്ടറി, ജോയിന്റ് കൗൺസിൽ
October 1, 2025 4:18 am

‘തനിക്ക് ജീവിക്കാൻ താനല്ലാത്തവർകൂടെ വേണമെന്ന് ’ ശ്രീനാരായണ ഗുരുദേവനും, ‘സാമൂഹിക ബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യൻ’ എന്ന സുന്ദരമായ നിർവചനം മനുഷ്യന് നൽകിയ കാള്‍ മാർക്സിന്റെ വാക്കുകളും നമ്മെ ഓർമ്മപ്പെടുത്തുന്നത് പരസ്പരാശ്രയത്തോടെയേ ഏതുകാലത്തും ഒരു സമൂഹത്തിന് മുന്നോട്ടു പോകാനാവൂ എന്നാണ്. പരസ്പര സ്നേഹവും കരുതലുമുള്ള, കടമകളും കടപ്പാടുകളും നീതിയുമുള്ള സേവന സന്നദ്ധതയുടെ മുഖത്തോടെയാണ് ജോയിന്റ് കൗൺസിൽ പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭ്യമാക്കി ഒരു വോളണ്ടിയർ സേനക്ക് രൂപം കൊടുക്കുന്നത്.

2025 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ റെഡ് -(Res­cue and Emer­gency Divi­sion- RED) എന്ന വോളണ്ടിയർ സേനയുടെ പ്രഖ്യാപനം വൈക്കം നവോത്ഥാന സ്മൃതി വേദിയിൽ നടക്കും. മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ഇണ്ടംതുരുത്തി മനയിൽ 1,148 വോളണ്ടിയർമാർ നവോത്ഥാന പോരാട്ട സ്മൃതിപാതയിലൂടെ മാർച്ച് ചെയ്താണ് പ്രഖ്യാപന സദസിൽ എത്തുക. ‘മണ്ണു മെനഞ്ഞ് മനുഷ്യനെ സൃഷ്ടിക്കാൻ എനിക്കും നിനക്കുമാവില്ല’ എന്ന് പരിണാമം എന്ന കവിതയിലൂടെ എൻ അയ്യപ്പൻ പറഞ്ഞ വാക്കുകൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമാണ് വർത്തമാനകാലത്തുള്ളത്. മണ്ണുമെനഞ്ഞ് മനുഷ്യനെ സൃഷ്ടിക്കാൻ നമുക്കാവില്ലെങ്കിലും ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തിയാൽ ജീവനെയും പ്രകൃതിയെയും സംരക്ഷിക്കാൻ നമുക്കാകും.

പഴയ മതവിശ്വാസ പ്രകാരം ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ കേന്ദ്രമായിരുന്നു ഭൂമി. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നിക്കോളാസ് കോപ്പർനിക്കസ് എന്ന പോളിഷ് ജ്യോതിശാസ്ത്രജ്ഞൻ ‘സ്വർഗീയ വിപ്ലവങ്ങൾ ’ എന്ന ഗ്രന്ഥത്തിലൂടെ ആ വിശ്വാസത്തെ ആദ്യമായി ചോദ്യം ചെയ്തു. 17-ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ഗലീലിയോ എന്ന ശാസ്ത്രജ്ഞൻ ദൈവ സിദ്ധാന്തത്തെ പരിഹസിച്ചു. കോപ്പർനിക്കസിന്റെ കണ്ടുപിടിത്തങ്ങളെ കൂടുതൽ ശാസ്ത്ര വീക്ഷണത്തോടെ അവതരിപ്പിച്ചു. അരിസ്റ്റോട്ടിലിനും ബ്രൂണോയ്ക്കും കാരാഗൃഹവാസമാണ് പൗരോഹിത്യവും മതവും വിധിച്ചത്. സത്യം ലോകത്തിന്റെ മുന്നിൽ നിർഭയമായി അവതരിപ്പിച്ച ബ്രൂണോയെ ജീവനോടെ ചുട്ടുകൊന്നു.

