വീണ്ടെടുത്ത നീലാംബരികൾ

രമേശ് ബാബു
Posted on June 21, 2020, 5:40 am

രമേശ് ബാബു

സൃഷ്ടിയിലല്ല ദൃഷ്ടിയിലാണ് വ്യതിയാനം” (ഉപനിഷത്) “TRUTH IS ONLY ONE, INTERPRETATIONS ARE DIFFERENT” (FRIEDRICH NIETZSCHE)

സാർത്ഥകമായ ജീവിതത്തിന്റെ എഴുപത്തിയഞ്ചാം ആണ്ടിൽ എത്തിനിൽക്കുന്ന മലയാളിയായ വിശ്വപൗരൻ ഡോ. മാധവൻ വി പിള്ള എന്ന ഡോ. എം വി പിള്ള തന്റെ ജീവിതദർശനങ്ങളുടെ സാരാംശത്തെ പ്രതിഫലിപ്പിക്കുന്നത് മേൽചൊന്ന ഉദ്ധരണികളിലൂടെയാണ്. കൈനിക്കര പദ്മനാഭപിള്ള,കൈനിക്കര കുമാരപിള്ള, കൈനിക്കര മാധവൻ പിള്ള എന്നിവരുടെ പിൻതലമുറക്കാരനും അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രഫസറും ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ധനും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവും സാഹിത്യകാരനും പംക്തികാരനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും സൂക്ഷ്മദൃക്കായ വായനക്കാരനുമൊക്കെയായ ഡോ. എം വി പിള്ള ലോകത്തെ ധൈഷണിക സമൂഹത്തിന് സുപരിചിതനാണ്. ഈ ലോകപ്രശസ്ത മലയാളിക്ക് കേരളത്തിൽ മറ്റൊരു വിലാസം കൂടിയുണ്ട്- പ്രശസ്ത നടൻമാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും മാതൃസഹോദരൻ എന്നതാണത്. കഴിഞ്ഞ 44 വർഷമായി അമേരിക്കയിൽ സകുടുംബം വസിക്കുന്ന അദ്ദേഹം മലയാള നാടിനേയും സാഹിത്യത്തെയും സംസ്കാരത്തെയും സൗഹൃദങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്നു. മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ പേഴ്സണൽ ഡോക്ടറായിരുന്ന ഡോ. പിള്ള കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒട്ടേറെ നേതാക്കളുടെ ശുശ്രൂഷകനും വൈദ്യോപദേഷ്ടാവുമാണ്. ചികിത്സ തേടി അമേരിക്കയിലേക്ക് പോകുന്ന നേതാക്കന്മാരുടെ മാർഗദർശിയുമാണ്.

