നിത്യ ചക്രവർത്തി

November 15, 2020, 5:23 am

ലാറ്റിൻ അമേരിക്കയിലെ ചുവപ്പ് പ്രതീക്ഷകൾ

Janayugom Online

ക്ടോബർ 18 ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം പാർട്ടി (മൂവിമെന്റോ അൽ സോഷ്യലിസ്മോ — എംഎഎസ്) യുടെ നേതാവ് ലുയീസ് ആർസെ ബൊളീവിയയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിലനില്ക്കുന്ന വലതുപക്ഷ ആധിപത്യത്തിൽ നിന്ന് ലാറ്റിനമേരിക്കൻ രാഷ്ട്രീയം ഇടതുപക്ഷ പാതയിലേയ്ക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്. സംയുക്ത അട്ടിമറിയെ തുടർന്ന് സ്ഥാനത്യാഗംചെയ്യേണ്ടിവന്ന പ്രസിഡന്റ് ഇവോ മൊറാലിസിന്റെ അസാന്നിധ്യത്തിലാണ് എംഎഎസ് വിജയമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബൊളീവിയയിലെയും സമീപരാജ്യങ്ങളിലെയും വൻകിട കോർപ്പറേറ്റ് മാധ്യമങ്ങൾ എംഎഎസിനെതിരെ നടത്തിയ തുടർച്ചയായ പ്രചരണങ്ങളുടെ ഫലമായിട്ടായിരുന്നു ട്രംപ് ഭരണകൂടത്തിന്റെയും സൈന്യത്തിലെ ഒരുവിഭാഗത്തിന്റെയും ഒത്താശയോടെ അട്ടിമറി സംഘടിപ്പിക്കപ്പെട്ടത്.

തൂത്തുവാരിയതിന് സമാനമായിരുന്നു എംഎഎസിന്റെ വിജയമെന്നതിനാൽ അട്ടിമറിനീക്കം ഉപേക്ഷിക്കുകയും തോൽവി സമ്മതിക്കുകയുമായിരുന്നു എതിരാളികൾ. സാമ്പത്തിക ശാസ്ത്രത്തിൽ പരിശീലനം സിദ്ധിച്ചയാളാണ് പുതിയ പ്രസിഡന്റ് ആർസെ. തന്റെ ആദ്യപ്രസംഗത്തിൽ അദ്ദേഹം ലാറ്റിൻ അമേരിക്കയിലെ ഇടതുപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളുമായുള്ള ബന്ധം നിലനിർത്തുമെന്നും ഭരണഘടനാ മൂല്യങ്ങൾ ഹനിച്ചുകൊണ്ട് വലതുപക്ഷ പാർട്ടികൾ നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മവിശ്വാസവും വാഷിങ്ടണിൽ നിന്നുള്ള തിട്ടൂരങ്ങൾക്കനുസരിച്ച് ഭരണം നടത്തിയ ജീനിൻ എസെസിന്റെ ഭരണത്തിന് കീഴിൽ തകർന്നുപോയ സ്വന്തം രാജ്യത്തെ ജനാധിപത്യശക്തികളെ ഏകോപിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസവും നിറഞ്ഞുനിന്നിരുന്നു. തകർന്നുപോയ സമ്പദ്ഘടനയെ പുനർനിർമ്മിക്കുകയെന്ന വലിയ ഉത്തരവാദിത്തത്തെ കുറിച്ച് ആർസെയ്ക്ക് നല്ല ബോധ്യമുണ്ട്.

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയും അധഃ­സ്ഥിത ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയെന്ന് ജനം തന്നെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹത്തിനറിയാം. മഹാമാരിയെയും ആഗോളമാന്ദ്യത്തെയും തുടർന്ന് ബൊളീവിയയുടെ സാമ്പത്തിക വളർച്ച 2020ൽ 11 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ തോതിലുള്ള തൊഴിൽ ശക്തി കേന്ദ്രീകരിച്ചിരിക്കുന്ന നിർമ്മാണ മേഖലയിൽ തൊഴിലില്ലായ്മാനിരക്ക് 30 ശതമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇടതുപക്ഷ പുനരുജ്ജീവന പദ്ധതികളുടെ പ്രവർത്തനക്ഷമതയെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ എംഎഎസ് സർക്കാർ ഈ ഗുരുതര പ്രശ്നങ്ങളെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