15-ാം നൂറ്റാണ്ടിൽ ഇമാനുവല്‍ കാന്റ് എന്ന തത്വശാസ്ത്രജ്ഞനും ലാപ്ലസ് എന്ന ഗണിതശാസ്ത്രജ്ഞനും പ്രപഞ്ചത്തിന്റെ ഉല്പത്തിയിൽ ദൈവിക ശക്തികൾക്ക് പങ്കുണ്ടെന്ന ധാരണയെ വെല്ലുവിളിക്കുകയും ഭൗതികപദാർത്ഥങ്ങളുടെ ചലനത്തിന്റെ ഫലമായിട്ടാണ് ഈ ഭൂലോകമുണ്ടായതെന്ന് സ്ഥാപിക്കുകയും ചെയ്തു. ലോകം ശാശ്വതവും സ്ഥിരവും മാറ്റമില്ലാത്തതും ആണെന്നും ദൈവത്തിന്റെ ലീലാവിലാസങ്ങളാണ് ഭൂമിയെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്തിട്ടുള്ളതുമെന്ന അന്ധവിശ്വാസത്തെയാണ് ഇവർ തകർത്തെറിഞ്ഞത്. ജീവന്റെ വികാസ പരിണാമങ്ങൾ വിശദമാക്കപ്പെട്ടത് ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളിലൂടെയാണ്.

പ്രകൃതിയിലും ജീവജാലങ്ങളിലും അനുദിനം മാറ്റം ഉണ്ടാകുന്നു. കാടുകളിലും വൃക്ഷങ്ങളിൽപ്പോലും പ്രകടമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പ്രകൃതിയിൽ വരുന്ന മാറ്റത്തെ നേരിടാനും പ്രതിരോധിക്കാനും മറന്നുപോകുന്നവരും ആർത്തിമൂത്ത് പ്രകൃതിയെ ചൂഷണത്തിന് വിധേയമാക്കുന്ന ഘട്ടത്തിലാണ് ഭൂമി നിലനില്പിനായി സ്വയം പ്രതിരോധം തീർത്ത് മുന്നറിയിപ്പ് നൽകുന്നത്. ഉള്ളകം പൊട്ടിയൊഴുകുന്ന ലാവയായും വീശിയടിക്കുന്ന കൊടുങ്കാറ്റായും പേമാരിയായും ഭൂമി പ്രതികരിക്കുമ്പോൾ ഒലിച്ചിറങ്ങുന്ന മലനിരകളും ഉരുകിത്തീരുന്ന മഞ്ഞുമലകളും ശ്വാസംമുട്ടിക്കുന്ന വിധം കാർബൺ ഡൈ ഓക്സൈഡിന്റെ വ്യാപനവും അതിവേഗം വ്യാപിക്കുന്ന മഹാമാരിയും നമ്മോട് പറയുന്നത് സുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും കരുതലിനെ കുറിച്ചാണ്.

മനുഷ്യൻ മനുഷ്യനെ മറന്നുപോകാത്ത മാനവികതയുടെ നിറച്ചാർത്തുകളായി നാമോരോരുത്തർക്കും മാറാൻ കഴിയണം. കെട്ടുപാടുകൾ ഒട്ടുമില്ലാതെ കെട്ടുപോകാത്ത മനുഷ്യത്വത്തിന്റെ മുഖമാവണം നമ്മള്‍. കേരളത്തിൽ അറിവിന്റെയും സംസ്കാരത്തിന്റെയും മാനവികതയുടെയും പ്രതിരൂപമായാണ് സർക്കാർ ജീവനക്കാരെ പൊതുസമൂഹം കാണുന്നത്. ഓരോ പ്രവൃത്തിയും ഒരു ലക്ഷ്യത്തോടെയാവണം.