ഇത്രയും തിരക്കേറിയ ജീവിതത്തിനിടയിലും ലോക സാഹിത്യത്തിലും പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും അദ്ദേഹം നേടിയിട്ടുള്ള അവഗാഹം അതിശയിപ്പിക്കുന്നതാണ്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഒരു സംരംഭത്തിന്റെ സാക്ഷാത്ക്കാര നിയോഗവുമായാണ് അദ്ദേഹം അമേരിക്കയിൽ നിന്ന് ഹ്രസ്വസന്ദർശനത്തിന് ഇത്തവണയെത്തിയത്. തിരുവനന്തപുരത്തെ ഗോൾഫ് ലിങ്കിലെ ഫ്ലാറ്റിൽ ലോക്ഡൗണിൽ കുടുങ്ങിപ്പോയ സമയം സന്തോഷത്തോടെ സൗഹൃദങ്ങളുമായി പങ്കുവച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. വൈറസുകളുടെ രൂപാന്തരങ്ങളെക്കുറിച്ചും ജന്യരോഗങ്ങളെക്കുറിച്ചും പഠനഗവേഷണങ്ങൾ നടത്തുന്ന ലോകത്തെ ഏറ്റവും ഉന്നത സ്ഥാപനങ്ങളായ ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ ഉപദേഷ്ടാവും ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കോവിഡ് റിസോഴ്സ് സെന്ററിന്റെ ഭാഗഭാക്കുമായ ഡോ. എം വി പിള്ളയ്ക്ക് കൊറോണ വൈറസ് ലോക്ഡൗണിലൂടെ മടക്കയാത്രാ തടസം സൃഷ്ടിച്ചപ്പോൾ അത് കടുവയെ കിടുവ പിടിച്ചതുപോലെയായി. എന്നാൽ കേരളത്തിൽ വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പഠനഗവേഷണങ്ങൾക്കായി ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ അനുബന്ധ സ്ഥാപനമായി അന്താരാഷ്ട്ര നിലവാരത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാനാണ് ഡോ. പിള്ളയുടെ ആഗമനോദ്ദേശ്യമെന്ന് കിടുവകൾ അറിയാനിരിക്കുന്നതേയുള്ളു. ഡോ. എം വി പിള്ളയുടെ സാന്നിധ്യം സംസ്ഥാനത്തിന് നേട്ടമാവുമ്പോൾ തന്നെ അദ്ദേഹത്തെ സംബന്ധിച്ച് ഈ വേള നഷ്ടപ്പെട്ട നീലാംബരികളെ വീണ്ടെടുക്കലുമാണ്. (നഷ്ടപ്പെട്ട നീലാംബരികളെക്കുറിച്ച് ഒരു ലേഖനത്തിൽ അദ്ദേഹം ഈയിടെ പരാമർശിച്ചിരുന്നു). എഴുപത്തിയഞ്ചാം വയസുവരെ അദ്ദേഹത്തെ രണ്ട് നഷ്ടബോധങ്ങളാണ് അലട്ടിയിരുന്നത്.

ഒന്ന് ലോകപ്രശസ്ത ഭിഷഗ്വരൻ ആയിട്ടും തൊഴിലിൽ ഔന്നത്യങ്ങൾ കീഴടക്കിയിട്ടും സ്വന്തം നാടിന് വേണ്ടി ഈ ദിശയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടം. രണ്ടാമത്തേത് കൈനിക്കര സാഹിത്യ തറവാട്ടിലെ അംഗമെന്ന നിലയിലും കേരളത്തിലെ മിക്ക സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന, പ്രധാനകൃതികളെല്ലാം വായിച്ചിട്ടുള്ള സാഹിത്യ തല്പരൻ എന്ന നിലയിലും ഒരു സൃഷ്ടിപോലും പ്രസിദ്ധം ചെയ്യാത്തതിലുള്ള ദുഃഖം. രണ്ടിനും ഈ സന്ദർശനത്തിൽ പരിഹാരമായിരിക്കുകയാണ്. ഒരു ദിവസം ഡോ. എം വി പിള്ളയുടെ ഫോണിലേക്ക് ഒരു വിളിയെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്നാണ്. കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് സന്ദേശം. വൈറസ് രോഗങ്ങൾ സംസ്ഥാനത്ത് നിരന്തര ആക്രമണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യത്തിൽ അവയെ ചെറുക്കുന്ന പഠനഗവേഷണങ്ങൾക്കായി അന്തർദേശീയ നിലവാരത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നതാണ് ആവശ്യം. മുൻപ് കേരളത്തിൽ ഇത്തരമൊരു സ്ഥാപനത്തിന്റെ ആവശ്യകത അധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതിന് പഴികേൾക്കുകയും സമയ-ധന നഷ്ടങ്ങൾ അനുഭവിക്കുകയും ചെയ്ത എം വി പിള്ളയ്ക്ക് മുഖ്യമന്ത്രിയുടെ ആവശ്യത്തോട് അത്ര വലിയ പ്രതിപത്തിയൊന്നും ആദ്യം തോന്നിയില്ല.