അടുത്തവർഷം ഫെബ്രുവരിയിൽ ഇക്വഡോറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയും ഇടതുപക്ഷം എളുപ്പത്തിൽ ജയിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെക്സിക്കോ, അർജന്റീന, ബൊളീവിയ എന്നിവയ്ക്ക് ശേഷം ഇക്വഡോറിലും വിജയിക്കാനായാൽ അത് മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ — പ്രത്യേകിച്ച് ബ്രസീൽ, ചിലി എന്നിവിടങ്ങളിലെ — സംഭവവികാസങ്ങളിലും അനുകൂല പ്രതിഫലനമുണ്ടാക്കുമെന്നാണ് നിഗമനം. ഒക്ടോബർ 25 ന് ചിലിയിൽ പുതിയ ഭരണഘടനയ്ക്കുവേണ്ടി നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്ക് ഉജ്ജ്വല വിജയമാണ് നേടാനായത്. ഈ വിജയം നിയമങ്ങൾ ജനങ്ങൾക്ക് അനുകൂലമായി മാറ്റിക്കൊണ്ടുള്ള ഭരണഘടനയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ രാജ്യത്തെ ഇടതു — ജനാധിപത്യവാദികളുടെയും കൂട്ടായ്മയുടെ സൂചനകളാണ് നല്കുന്നത്.

സമാനമായി ബ്രസീലിലും മുൻ പ്രസിഡന്റ് ലുലാ ഡിസിൽവയുടെ നേതൃത്വത്തിൽ വലതുപക്ഷ പ്രസിഡന്റ് ബോൾസനാരോയ്ക്കെതിരായ വർക്കേഴ്സ് പാർട്ടിയുടെ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്. ബോൾസനാരോയുടെ സമ്മതി വളരെയധികം ഇടിയുകയും ചെയ്തിരിക്കുന്നു. അതേസമയം ഭരിക്കുന്ന സർക്കാരിന്റെ ഗൂഢാലോചനകൾ കാരണം ജയിലിലാണെങ്കിലും ലുലയുടെ പ്രശസ്തി ഉയരുകയും ചെയ്യുന്നുണ്ട്. ലുലയുടെ വിമോചനത്തിനായുള്ള പ്രക്ഷോഭങ്ങൾ അന്താരാഷ്ട്ര പിന്തുണയോടെ ഉന്നതിയിലെത്തുകയും ചെയ്തിട്ടുണ്ട്. ലുല ഉടൻതന്നെ സ്വതന്ത്രനായി തങ്ങളുടെ നേതാവായി തിരിച്ചെത്തുമെന്നും നിലവിലുള്ള ബോൾസനാരോ സർക്കാരിനെതിരായ ഇടതുപക്ഷ പ്രക്ഷോഭങ്ങളെ പുതിയ തലങ്ങളിലെത്തിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ബ്രസീലിലെ ഇടതുപക്ഷം. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ നേടിയ വിജയം ലാറ്റിനമേരിക്കയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്കുന്നുണ്ട്.

ബൈഡൻ ഒബാമയുടെ നയങ്ങൾ പിന്തുടർന്നാൽ പോലും ട്രംപ് ഭരണകൂടം പിന്തുടർന്ന വഴിയെക്കാൾ അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും. ട്രംപ് ഭ്രാന്തമായ ഇടതുവിരോധിയാണെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ഭരണകൂടം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടത് ആഭിമുഖ്യമുള്ള ഭരണകൂടങ്ങൾക്കെതിരെ പരസ്യമായി വലതുപക്ഷ ശക്തികളെയും സൈന്യത്തെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസെഫിനെയും ബോളീവിയൻ പ്രസിഡന്റ് ഇവോ മൊറാലിസിനെയും പുറത്താക്കുന്നതിൽ യുഎസ് ഏജൻസികൾ സുപ്രധാന പങ്കാണ് വഹിച്ചത്. ഇന്ധന- ധാതു മേഖലകളിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ അസംസ്കൃതവസ്തുക്കളിൽ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ പ്രവർത്തന മേഖലകളിലെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ ഈ കമ്പനികൾ നിർണായക പങ്കാണ് വഹിച്ചുപോരുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തങ്ങൾക്ക് വഴങ്ങുന്ന സർക്കാരുകളുണ്ടാക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾക്ക് യുഎസിന്റെയും പെന്റഗണിന്റെയും പൂർണ പിന്തുണ ലഭിക്കുന്നുമുണ്ട്. ചില വളവു തിരിവുകളുണ്ടെങ്കിലും ആ പ്രക്രിയ തുടരുകയാണ്.