2020 — 21ലെ കോവിഡ് മഹാമാരിക്ക് ശേഷം കൺമുമ്പിൽ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എത്ര അനുഭവങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. റവന്യു അസംബ്ലിയിൽ പങ്കെടുക്കവേ കുഴഞ്ഞുവീണ് മരിച്ച വാഴൂർ സോമൻ എംഎൽഎയും 2025ലെ ഓണാഘോഷത്തിന്റെ ഭാഗമായി നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ ജീവനക്കാരുടെ ഓണാഘോഷ പരിപാടികളിൽ നൃത്തച്ചുവടുകൾ വച്ച ജുനൈദും നമ്മെ ഓർമ്മപ്പെടുത്തുന്നത് പ്രഥമ ശുശ്രൂഷയുടെയും സിപിആറിന്റെയും ആവശ്യകതയും പ്രാധാന്യവുമാണ്. കുഴഞ്ഞുവീണയുടനെ പ്രഥമ ശുശ്രൂഷ നൽകാനായെങ്കിൽ ഒരുപക്ഷെ ജീവൻ തിരിച്ചു നൽകാൻ സാധ്യമാവുമായിരുന്നു. ഇവിടെയാണ് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം. ഒരു പ്രഥമ ശുശ്രൂഷ, സിപിആർ നൽകാനായാൽ നഷ്ടമാകാൻ സാധ്യതയുള്ള ഒരു ജീവൻ രക്ഷിക്കാൻ നമുക്കാവും.

മഹാദുരന്തങ്ങളും മഹാമാരിയും ആവർത്തിക്കുകയാണ് കേരളത്തിൽ. സർക്കാരും ഔദ്യോഗിക ദുരന്തനിവാരണ സംവിധാനങ്ങളും കേരളത്തിൽ തീർത്ത സുരക്ഷയുടെയും അതിജീവനത്തിന്റെയും മഹത്തായ അഭിമാന മാതൃകകൾ മുന്നിലുണ്ട്. വയനാടും വിലങ്ങാടുമാണ് കേരളം നേരിട്ട ഒടുവിലുണ്ടായ മഹാദുരന്തങ്ങൾ. പൊലീസ്, ഫയർഫോഴ്സ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ മുഖ്യമായും മറ്റ് ജീവനക്കാരും അതിനെ ഏകോപിപ്പിക്കാൻ റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ അഞ്ച് മന്ത്രിമാരും നടത്തിയ ശ്രമകരമായദൗത്യം സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. പലരും വേണ്ടത്ര പരിശീലനമില്ലാതെയാണ് ദുരന്തമുഖത്ത് നിലയുറപ്പിച്ചത്.
ദുരന്തമുഖത്ത് ജീവൻ രക്ഷാപ്രവർത്തനം, ഡാറ്റാ കളക്ഷൻ, മാറ്റി പാർപ്പിക്കൽ, ക്യാമ്പ് നടത്തൽ, അടിയന്തര വിവരക്കെെമാറ്റം, ക്രൗഡ് മാനേജ്മെന്റ്, ഫയർ ആന്റ് റെസ്ക്യു ഓപ്പറേഷൻ, ഫസ്റ്റ് എയ്ഡ് ആന്റ് സിപിആർ നൽകൽ എല്ലാം പ്രധാന്യത്തോടെ നിർവഹിക്കേണ്ടതാണ്. ഓരോ ദുരന്തമുഖത്തും ആദ്യമായി എത്തിച്ചേരാൻ കഴിയുക സർക്കാർ ജീവനക്കാര്‍ക്കാണ്. ദുരന്തനിവാരണ സേനയും മറ്റ് സേനകളും എത്തുന്നതിനു മുമ്പുള്ള സമയം വിലപ്പെട്ടതാണ്. ആദ്യ ഇടപെടൽ നിർണായകവും. അതിനായി കേരളത്തിലെ സർക്കാർ ജീവനക്കാരിൽ നിന്നും സേവന തല്പരരായവരെ ഉൾപ്പെടുത്തി വൈദഗ്ധ്യമുള്ള 1,148 പേരുടെ സന്നദ്ധ സേനയ്ക്കാണ് ജോയിന്റ് കൗൺസിൽ ആദ്യഘട്ടമായി പരിശീലനം നൽകി രൂപം കൊടുത്തിട്ടുള്ളത്.