കാരണം ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഡോ. പിള്ള നായനാരോട് സൂചിപ്പിച്ചിരുന്നു. നാട്ടിൽ വൈറസ് രോഗങ്ങൾ തലനീട്ടുകയും മാരകമാവുകയും ചെയ്തിരുന്ന കാലമായതിനാൽ നായനാർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യകത ബോധ്യമാവുകയും ചെയ്തു. ഡോ. എം വി പിള്ളയുടെ ഉത്സാഹത്തിൽ ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റി അധികൃതർ നായനാരെ ക്ഷണിക്കുകയും സന്ദർശനത്തിനെത്തിയ അദ്ദേഹത്തിന് നല്ല സ്വീകരണമൊരുക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയ നായനാർ കൂടുതൽ പഠിക്കാനായി ഒരു വിദഗ്ധ സമിതിയെ വീണ്ടും ചെല്ലും ചെലവും കൊടുത്ത് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. തിരികെ വന്നവർ റിപ്പോർട്ടും സമർപ്പിച്ചു. ജോൺഹോപ്കിൻസിന്റെ അനുബന്ധ സ്ഥാപനം കേരളത്തിൽ വരുമെന്ന വാർത്തയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്കാലത്തെയും ഉന്നതനായ പ്രിൻസിപ്പൽ ഡോ. തങ്കവേലുവിനെ പോലുള്ള സമൂഹസ്നേഹികൾ തുറന്ന മനസോടെയാണ് സ്വീകരിച്ചത്. കാരണം എച്ച്ഐവി വൈറസ് കണ്ടുപിടിച്ച റോബർട്ട് ഗാലോ, അദ്ദേഹത്തിന്റെ വലം കൈയായ മലയാളി ആലുവാക്കാരൻ ഡോ. ശാർങ് ഗധരൻ, വില്യംഹാൾ (ലോകം ഇനി നശിക്കാൻ പോകുന്നത് ആണവായുധങ്ങൾ കൊണ്ടാവില്ല, വൈറസ് മഹാമാരികൾ കൊണ്ടാവും എന്ന് 2011 ൽ തന്നെ ദീർഘദർശനം ചെയ്ത ശാസ്ത്രജ്ഞൻ) എന്നീ ഗവേഷകരുടെ അറിവും വൈദഗ്ധ്യവും കേരളത്തിനു കൂടി ലഭിക്കുമെന്നുള്ളതുകൊണ്ടായിരുന്നു അത്.

എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് കൂടുതൽ ചർച്ചയ്ക്ക് വന്നപ്പോൾ കേരളത്തിലെ അന്നത്തെ മൂന്ന് ബുദ്ധിജീവികൾ (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല) അമേരിക്കൻ സ്ഥാപനത്തിന്റെ വരവിനെ നഖശിഖാന്തം എതിർത്തു. അമേരിക്കയുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്നും കേരളത്തിന്റെ ജൈവ മേഖലയെ അമേരിക്കൻ സ്ഥാപനത്തിന് തീറെഴുതുകയായിരിക്കും ഫലം എന്നൊക്കെയായിരുന്നു എതിർവാദങ്ങൾ. മൂന്നാറിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സ്ഥാപനം യാഥാർത്ഥ്യമായിരുന്നെങ്കിൽ മൂന്നാറിൽ അവർ എംബിഎച്ച് കോഴ്സുകൾ ആരംഭിച്ചേനെ. ലോകത്തെ ഏറ്റവും മികച്ച കുറെ ഡോക്ടർമാരെ ഓരോ വർഷവും മലയാളികളിൽ നിന്ന് വാർത്തെടുക്കാൻ കഴിയുമായിരുന്നു. മാത്രമല്ല ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന കൊറോണ വെല്ലുവിളികളെ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ ലോകത്തിന് മുഴുവൻ മാതൃകയാകുന്ന തരത്തിൽ പ്രതിരോധിക്കാനും കഴിഞ്ഞേനെ. “എന്റെ ശത്രുക്കളുടെ ആക്രോശങ്ങളെക്കാൾ എന്നെ ഭയപ്പെടുത്തുന്നത് എന്റെ മിത്രങ്ങളുടെ നിശബ്ദതയാണ്” എന്ന വചനമാണ് പദ്ധതി നടക്കാതായപ്പോൾ മനസിൽ നിറഞ്ഞതെന്ന് എം വി പിള്ള പറയുന്നു. ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യകത അദ്ദേഹത്തോടും ഒരവസരത്തിൽ എം വി പിള്ള സൂചിപ്പിച്ചെങ്കിലും താല്പര്യമെടുത്തില്ല.