ക്യൂബയുമായി ഒരു പരിധിവരെ ഒത്തുതീർപ്പിലെത്തുന്നതിന് ഒബാമ ശ്രമം നടത്തിയെങ്കിലും ട്രംപ് അതുപേക്ഷിക്കുകയും പൂർണ ഉപരോധമെന്ന പഴയ നയത്തിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു. ലാറ്റിൻ അമേരിക്കയുമായിബന്ധപ്പെട്ട വിദേശനയത്തിന് ജോ ബൈഡൻ ഏതുവിധത്തിലാണ് രൂപം നല്കുവാൻ പോകുന്നതെന്നത് ആ രാജ്യങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ്. ലാറ്റിൻ അമേരിക്കയിൽ വ്യാപാരം നടത്തുന്നവരുടെ സംഭാവനകൾ ഡെമോക്രാറ്റിക് പാർട്ടിയിലും നിറയാറുണ്ട്. ഇടതുപക്ഷത്തോട് കർശന നിലപാടെടുക്കാനും വലതുപക്ഷത്തോട് ആഭിമുഖ്യം പുലർത്താനുമുള്ള സമ്മർദ്ദങ്ങൾ അവരുടെ ഭാഗത്തുനിന്ന് ബൈഡൻ ഭരണകൂടത്തിനുമേലുണ്ടാകുമെന്നുറപ്പാണ്.

2020ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് സെനറ്റിലും കോൺഗ്രസിലും ബേണി സാൻഡേഴ്സ് വിഭാഗത്തിന് ശക്തമായ സാന്നിധ്യമുണ്ട്. ലാറ്റിനമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലുള്ള ഏത് ഇടപെടലിനും അവർ എതിരാണ്. ഇത്തരം ഇടതു പക്ഷ വിഭാഗങ്ങൾക്ക് ബൈഡൻ ഭരണകൂടത്തിന്റെ വിദേശ നയരൂപീകരണത്തിൽ എന്തെങ്കിലും പ്രതിഫലനം ഉണ്ടാക്കുവാൻ സാധിക്കുമോയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ചുരുക്കത്തിൽ, 2018 ന് മുമ്പുള്ളതിനേക്കാൾ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതാണ്. എന്നാൽ മുമ്പ്, ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ഇടതുപക്ഷത്തിന് സമാനമായ സ്വപ്നസഞ്ചാരമുണ്ടായിരുന്നുവെങ്കിലും അത് തുടരുവാൻ സാധിച്ചില്ല.

21-ാം നൂറ്റാണ്ടിലെ ഈ മൂന്നാം ദശകത്തിൽ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന് മുന്നിൽ മറ്റൊരു വെല്ലുവിളി ഉണ്ടായിരിക്കുകയാണ്. ഈ വെല്ലുവിളിയെ നേരിടാനുള്ള സാധ്യത നേതൃത്വത്തിന്റെ കഴിവ്, ബഹുജന മുന്നേറ്റങ്ങളുടെ തീവ്രത, വലതുപക്ഷ വിരുദ്ധശക്തികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്താനുള്ള സന്നദ്ധത എന്നിവയെ ആശ്രയിച്ചായിരിക്കും. ലാറ്റിനമേരിക്കൻ രാഷ്ട്രീയ ഭൂഘടന മാറ്റുന്നതിനുള്ള ഈ അവസരം അവിടെയുള്ള ഇടതുപക്ഷം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

(ഇന്ത്യ പ്രസ് ഏജൻസി)