ഒരു യൂണിറ്റിൽ നിന്നും രണ്ട് പേർ വീതം വോളണ്ടിയർ സേനയുടെ ഭാഗമാകും. നഴ്സുമാർ, എന്‍ജിനീയർമാർ, റവന്യു ജീവനക്കാർ, റസ്ക്യു പരിശീലനം ലഭ്യമായ ഫയർഫോഴ്സ്, ഫോറസ്റ്റ് ജീവനക്കാർ, ഡാറ്റാ കളക്ഷൻ വിദഗ്ധർ, കമ്യൂണിക്കേഷൻ പരിശീലനം ലഭിച്ച വിദഗ്ധർ, ഡ്രൈവർമാർ തുടങ്ങിയവരും വോളണ്ടിയർ സേനയുടെ ഭാഗമാകും.
ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ലായെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാനും ജീവനഷ്ടം സംഭവിക്കാതെ പരമാവധി പേരെ രക്ഷിക്കാനും പരിശീലനം ലഭിച്ച ഒരു വോളണ്ടിയർക്ക് കഴിയും. ഓരോ സർക്കാർ ഓഫിസിലും പരിശീലനം ലഭിച്ച ഒരു ജീവനക്കാരന്റെ സാന്നിധ്യം കേരളത്തിന്റെ ഭാവി സുരക്ഷയ്ക്കൊരു കരുതലാകുമെന്നുറപ്പാണ്.

പരിസ്ഥിതി സംരക്ഷണത്തിലും ദുരന്തമുഖത്തും നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് ജോയിന്റ് കൗൺസിൽ നേതൃത്വം നൽകിവരുന്നുണ്ട്. സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ തലസ്ഥാന നഗരത്തിൽ ആരും വിശക്കാതിരിക്കാൻ നടപ്പിലാക്കി വരുന്ന സാന്ത്വനം — വിശക്കരുതാരും എന്ന പദ്ധതിയിലൂടെ എല്ലാ ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകി വരുന്നു. ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേർ വിശപ്പടക്കാനായി ഭക്ഷണപ്പൊതി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയിലെ അവധി ദിവസം ജില്ലകളിലെ പ്രധാന പൊതുവിടം വൃത്തിയാക്കാൻ ജീവനക്കാരുടെ സന്നദ്ധ സേന ശുചീകരണ പ്രവർത്തനം നടത്തിവരുന്നു.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സംസ്ഥാന വ്യാപകമായി പ്രധാന സർക്കാർ ഓഫിസുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. വയനാട് ദുരന്തമുഖത്ത് ജീവൻ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും ഇടപെടാൻ കഴിഞ്ഞു. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 55 ലക്ഷം രൂപ സംഭാവനയായി നൽകിയതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും കേരളത്തിന്റെ ഭാവി സുരക്ഷിതത്വത്തിനുമായി സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണവും ദുരന്തനിവാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ പരിശീലനം സിദ്ധിച്ച സർക്കാർ ജീവനക്കാരുടെ സന്നദ്ധ സേന എന്ന ആശയം ഏറെ പുതുമയുള്ളതും ലോക ചരിത്രത്തിലാദ്യമെന്ന പ്രത്യേകതയുമുണ്ട്. റെഡ് — എന്ന വോളണ്ടിയർ സേനയുടെ രൂപീകരണത്തിലൂടെ ആ ചരിത്രം യാഥാർത്ഥ്യമാക്കുകയാണ് ജോയിന്റ് കൗൺസിൽ. സിവിൽ സർവീസ് ചരിത്രത്തില്‍ സന്നദ്ധ സേവനത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുന്ന ചരിത്ര പ്രഖ്യാപനത്തിന് സാന്നിധ്യമാകാനും സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമാകാനും എല്ലാ സർക്കാർ ജീവനക്കാരെയും ക്ഷണിക്കുന്നു. ഒപ്പം റെഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.