കേരളത്തിൽ സാർസും നിപയും പ്രത്യക്ഷപ്പെടുകയും ജീവനുകൾ പൊലിയുകയും ചെയ്തപ്പോഴൊക്കെ രാജ്യാന്തര നിലവാരത്തിലുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നഷ്ടപ്പെട്ട നീലാംബരിയായി ഡോ. എം വി പിള്ളയുടെ മനസിൽ നിറഞ്ഞു. സാർസ്, നിപ, വൈറസുകൾക്ക് പിന്നാലെ കൊറോണയുടെ ആവിർഭാവവും ലോകം അറിഞ്ഞു തുടങ്ങുന്ന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. എം വി പിള്ളയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തിനായി ക്ഷണിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്ന കാര്യത്തിനപ്പുറം യാതൊരു സ്ഥാനമാനങ്ങളും ആവശ്യമില്ലാത്ത എം വി പിള്ളയുടെ എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രി നേരിട്ടുതന്നെ നടപ്പാക്കുകയായിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിനടുത്ത് ഇരുപത്തിയഞ്ചിലേറെ ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യാഥാർത്ഥ്യമാകുകയാണ്. ഓപ്പൺ മെറിറ്റിലാണ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നിയമനം. “ഒരു നല്ല ഭരണാധികാരിയുടെ ലക്ഷണം ഒരു നാടിന് എന്തുവേണമെന്ന് കണ്ടെത്തി അത് നടപ്പാക്കാനുള്ള ധൈര്യവും ആർജ്ജവവും പ്രകടിപ്പിക്കുക എന്നതാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഈ ഗുണങ്ങൾ വേണ്ടുവോളമുണ്ട്”- ഡോ. പിള്ള സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് മഹാമാരികൾ പടർന്നുപിടിക്കുമ്പോൾ ലോകാരോഗ്യ സംഘടനയിലേക്കും അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവിടങ്ങളിലേക്കുമാണ് പരിഹാരത്തിനായി ഉറ്റുനോക്കിയിരുന്നത്. കൊറോണ വ്യാപനം രണ്ട് സ്ഥാപനങ്ങളെയും അപ്രസക്തമാക്കിയിരിക്കുകയാണ്.

