Wednesday
11 Dec 2019

റെഡ് കോര്‍ണര്‍ നോട്ടീസ്: മെഹുല്‍ ചോക്‌സി അപ്പീല്‍ നല്‍കി

By: Web Desk | Friday 7 September 2018 10:05 PM IST


Mehul Choksi- Janayugom

ന്യൂഡല്‍ഹി: ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിനെതിരെ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അപ്പീല്‍ നല്‍കി. ഒളിവിലുള്ള കുറ്റവാളികള്‍ക്കെതിരായാണ് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്നും ആന്റിഗ്വയില്‍ നിയമാനുസൃതം കഴിയുന്ന താന്‍ നോട്ടീസ് പരിധിയില്‍ വരില്ലെന്നുമാണ് ചോക്‌സിയുടെ വാദം.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും ചോക്‌സിയും ബന്ധു നീരവ് മോഡിയും ചേര്‍ന്ന് 13000 കോടിയാണ് തട്ടിയെടുത്തത്. അതേസമയം മെഹുല്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ഇന്റര്‍പോളിന്റെ ഉപരിക്കമ്മറ്റി ഒക്‌ടോബറിലാണ് തീരുമാനം അറിയിക്കുക. ഇന്ത്യന്‍ അന്വേഷണ സംഘം ചോക്‌സിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും അഭ്യര്‍ഥന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍പോള്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.
തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് ചോക്‌സി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച ഇന്റര്‍പോള്‍ തീരുമാനം എടുത്തിരുന്നില്ല. ഇന്ത്യന്‍ ജയിലിലെ നിലവിലെ സാഹചര്യങ്ങളും തന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകളും ചോക്‌സി പങ്കുവച്ചതും ഇന്റര്‍പോള്‍ ഇതോടൊപ്പം പരിഗണിച്ചതായാണ് സൂചന.

തീരുമാനം ഇപ്പോള്‍ ഇന്റര്‍പോളിന്റെ അഞ്ചംഗങ്ങള്‍ അടങ്ങുന്ന കമ്മിഷന്‍ ഫോര്‍ കണ്‍ട്രോള്‍ ഓഫ് ഫയല്‍സിന് മുന്‍പാകെയാണ്. കേസിന്റെ ഇരുവശങ്ങളും കൃത്യമായി പഠിച്ച ശേഷം നോട്ടീസ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഉദ്യോഗസ്ഥവൃത്തങ്ങള്‍ അറിയിച്ചു.

തട്ടിപ്പിന് ശേഷം രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് ചോക്‌സി വ്യക്തമായ പദ്ധതികള്‍ തയാറാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ചോക്‌സി ആന്റിഗ്വയിലും ബര്‍ബുഡയിലും പൗരത്വമെടുക്കുകയും ഇതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയിലെ നടപടിക്രമങ്ങള്‍ ഈ വര്‍ഷം ജനുവരു 15ന് പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആന്റിഗ്വന്‍ പൗരനെന്ന നിലയില്‍ ആ രാജ്യത്തെ നിയമത്തിന്റെ പരിരക്ഷയിലായതിനാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത് ഇയാള്‍രക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. ഇയാളെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതില്‍ ആന്റിഗ്വയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന നീരവ് മോഡിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related News