അമേരിക്കയെ രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ ആരും ഗൗനിക്കുന്നുപോലുമില്ല. എന്നാൽ ഇക്കാര്യത്തിൽ വലിയ ഗവേഷണങ്ങൾ നടക്കുന്നത് ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കോവിഡ് റിസോഴ്സ് സെന്ററിലാണ്. അമേരിക്കയുൾപ്പെടെ ലോകമെമ്പാടും ഈ സ്ഥാപനത്തിന് 54 സെന്ററുകളുണ്ട്. നൂറ് ശതമാനം ശാസ്ത്രീയവും സംയോജിതവുമാണ് അതിന്റെ പ്രവർത്തനങ്ങൾ. ഇന്ത്യയുടെ വൈറോളജി പഠനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രധാന കേന്ദ്രമായിമാറും തോന്നയ്ക്കലിലെ സ്ഥാപനം. ഐഎസ്ആർഒയ്ക്ക് സമാനമാകും ഇതിന്റെ വളർച്ച. നഷ്ടപ്പെട്ടുപോകുമായിരുന്ന ഒരു നീലാംബരിയെ വീണ്ടെടുത്ത ചാരിതാർത്ഥ്യത്തോടെ പിള്ള പറയുന്നു. നാല്പത്തിനാലിലേറെ വർഷങ്ങളായി വിദേശത്ത് താമസിക്കുമ്പോഴും മലയാളഭാഷയേയും സാഹിത്യത്തെയും നെഞ്ചോട് ചേർത്ത തനിക്ക് ഒരു രചന പോലും നടത്താനായില്ലല്ലോ എന്ന സങ്കടം ‘സ്നേഹചൊവ്വ’, ‘പെൺജന്മപുണ്യങ്ങൾ’ എന്നീ പുസ്തകങ്ങളിലൂടെ പരിഹരിക്കപ്പെടുകയാണ്. സഹസ്രാബ്ദസംഗമകാലത്ത് മലയാള മനോരമ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ‍ നിന്ന് അഞ്ച് വ്യക്തികളെ പംക്തിയെഴുതാൻ ക്ഷണിച്ചിരുന്നു. അതിൽ ചൊവ്വാഴ്ച ദിവസം ഡോ. എം വി പിള്ളയ്ക്കായാണ് നീക്കിവച്ചിരുന്നത്. സക്കറിയ, നടൻ മുരളി, സേതു, മെഴ്സി രവി എന്നിവരായിരുന്നു മറ്റ് ദിവസങ്ങൾ പങ്കിട്ടിരുന്നത്.

‘സ്നേഹചൊവ്വ’ എന്ന ആ പംക്തിയാണ് അതേ പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. ഗൃഹലക്ഷ്മിയിൽ ‘അങ്ങും ഇങ്ങും’ എന്ന പേരിൽ ഡോ. എം പി പിള്ള എഴുതിയിരുന്ന പംക്തി. ‘പെൺജന്മ പുണ്യങ്ങൾ’ എന്ന പേരിൽ മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കുന്നു. നടൻ മോഹൻലാലാണ് അവതാരിക എഴുതിയിരിക്കുന്നത്. തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലം മുതൽ നടൻ മോഹൻലാലിന്റെ മുടവൻ മുകളിലുള്ള കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എം വി പിള്ള മോഹൻലാലുമായും ആ ബന്ധം തുടരുന്നു. ‘ജോലിയോട് നൂറു ശതമാനം പ്രതിബദ്ധത കാട്ടുന്ന വ്യക്തികളുടെ ഉന്നത മാതൃകയാണ് മോഹൻലാൽ, ജീവിത വിജയം എങ്ങനെ ഗുരുത്വവും വിനയവും കൂട്ടുന്നുവെന്നതും മോഹൻലാലിൽ നിന്ന് പഠിക്കേണ്ടതാണ്. ’ ഡോക്ടർ വിലയിരുത്തുന്നു. ഭാര്യ പത്മജ, കോർപ്പറേറ്റ് ലോയേഴ്സ് ആയ മക്കൾ പ്രീത, വിനായകൻ, പേരക്കുട്ടികൾ എന്നിവർക്കൊപ്പം അമേരിക്കയിൽ വസിക്കുന്ന ഡോ. എം വി പിള്ളയ്ക്ക് യുവജനങ്ങളോട് പറയുവാനുള്ളത് ‘ഉൽക്കടമായി ആഗ്രഹിച്ചാൽ നടക്കാത്തതൊന്നുമില്ല’ എന്നാണ്. ലോകമാസകലം ഇന്ന് ആയിരക്കണക്കിന് അവസരങ്ങളാണ് യുവജനതയ്ക്ക് മുന്നിൽ തുറന്നുകിടക്കുന്നത്. കണ്ടെത്തുക, എത്തിച്ചേരുക’.